28 March Tuesday

കുഴൽപ്പണ അന്വേഷണം കൃത്യമായ ദിശയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച്‌ കേരളത്തിലേക്ക്‌ വൻതോതിൽ കുഴൽപ്പണം കടത്തിയ കേസിൽ ബിജെപി നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ പൊലീസിന്‌ ലഭിച്ചു. തുടക്കത്തിൽ, ഒരു ദേശീയ പാർടി തെരഞ്ഞെടുപ്പു ചെലവിലേക്കായി കൊണ്ടുപോകുന്ന പണം വഴിമധ്യേ കവർച്ച ചെയ്യപ്പെട്ടുവെന്ന നിലയിൽ പ്രചരിച്ച സംഭവം, ദേശീയതലത്തിൽത്തന്നെ ബിജെപിയെ ഊരാക്കുടുക്കിലാക്കിയിരിക്കുന്നു. കേസ്‌ അന്വേഷിക്കുന്ന കേരള പൊലീസ്‌ പഴുതടച്ചാണ്‌ നീങ്ങുന്നത്‌. തൃശൂരിൽ കൊള്ള ചെയ്യപ്പെട്ട പണം വന്നത്‌ ബിജെപി ഭരിക്കുന്ന കർണാടകത്തിൽനിന്നാണ്‌. അത്‌ ഏറ്റുവാങ്ങാൻ പോയത്‌ ബിജെപി യുവജനവിഭാഗം നേതാവാണ്‌. വഴിമധ്യേ താമസമൊരുക്കിയത്‌ ബിജെപിയുടെ ജില്ലാകമ്മിറ്റി ഓഫീസിൽനിന്നാണ്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെ പലതട്ടിലുള്ള നേതാക്കൾ പണം കടത്തുന്നവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിൽ പ്രതികളെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുണ്ട്‌. ബിജെപി നേതാക്കളെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച മൊഴികളുണ്ട്‌. ഇതെല്ലാം ശരിവയ്‌ക്കുന്ന ഫോൺരേഖകളും ശാസ്‌ത്രീയ തെളിവുകളും പൊലീസ്‌ ശേഖരിച്ചുകഴിഞ്ഞു. സ്ഥാനാർഥിയെ പിൻമാറ്റാൻ പണം നൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുക്കാൻ കോടതി ഉത്തരവും വന്നു.

അന്വേഷണം ശരിയായദിശയിൽ മുന്നോട്ടുപോകുകയാണെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മുഖ്യമന്ത്രി മറുപടി നൽകി. ഇതിനകം അറസ്‌റ്റിലായ 20 പ്രതികൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്‌. 96 സാക്ഷികളിൽനിന്ന്‌ മൊഴിയെടുത്തു. കുഴൽപ്പണം കടത്തിന്‌ ചുക്കാൻപിടിച്ച ധർമരാജനെ അറിയില്ലെന്ന നിലപാടുമാറ്റി, പാർടിക്കാരനായതിനാലാണ്‌ അയാളെ നിരന്തരം വിളിച്ചതെന്ന്‌ ബിജെപി ഉന്നത നേതാക്കൾതന്നെ വ്യക്തമാക്കി. ഏതാനും വ്യക്തികളുടെ രഹസ്യ ഇടപാടല്ല, മറിച്ച്‌ പാർടിക്കുള്ളിൽ മുഴുവൻ അറിയുന്ന, ഉന്നത നേതാക്കൾക്ക്‌ നേരിട്ടുപങ്കാളിത്തമുള്ള വലിയ ക്രിമിനൽ കുറ്റമാണ്‌ കൊടകര കവർച്ചക്കേസിലൂടെ പുറത്തുവന്നിരിക്കുന്നത്‌. കുഴൽപ്പണം ഇടപാടിലെ ചെറുകണ്ണികൾ മാത്രമാണ്‌ പിടിയിലായത്‌. വമ്പന്മാർ കുടുങ്ങാനിരിക്കുന്നതേയുള്ളൂ. മദ്യ, ഖനി മാഫിയകൾക്ക്‌ പേരുകേട്ട കർണാടക ഇപ്പോൾ ബിജെപി ഭരണത്തിലാണ്‌. കള്ളപ്പണത്തിന്റെ ഒരു സ്രോതസ്സ്‌ മാത്രമാണിത്‌. ഇതുപോലെ കോർപറേറ്റ്‌, വ്യവസായ ലോബികൾക്ക്‌ സ്വാധീനമുള്ള മേഖലകളിൽനിന്നെല്ലാം ബിജെപിക്കുവേണ്ടി പണം ഒഴുകുന്നുണ്ടെന്നാണ്‌ വ്യക്തമാകുന്നത്‌. രാജ്യത്തിന്റെ പരമാധികാരത്തിന്‌ കള്ളപ്പണം ഭീഷണിയായി എന്ന്‌ പ്രഖ്യാപിച്ച്‌ കറൻസി നിരോധനം ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ പാർടിയാണ്‌ ഇന്ന്‌ ദുർഗന്ധപൂരിതമായ കുഴലിൽ മുങ്ങിനിൽക്കുന്നത്‌.

ഭരണംപിടിക്കാനായി കേന്ദ്ര നേതൃത്വം തരപ്പെടുത്തിക്കൊടുക്കുന്ന കണക്കില്ലാത്ത പണത്തിൽനിന്ന്‌ ഒരുപങ്ക്‌ പോക്കറ്റിലാക്കാൻ ചിലർ നടത്തിയ ശ്രമം പാളിപ്പോയതിനാലാണ്‌ ബിജെപി ഇടപാട്‌ വിവാദത്തിൽ കുടുങ്ങിയത്‌. എന്നാൽ, ആ പാർടിയുടെ കേന്ദ്ര നേതൃത്വത്തിനോ കേരളത്തിലെ നേതാക്കൾക്കോ കൂസലേതുമില്ല. ശതകോടികളുടെ കള്ളപ്പണം ഒഴുക്കി ഒരു സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേന്ദ്ര നേതൃത്വം. ചുമതല നൽകിയ മൂന്നുപേരാകട്ടെ സ്വന്തം വ്യക്തിത്വം മറന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് തലച്ചോറ് പണയം വച്ചവരും. ബിജെപി കൂടുതൽ പണമൊഴുക്കാൻ നിശ്‌ചയിച്ച എ ക്ലാസ്‌ മണ്ഡലത്തിൽ മത്സരിച്ചവരാണ്‌ ഇവരിൽ രണ്ടുപേർ. സംസ്ഥാനത്തെ എതിർഗ്രൂപ്പിന്റെ നോട്ടം സുരേന്ദ്രന്റെ കസേര തെറിപ്പിക്കുന്നതിൽ മാത്രമാണ്‌. ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്‌ കേന്ദ്ര ഭരണകക്ഷിയുടെ ഉന്നത നേതൃത്വമാകെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള എന്തെങ്കിലും നടപടി ആ പാർടിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
ഇവിടെയാണ്‌ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ച സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാട്‌ പ്രസക്തമാകുന്നത്‌. കുഴൽപ്പണക്കേസിൽ ബിജെപിയുമായി ഒത്തുകളി എന്ന ആരോപണമാണ്‌ പ്രതിപക്ഷം ഉയർത്തിയത്‌. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അന്വേഷണം കൃത്യമായ മാർഗത്തിലാണ്‌ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒത്തുതീർപ്പ്‌ ആരോപണം തൊഗാഡിയയുടെയും ആർഎസ്‌എസിന്റെയും കേസുകൾ പിൻവലിച്ച ഓർമയിൽനിന്നാകും എന്ന മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിച്ചു. സമ്പദ്‌ഘടനയ്‌ക്ക്‌ ഭീഷണിയായ കള്ളപ്പണത്തിന്റെ കുത്തൊഴുക്കിനൊപ്പം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്‌ക്കുതന്നെയാണ്‌ ബിജെപി ഭീഷണി ഉയർത്തുന്നത്‌.

ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർടികളും മത്സരിക്കുന്ന വ്യക്തികളുമെല്ലാം പാലിക്കേണ്ട ചട്ടങ്ങളുണ്ട്‌. പ്രചാരണത്തിന്‌ ചെലവാക്കാവുന്ന പണത്തിന്‌ പരിധി, വോട്ടർമാരെയോ എതിർ സ്ഥാനാർഥികളെയോ സ്വാധീനിക്കാതിരിക്കൽ ഇവയെല്ലാം അടിസ്ഥാന പ്രമാണങ്ങളാണ്‌. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻതന്നെ ഇതെല്ലാം ലംഘിച്ചു. കുഴൽപ്പണക്കേസിന്‌ പുറമെ, സി കെ ജാനുവിനും കെ സുന്ദരയ്‌ക്കും പണം നൽകിയ കേസുകളിൽ നേരിട്ടുള്ള പങ്കാളിത്തം തെളിഞ്ഞു. ഇടപാടിൽ അദ്ദേഹത്തിന്റെ മകനും ഉൾപ്പെട്ടതിന്‌ ഡിജിറ്റൽ തെളിവുകളുണ്ട്‌. രാഷ്ട്രീയവൈരമെന്ന മറയുണ്ടാക്കാനാകാത്തവിധം കുരുക്കിലാണ്‌ ബിജെപിയും നേതാക്കളും. അന്വേഷണം അതിന്റെ വഴിക്ക്‌ എന്നു പറഞ്ഞാൽ, വസ്‌തുതകളും തെളിവുകളും തുറക്കുന്ന വഴി എന്നാണിപ്പോൾ അർഥം. അഴിമതിയുടെയും നിയമരാഹിത്യത്തിന്റെയും കറപുരണ്ട ഹിന്ദുത്വ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയായി മാറിയ കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top