30 May Tuesday

ജനാധിപത്യം തകർക്കാൻ ഫെയ്‌സ്‌ബുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 19, 2020

സാമൂഹ്യമാധ്യമമായ ഫെയ്‌സ്‌ബുക്കും ബിജെപിയും തമ്മിൽ വർഷങ്ങളായി അവിശുദ്ധ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകൾ ലോകത്താകെ വലിയ ചർച്ചയായിരിക്കുന്നു. ബിജെപിയുടെ വർഗീയ വിദ്വേഷ പ്രചാരണത്തെ ഫെയ്സ്‌ബുക്ക് സഹായിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് അമേരിക്കയിലെ ‘വാൾസ്ട്രീറ്റ് ജേർണൽ’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ബിജെപിയുടെ പിന്തുണയും വാണിജ്യ സഹായവും കിട്ടാൻ രാജ്യത്ത് വെറുപ്പും അസഹിഷ്‌ണുതയും പ്രചരിപ്പിക്കാൻ ഫെയ്‌സ്ബുക്ക് ഒപ്പം നിന്നുവെന്ന് ചുരുക്കം. ഫലത്തിൽ, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഫെയ്‌സ്‌ബുക്ക് ബിജെപിക്ക് അരുനിന്നു.‌

വിദ്വേഷപ്രചാരണം നടത്തിയവരെ ഫെയ്സ്‌‌ബുക്കിന്റെ  ഇന്ത്യയിലെ പോളിസി ഡയറക്ടർ അൻഖിദാസ്  സംരക്ഷിച്ചുവെന്നും ‘വാൾസ്ട്രീറ്റ് ജേർണൽ’ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പ്രചാരണം നടത്തിയ ഹിന്ദു വർഗീയവാദികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ  ഒരു നടപടിയും സ്വീകരിക്കാതിരുന്നത്  ഇവരുടെ ഇടപെടൽ കൊണ്ടാണ്. അൻഖിദാസിന് വർഷങ്ങളായി ബിജെപി ബന്ധമുണ്ടെന്നതടക്കം ഒട്ടേറെ വിവരങ്ങൾ ഇതോടൊപ്പം  പുറത്തുവന്നിട്ടുണ്ട്.  ഇന്ത്യയിൽ ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്.  ഇതോടെ, ഫെയ്സ്ബുക്കിനും ബിജെപിക്കുമെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധമുയർന്നു കഴിഞ്ഞു. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് സിപിഐ എമ്മും കോൺഗ്രസുമടക്കം രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടർമാരെ സ്വാധീനിക്കാൻ ഫെയ്സ്ബുക്ക് ബിജെപിയെ സഹായിക്കുന്നതായി നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ അവരുടെ  ജീവനക്കാർ യഥാർഥത്തിൽ ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് 2017 ഡിസംബറിൽ ‘ബ്ലൂംബർഗ്’ എഴുതി. നരേന്ദ്ര മോഡിയുടെ ‘ഓൺലൈൻ’ സാന്നിധ്യം വികസിപ്പിച്ചെടുത്തത് ഫെയ്സ്ബുക്കാണെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അവരുടെ അധാർമിക പ്രവർത്തനങ്ങളെക്കുറിച്ച് 2018ൽ ന്യൂയോർക്ക് ടൈംസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ഒട്ടേറെ വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. അൻഖിദാസ് പോളിസി ഡയറക്ടർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും യഥാർഥത്തിൽ കമ്പനിയും ബിജെപി ഗവൺമെന്റും തമ്മിലുള്ള പാലമാണ് അവർ. അവർ മുഖേനയാണ്  കമ്പനിയും ഗവൺമെന്റുമായുള്ള എല്ലാ കൂടിയാലോചനകളും നടക്കുന്നത്. ഇവരുടെ സഹോദരി രശ്മിദാസ് എബിവിപി സെക്രട്ടറിയായിരുന്നതോ സംഘപരിവാർ ബന്ധമുള്ള സന്നദ്ധ സംഘടനയിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചതോ മാത്രമല്ല ബിജെപി ബന്ധം. മോഡി മത്സരിച്ച ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമുതൽ ആ ബന്ധം തുടങ്ങുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അത്‌ ശക്തമായി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്കിൽ നരേന്ദ്ര മോഡി ‘ ലൈക്ക്’ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ആ വ്യാജ ലൈക്ക് ക്യാമ്പയിനും നരേന്ദ്ര മോഡി ഫാൻസുമൊക്കെ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇപ്പോൾ വെളിപ്പെടുന്ന വസ്തുതകളിൽനിന്ന് ഊഹിക്കാം. ബിസിനസ് അധിഷ്ഠിതമായ രാജ്യാന്തര വാർത്താ ഏജൻസിയായ ക്വാർട്ട്സിന്റെ വെബ്സൈറ്റിൽ 2014 മെയ് 17ന് അൻഖിദാസ് തന്നെ എഴുതിയ കുറിപ്പ്  ഇതിന് തെളിവ്. ഫെയ്സ്ബുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഡി മുന്നിൽ വന്നതെങ്ങനെയെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. 2017ൽ അൻഖിദാസ് ഫെയ്സ്ബുക്കിന്റെ ലോഗോ വച്ച് എഴുതിയ ലേഖനത്തിൽ മോഡിയെ പ്രശംസിക്കുന്നുമുണ്ട്.

ഹിന്ദുത്വ വർഗീയവാദികളുടെ പല വർഗീയക്കളിക്കും ഇവർ കൂട്ടുനിന്നു. മുസ്ലിങ്ങൾ രാജ്യദ്രോഹികളാണെന്നും രോഹിൻഗ്യൻ മുസ്ലിങ്ങളെ വെടിവയ്ക്കണമെന്നും ബിജെപിക്കാരനായ ടി രാജസിങ് എന്നൊരാൾ പോസ്റ്റിട്ടപ്പോൾ അതിനെതിരെ ഫെയ്സ്ബുക്ക് നടപടിയെടുക്കാതിരുന്നതും അൻഖിദാസിന്റെ ഇടപെടൽമൂലമാണ്.  ബിജെപിക്കാരുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കരുതെന്നും നടപടിയുണ്ടായാൽ കമ്പനിയുടെ ഇന്ത്യയിലെ വാണിജ്യ താൽപ്പര്യങ്ങളെ ബാധിക്കുമെന്നുമായിരുന്നു ഇവരുടെ നിലപാട്.  ഇതേസമയം, ബിജെപിക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇവർ കമ്പനിയെ പ്രേരിപ്പിച്ചിരുന്നു.

അൻഖി ദാസിന് ഇന്ത്യയിലെ വൻകിട മാധ്യമങ്ങളിലും വലിയ സ്വാധീനമുള്ളതായാണ് വിവരം. അതുകൊണ്ടുതന്നെ, വാൾസ്ട്രീറ്റ് റിപ്പോർട്ട് ഇന്ത്യൻ മാധ്യമങ്ങൾ കാര്യമായി പരിഗണിക്കാനിടയില്ല. മാധ്യമങ്ങളിൽ മാത്രമല്ല, മാധ്യമ പഠന സ്ഥാപനങ്ങൾ, പിആർ ഏജൻസികൾ, വിവിധ ഡിപ്പാർട്ടുമെന്റുകൾ എന്നിവയിലും സ്വാധീനമുണ്ട്. പല സ്ഥാപനങ്ങളും സാമ്പത്തികമായി ഫെയ്സ്ബുക്കിനെ ആശ്രയിക്കുന്നുമുണ്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയിൽ ഫെയ്സ്ബുക്ക് 43, 574 കോടി രൂപ മുതൽമുടക്കിയത് അടുത്തിടെയാണ്. ഫെയ്സ്ബുക്കും ഇന്ത്യയിലെ കോർപറേറ്റ് കമ്പനികളുമായുള്ള ബന്ധത്തിനുപിന്നിൽ ബിജെപിയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിക്കുന്ന വൻ തുകകൾ സാമൂഹ്യമാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവരെ സഹായിക്കുന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം.

അപ്പോൾ, ഫെയ്സ്ബുക്കും അവരുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പും ഇൻസ്റ്റഗ്രാമുമെല്ലാം ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ കടുത്ത ഭീഷണിയായി മാറുന്നുവെന്ന് വ്യക്തം. സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു പരാമർശവും പാടില്ലെന്ന ഫെയ്സ്ബുക്കിന്റെതന്നെ മാർഗനിർദേശം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.  ഇക്കാര്യം ഫെയ്സ്ബുക്ക് ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയുമുണ്ടായില്ല.

സാമൂഹ്യമാധ്യമങ്ങൾ നിഷ്‌പക്ഷ വേദികളായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. അതിൽ വരുന്ന വെറുപ്പിന്റെ, വർഗീയതയുടെ പ്രചാരണങ്ങളും വ്യാജവാർത്തകളും  കൃത്യമായി പരിശോധിക്കപ്പെടണം. വാണിജ്യപരവും ധാർമികവും നിയമപരവുമായ എല്ലാ ബാധ്യതകളും നിയന്ത്രണങ്ങളും അവയ്ക്കും വേണം.  സാമൂഹ്യമാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ഭീഷണിയായി മാറാൻ അനുവദിച്ചു കൂടാ. പാർലമെന്ററി സമിതി അന്വേഷിച്ച് ഇക്കാര്യങ്ങൾ ഉറപ്പാക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top