02 June Friday

ഉത്തരേന്ത്യയിൽ അടിപതറി ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Mar 16, 2018


ത്രിപുരയിലെ 'പ്രത്യയശാസ്ത്ര' വിജയത്തെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പ്രതികരണംപോലുമില്ല. കാരണം അത്രമാത്രം ദയനീയമായിരുന്നു ഹിന്ദി ഹൃദയഭൂമിയിലെ പരാജയം. ഉത്തർപ്രദേശിൽ 80ൽ 73 സീറ്റ് കിട്ടിയതുകൊണ്ടുമാത്രമാണ് നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞത്. അവിടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപി ദയനീയമായി തോറ്റത്.  മോഡി കഴിഞ്ഞാൽ ബിജെപിയുടെ താരപ്രചാരകനാണ് ഗോരഖ്പുർ മഠാധിപതികൂടിയായ ആദിത്യനാഥ്. ഗുജറാത്തിലും ത്രിപുരയിലും മാത്രമല്ല, ഇപ്പോൾ കർണാടകയിലും പ്രചാരണത്തിലാണ് ആദിത്യനാഥ്. എന്നാൽ, സ്വന്തം തട്ടകം സംരക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 1989 മുതൽ ഈ മണ്ഡലത്തിൽ ജയിക്കുന്നത് ബിജെപിയാണ്. 1991 മുതൽ ആദിത്യനാഥും. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫുൽപുർ മണ്ഡലത്തിലും ബിജെപി തോറ്റു. ഉത്തർപ്രദേശിന്റെ പരിച്ഛേദമാണ് ഈ രണ്ടു മണ്ഡലവും. 325 സീറ്റുമായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് കണ്ണഞ്ചിക്കുന്ന വിജയം നേടി ഒരുവർഷം പൂർത്തിയാകുന്ന വേളയിലാണ് ബിജെപിക്ക് അടിപതറുന്നത്. ഗോരഖ്പുരിൽ തോറ്റ സ്ഥിതിക്ക് ബിജെപിക്ക് യുപിയിൽ ഒരു സീറ്റും ഉറപ്പിക്കാനാകില്ലെന്ന് സാരം.

കാൽനൂറ്റാണ്ടിനുശേഷം ആദ്യമായി സമാജ്വാദി പാർടിയും ബഹുജൻ സമാജ് പാർടിയും കൈകോർത്തതാണ് ബിജെപിയുടെ പരാജയത്തിനുള്ള പ്രധാന കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽനിന്ന് 20 ശതമാനത്തോളം വോട്ട് ലഭിച്ചെങ്കിലും ഒരു സീറ്റുപോലും നേടാൻ ബിഎസ്പിക്ക് കഴിഞ്ഞില്ല. ദളിത് രാഷ്ട്രീയനേതാവ് എന്ന സ്ഥാനംപോലും മായാവതിക്ക്് നഷ്ടമാകുകയാണോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നു. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയും പശ്ചിമ ഉത്തർപ്രദേശിൽ ചന്ദ്രശേഖറും പുതിയ ദളിത്മുഖങ്ങളായി ഉയർന്നുവന്നതാണ് ഇത്തരം സംശയങ്ങൾ ഉയർത്തിയത്. ഒരു രാഷ്ട്രീയപാർടിയെന്ന നിലയിലുള്ള നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ബദ്ധവൈരിയായ എസ്പിയുമായി ധാരണയിലെത്താൻ മായാവതി തയ്യാറായത്. ബാബ്റി മസ്ജിദ് തകർത്തയുടൻ 1993ൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്പി‐ ബിഎസ്പി സഖ്യം നിലവിലുണ്ടായിരുന്നു. എന്നാൽ, രണ്ടുവർഷംകൊണ്ട് അത് തകർന്നു. മായാവതിയെ ഗസ്റ്റ്ഹൗസ് മുറിയിൽ അടച്ചിട്ട് കൈയേറ്റംചെയ്യാൻ എസ്പി പ്രവർത്തകർ ശ്രമിച്ചുവെന്ന കാരണം പറഞ്ഞാണ് മായാവതി ഈ സഖ്യത്തിൽനിന്ന് പിന്മാറിയത്. അതിനുശേഷം ആദ്യമായാണ് എസ്പിയും ബിഎസ്പിയും ഒരു തെരഞ്ഞെടുപ്പിൽ സഹകരിക്കുന്നത്. മുലായംസിങ് യാദവ് മാറി അഖിലേഷ് യാദവ് എസ്പിയുടെ നേതൃത്വം ഏറ്റെടുത്തതും പുതിയ സഖ്യത്തിന് വഴിയൊരുക്കുന്നതിൽ പ്രധാന ഘടകമാണ്. ബിജെപിഭരണം മാറണമെന്ന് എസ്പിയേക്കാൾ ആവശ്യം ദളിതർക്കായിരുന്നു. അവരാണ് ഗോസംരക്ഷണത്തിന്റെയും ലൗ ജിഹാദിന്റെയും പേരിൽ സംഘപരിവാർ ആക്രമണത്തിന് ഇരയായത്. വീടുകളിൽ കയറിയിറങ്ങി ബിഎസ്പി പ്രവർത്തകർ എസ്പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ബിഎസ്പിക്കുകൂടി സ്വീകാര്യനായ മുക്കുവ സമുദായക്കാരനെ  ഗോരഖ്പുരിൽ എസ്പി സ്ഥാനാർഥിയാക്കിയതും ബിജെപിയുടെ പരാജയത്തിന് ആക്കം വർധിപ്പിച്ചു. നിശ്ചയിക്കുന്നിടത്തേക്ക്് വോട്ട് മാറ്റാൻ കഴിയുമെന്ന് മായാവതി ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം ആവർത്തിക്കുന്നപക്ഷം ബിജെപിക്ക് വിജയം എളുപ്പമാകില്ല. യുപിയിൽ സീറ്റ് കുറഞ്ഞാൽ അത് പരിഹരിക്കാൻ ബിജെപി വിയർക്കും.

ബിജെപിക്കെതിരെ വിശാലസഖ്യത്തെക്കുറിച്ച് ആവർത്തിക്കുന്ന കോൺഗ്രസ് യുപിയിൽ എസ്പി‐ ബിഎസ്പിക്ക് പിന്തുണ നൽകുന്നതിനുപകരം തനിച്ചാണ് മത്സരിച്ചത്. രണ്ടു മണ്ഡലങ്ങളിലും ബ്രാഹ്മണ സ്ഥാനാർഥികളെ നിർത്തി ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. രണ്ടിത്തും കെട്ടിവച്ച കാശ് നഷ്ടമായി. 

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുഖം നഷ്ടപ്പെട്ടതെങ്കിൽ ബിഹാറിൽ നിതീഷ്കുമാറിനാണ് മുഖമടച്ച് അടി ലഭിച്ചത്. ആർജെഡിയും കോൺഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബിജെപി സഖ്യത്തിലേക്ക് നിതീഷ് മടങ്ങിയതിനുശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പുകളായിരുന്നു ബിഹാറിലേത്. കാലിത്തീറ്റ കേസിൽ ലാലുവിനെ ജയിലിലടച്ചിട്ടും തെരഞ്ഞെടുപ്പിൽ ആർജെഡിയെ പരാജയപ്പെടുത്താൻ നിതീഷ്‐ ബിജെപി സഖ്യത്തിന് കഴിഞ്ഞില്ല. സീമാഞ്ചലിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ അരാരിയയിൽ ആർജെഡി സ്ഥാനാർഥി കഴിഞ്ഞതവണ നേടിയതിനേക്കാൾ എട്ട് ശതമാനം വോട്ട് അധികം നേടിയാണ് വിജയിച്ചത്. ജഹാനാബാദ് നിയമസഭാമണ്ഡലവും ആർജെഡി നിലനിർത്തി. ഭാബുവ മണ്ഡലം നിലനിർത്താനായതുമാത്രമാണ് ബിജെപിക്ക് ആശ്വാസം നൽകുന്നത്. അതായത് നിതീഷിന്റെ തിരിച്ചുവരവ് ബിജെപിക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നർഥം.

ലാലുവിന്റെ അഭാവത്തിൽ മകൻ തേജസ്വിനി യാദവാണ് ആർജെഡിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ഈ പുതിയ നേതാവിന്റെ ഉദയവും നിതീഷിന് വെല്ലുവിളിയാണ്. ന്യൂനപക്ഷവും യാദവരും ലാലുവിന്റെ പിന്നിൽ വർധിച്ച തോതിൽ അണിനിരന്നുവെന്നുമാത്രമല്ല, നിതീഷിന്റെ പിന്നിൽ അണിനിരന്ന മഹാദളിതരിൽ ഒരു വലിയ വിഭാഗം ഇക്കുറി ലാലുവിനെ പിന്തുണച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തുടർച്ചയായ തോൽവി ആ കക്ഷിക്ക് ലോക്സഭയിലുണ്ടായ തനിച്ചുള്ള കേവലഭൂരിപക്ഷവും നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. രാജ്യമാകെ പ്രത്യേകിച്ചും ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരായ രോഷം ശക്തമാകുകയാണെന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോൽവി വ്യക്തമാക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top