05 June Monday

ഗുജറാത്തിൽ വർഗീയത ആവർത്തിച്ച്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്‌  തിങ്കളോടെ പൂർത്തിയാകും. എട്ടിനാണ്‌ ഫലം പുറത്തുവരിക. ഹിമാചൽ തെരഞ്ഞെടുപ്പിന്റെ  ഫലവും അന്നാണ്‌ പുറത്തുവരിക. രണ്ടിടത്തും ഭരണകക്ഷിയായ ബിജെപിക്ക്‌ തിരിച്ചടിയുണ്ടായാൽ അത്‌ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവരെ ദോഷകരമായി ബാധിക്കും. ഇതിൽ ബിജെപിയെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനം ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ഫലംതന്നെയാണ്‌.

മൂന്ന്‌ ദശാബ്ദത്തോളമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അതുകൊണ്ടുതന്നെ ഭരണവിരുദ്ധവികാരം ഇവിടെ ശക്തമാണ്‌. വിലക്കയറ്റം, തൊഴിലില്ലായ്‌മ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന എന്നിവയെല്ലാം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. എന്നാൽ, അത്‌ രാഷ്ട്രീയ പ്രചാരണമാക്കാൻ  മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്‌ കഴിഞ്ഞില്ല. പ്രചാരണരംഗത്ത്‌ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു. കോൺഗ്രസിന്‌ നേതൃത്വം നൽകുന്ന ഗാന്ധി കുടുംബം ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനെ  പൂർണമായും അവഗണിച്ചു. ഒരു ദിവസം മാത്രമാണ്‌ രാഹുൽ ഗാന്ധി പ്രചാരണത്തിന്‌ എത്തിയത്‌. പ്രിയങ്ക ഗാന്ധിയാകട്ടെ ഗുജറാത്തിലേക്ക്‌ പോയതേയില്ല. ബിജെപി ജയിച്ചോട്ടെ എന്ന നിസ്സംഗഭാവമാണ്‌ കോൺഗ്രസിന്റേത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ്‌ നേടി തിരിച്ചുവരവിന്റെ ലാഞ്‌ഛന കാട്ടിയ കോൺഗ്രസ്‌ ആ മുന്നേറ്റം കളഞ്ഞുകുളിക്കുന്ന രീതിയിലാണ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. 27 വർഷമായി പ്രതിപക്ഷത്തിരുന്നിട്ടും ഭരണം തിരിച്ചുപിടിക്കാനുള്ള വീറുംവാശിയും കാട്ടാതെ ബിജെപിക്കു മുമ്പിൽ പകച്ചുനിൽക്കുന്ന കോൺഗ്രസിനെയാണ്‌ ഇക്കുറി ഗുജറാത്തിൽ കണ്ടത്‌.

ആം ആദ്‌മി പാർടി (ആപ്‌)യുടെ രംഗപ്രവേശമാണ്‌ ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സൂറത്തിൽ നേടിയ അപ്രതീക്ഷിത മുന്നേറ്റമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്‌ക്കാൻ ആംആദ്‌മി പാർടിക്ക്‌ കരുത്തുനൽകിയത്‌. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ വിഴുങ്ങിയാണ്‌ ആംആദ്‌മി പാർടി അധികാരത്തിലെത്തിയത്‌. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക്‌ ഭീഷണി ഉയർത്തുകയാണ്‌ ആപ്‌. സമാനസ്ഥിതി ഗുജറാത്തിലും ആവർത്തിക്കുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌. കോൺഗ്രസിനെ പിന്തള്ളി ആം ആദ്‌മി പാർടി പ്രതിപക്ഷ സ്ഥാനം കൈയടക്കുമെന്ന്‌ പറയാനാകില്ലെങ്കിലും ഏതാനും സീറ്റുകൾ നേടിയാൽപ്പോലും അത്‌ ഗുജറാത്തിൽ ചുവടുറപ്പിക്കാൻ ആംആദ്‌മി പാർടിയെ സഹായിക്കും.

ആം ആദ്‌മി പാർടിയുടെ വളർച്ച കോൺഗ്രസിനെപ്പോലെ തന്നെ ബിജെപിക്കും ആശങ്കയുണർത്തുന്നതാണ്‌. ഇക്കുറി ബിജെപി അവരുടെ പ്രചാരണത്തിന്റെ കുന്തമുന കോൺഗ്രസിനെതിരെയല്ല മറിച്ച്‌ ആപ്പിനെതിരെയാണ്‌ തിരിച്ചുവിട്ടത്‌. ആപ്പിന്റെ മുഖമുദ്ര അഴിമതിയാണെന്ന്‌ വരുത്തിത്തീർക്കാൻ വിയർക്കുന്ന ബിജെപിയെയാണ്‌ പ്രചാരണരംഗത്ത്‌ കണ്ടത്‌. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയംതന്നെ ഉയർത്തിപ്പിടിച്ച്‌ ഗുജറാത്തിൽ സ്വാധീനം ഉറപ്പിക്കുന്ന ആപ്‌, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാതിരിക്കാനാണ്‌ പ്രധാനമന്ത്രി ഒരു സംസ്ഥാന നേതാവിനെപ്പോലെ ഗുജറാത്തിൽ കേന്ദ്രീകരിച്ച്‌ പ്രചാരണം നടത്തിയത്‌. എന്നാൽ, കോൺഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ച്‌ ബിജെപിയെ സഹായിക്കാനാണ്‌ ആപ്‌ രംഗപ്രവേശം ചെയ്‌തിരിക്കുന്നതെന്നാണ്‌ കോൺഗ്രസിന്റെ ആക്ഷേപം. ആപ്പിന്റെ രംഗപ്രവേശം കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ  ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.

പതിവിൽനിന്നും വ്യത്യസ്‌തമായി ഭരണനേട്ടത്തിന്റെ പേരിൽ ബിജെപി വോട്ട്‌ തേടാത്തത്‌ ഭരണപരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു. 141 പേരുടെ ജീവനപഹരിച്ച മോർബി ദുരന്തംതന്നെ ഭരണപരാജയത്തിന്റെ സാക്ഷ്യപത്രമാണ്‌. അതിനാലാണ്‌ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വർഗീയധ്രുവീകരണം ലക്ഷ്യമാക്കിയുള്ള കടുത്ത വർഗീയ പ്രചാരണത്തിലേക്ക്‌ ബിജെപി നേതാക്കൾ നീങ്ങിയത്‌. 2002ൽ നടന്ന ഗുജറാത്ത്‌ കലാപത്തെ  ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ വോട്ട്‌ തേടിയതുതന്നെ ഉദാഹരണം. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന മോദി കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചെന്നും അതുകൊണ്ടാണ്‌ ശാശ്വതസമാധാനം സംസ്ഥാനത്ത്‌ കൈവരിക്കാനായതെന്നുമാണ്‌ അമിത്‌ ഷാ പ്രസംഗിച്ചത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമായിട്ടും അമിത്‌ ഷായ്ക്കെതിരെ ചെറുവിരൽപോലും അനക്കാൻ തെരഞ്ഞെടുപ്പുകമീഷൻ തയ്യാറായില്ല.  തെരഞ്ഞെടുപ്പുഫലം എന്തായാലും ഗുജറാത്ത്‌ രാഷ്ട്രീയത്തിൽ അത്‌ പുതുചലനങ്ങൾ സൃഷ്ടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top