21 October Wednesday

ബിജെപി ആശയങ്ങളെ പുൽകുന്ന കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019


ആർഎസ്എസിന്റെയും ബിജെപിയുടെയും ഫാസിസ‌, വിദ്വേഷ, വിഭാഗീയ ആശയങ്ങൾ പരാജയപ്പെടുത്തണമെന്നും അതിനുവേണ്ടിയുള്ള ഒരു ശ്രമവും ചെറുതല്ലെന്നും ഒരു ത്യാഗവും വലുതല്ലെന്നുമുള്ള സന്ദേശമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഉയർത്തിയത്.  58 വർഷത്തിനു ശേഷമാണത്രെ ഗാന്ധിജിയും സർദാർ വല്ലഭായ് പട്ടേലും പിറന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രവർത്തകസമിതി ചേരുന്നത്. അതും ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചതിന്റെ 89–-ാം വാർഷികദിനത്തിൽ. ഏതായാലും രാഹുൽ ഗാന്ധി അധ്യക്ഷനായ വേളയിലെങ്കിലും രാഷ്ട്രപിതാവിനെയും മറ്റും കോൺഗ്രസ് ഓർത്തത് നല്ലകാര്യം തന്നെ. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടാണ് കോൺഗ്രസ് നേതൃസമ്മേളനം അഹമ്മദാബാദിൽ ചേർന്നത്.

എന്നാൽ, ഫാസിസത്തിനും വിദ്വേഷ, വിഭാഗീയ ആശയങ്ങൾക്കുമെതിരെ പൊരുതാൻ രാഹുൽ ഗാന്ധി ആഹ്വാനംചെയ‌്ത ഗുജറാത്തിൽ ഇതേ ആശയങ്ങൾ ആവേശത്തോടെ പുൽകുന്ന കോൺഗ്രസ് നേതാക്കളെയും നിയമസാമാജികരെയുമാണ് കാണാനായത്. പ്രവർത്തകസമിതി യോഗം ചേരുന്ന സർദാർ പട്ടേൽ ഭവനിലെ സ്റ്റേജ് നിർമിക്കുന്നതിന് ചുമതല നൽകിയ ജവഹർ ചാവ്ദ ഉൾപ്പെടെ മൂന്ന് എംഎൽഎമാരാണ് ഒരാഴ്ചയ‌്ക്കകം ബിജെപിയിൽ ചേർന്നത്. ചാവ്ദയാകട്ടെ വിജയ് രൂപാനി മന്ത്രിസഭയിൽ അംഗമാകുകയും ചെയ‌്തു. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇതിനകം അഞ്ച് എംഎൽഎമാരാണ് ബിജെപി വിട്ടത്. എന്തുകൊണ്ടാണ് കോൺഗ്രസ് എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഫാസിസ, വിഭജന, വിഭാഗീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ബിജെപിയിലേക്ക് പോകുന്നത്? അതിന് പ്രധാന കാരണം ഈ ആശയങ്ങളുടെ ഒരു മൃദുരൂപം കോൺഗ്രസും  അവരുടെ ആശയ പദ്ധതിയാക്കി മാറ്റിയിരിക്കുന്നുവെന്നതാണ്. ആർഎസ്എസിനെയും സംഘപരിവാറിനെയും എതിരിടാൻ ജവാഹർലാൽ നെഹ്റു നിഷ‌്കർഷിക്കുന്നതുപോലെ കർക്കശമായ മതനിരപേക്ഷ നിലപാടുകൾ കൈക്കൊള്ളുന്നതിന് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് യാഥാർഥ്യം.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കുശേഷമാണ് കോൺഗ്രസ് വർധിച്ച തോതിൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാനാരംഭിച്ചത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മധ്യപ്രദേശിലെ കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ പുറത്തിറക്കിയ മാനിഫെസ്റ്റോയിൽ കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനംചെയ‌്തത‌് രാഹുൽ ഗാന്ധി പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് പറയുന്ന ആർഎസ്എസ് –-ബിജെപിയുടെ ഫാസിസ, വിദ്വേഷ, വിഭാഗീയ അജൻഡയുടെ ഭാഗമായ കാര്യങ്ങളായിരുന്നു. ഗോശാലകൾ പണിയുമെന്നും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും വാണിജ്യ ഉൽപ്പാദനവും വിതരണവും സാധ്യമാക്കുമെന്നും രാമ ഗമന പഥത്തിന് തുടക്കമിടുമെന്നും മറ്റുമായിരുന്നു മാനിഫെസ്റ്റോയിലെ വാഗ‌്ദാനങ്ങൾ. സ്വാതന്ത്ര്യസമരകാലം മുതൽ ഗോസംരക്ഷണം സംഘപരിവാറിന്റെ അജൻഡയാണെന്ന് അറിയാത്തവരല്ല കോൺഗ്രസ് നേതൃത്വം.

2013ലെ മാനിഫെസ്റ്റോയിലുണ്ടായിരുന്ന ന്യൂനപക്ഷ ക്ഷേമത്തെക്കുറിച്ചുള്ള പ്രത്യേക ഭാഗം തീർത്തും പുതിയ മാനിഫെസ്റ്റോയിൽ ഒഴിവാക്കപ്പെട്ടു. സച്ചാർ സമിതി റിപ്പോർട്ട‌് നടപ്പിലാക്കുമെന്നും വർഗീയ കലാപം തടയാൻ പുതിയ നിയമനിർമാണം നടത്തുമെന്നുമുള്ള 2013ലെ വാഗ്ദാനവും 2018ലെ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നില്ല.  ഒരു മുസ്ലിം പാർടിയാണെന്ന പ്രതിച്ഛായയെ കുടഞ്ഞെറിയാനാണ് ഇത്തരം വാഗ്ദാനങ്ങൾ ആവർത്തിക്കാതിരുന്നതെന്ന് മാനിഫെസ്റ്റോ സമിതിയുടെ ചെയർമാനും നിലവിൽ ഡെപ്യൂട്ടി സ്പീക്കറുമായ രാജേന്ദ്ര സിങ് തുറന്നു സമ്മതിക്കുന്നത്. 2014ലെ തോൽവിക്കുള്ള കാരണങ്ങൾ അന്വേഷിച്ച എ കെ ആന്റണി സമിതി പറഞ്ഞതും മുസ്ലിം പാർടിയെന്ന പ്രതിച്ഛായ കോൺഗ്രസ് ഉപേക്ഷിക്കണമെന്നായിരുന്നു.

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വരികയും കമൽനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തപ്പോൾ ആദ്യം കൈക്കൊണ്ട നടപടി ഗോഹത്യയുടെ പേരിൽ അഞ്ച് മുസ്ലിങ്ങളുടെ പേരിൽ ദേശീയ സുരക്ഷാനിയമം അനുസരിച്ച് കേസെടുക്കുകയായിരുന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വ നയങ്ങളുടെ പ്രധാന ആയുധമായ പശു രാഷ്ട്രീയത്തെ നിർലജ്ജം കമൽനാഥ് സർക്കാരും സ്വീകരിക്കുകയായിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരവും  രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പരസ്യമായി ഈ നടപടിയെ എതിർത്തിട്ടുപോലും കമൽനാഥ് അനങ്ങിയില്ല.

അഹമ്മദാബാദിലെ പ്രവർത്തകസമിതി യോഗത്തിലെങ്കിലും കമൽനാഥിന്റെ ഈ നടപടിയെ കോൺഗ്രസ് നേതൃത്വം തള്ളിപ്പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. ഹിന്ദുത്വവുമായി ഏതെങ്കിലും രീതിയിൽ സന്ധിചെയ്താൽ, മൃദു–-തീവ്ര ഹിന്ദുത്വത്തെ അംഗീകരിച്ചാൽ മതനിരപേക്ഷ ഇന്ത്യ ഉണ്ടാകില്ലെന്ന് നെഹ്റു ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, നെഹ്റു എന്താണോ കോൺഗ്രസുകാരോട് ചെയ്യരുതെന്ന് പറഞ്ഞത് അതുതന്നെയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന് അതിന്റെ ജനകീയാടിത്തറ തിരിച്ചുപിടിക്കാൻ കഴിയാത്തതും നേരത്തെ അവരുയർത്തിപ്പിടിച്ച ആശയങ്ങൾ ഉപേക്ഷിച്ചതുകൊണ്ടാണ്. രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കിയതുകൊണ്ടോ, പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കിയതുകൊണ്ടോ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top