24 March Friday

ബിഹാർഫലം വിലയിരുത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 11, 2020


ബിഹാർ നിയമസഭാ തെരത്തെടുപ്പ് ഫലത്തിന്റെ പൂർണചിത്രം ഇതെഴുതുമ്പോൾ വ്യക്തമല്ല. ഒടുവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് സംസ്ഥാന ഭരണം എങ്ങോട്ടുനീങ്ങുമെന്ന്‌ വ്യക്‌തതയായിട്ടുമില്ല. വോട്ടെണ്ണലിന്റെ മധ്യഘട്ടത്തോടെ ബിജെപി നയിക്കുന്ന എൻഡിഎ മുന്നിട്ടു നിന്നുവെങ്കിലും മഹാസഖ്യം തൊട്ടടുത്തുതന്നെയുണ്ട്. മാറിയും മറിഞ്ഞും ഇഴഞ്ഞും നീങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡുനിലകൾ മാറിക്കൊണ്ടിരുന്നു. മതനിരപേക്ഷ സഖ്യത്തിന്‌ ഇത്തവണ ബിഹാറിൽ കരുത്തു കാട്ടാനായി. 

എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ വോട്ടെണ്ണലിന്റെ തുടക്കത്തിൽ, ഇടതുപക്ഷം ഉൾക്കൊള്ളുന്ന മഹാസഖ്യം മുന്നേറി. പിന്നീട് എൻഡിഎ സഖ്യം നേരിയ ലീഡിൽ മുന്നിലെത്തിയെങ്കിലും സഖ്യത്തിലെ പ്രധാന കക്ഷിയായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പിന്നിൽ പോയി. നിതീഷിന്റെ ഭരണത്തോട് ജനങ്ങൾക്കുള്ള വെറുപ്പ്  ഇതിൽനിന്ന്  വ്യക്തം.  നിതീഷിന് വലിയ തിരിച്ചടി തന്നെയാണ് കിട്ടിയത്.

മഹാസഖ്യത്തിന്റെ നായകസ്ഥാനത്തുള്ള  രാഷ്ട്രീയ ജനതാദളിന്റെയും നേതാവ് തേജസ്വി യാദവിന്റെയും പ്രകടനം മോശമായില്ലെങ്കിലും സഖ്യത്തിൽ കോൺഗ്രസിന്റെ നില  നിരാശാജനകമായി. ആദ്യ സൂചനകൾ പ്രകാരം കോൺഗ്രസിന് വൻ തകർച്ചയുണ്ടായി. 243അംഗ നിയമസഭയിലേക്ക് 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് ചുരുങ്ങിയ സീറ്റുകൾ. കോൺഗ്രസിന്റെ നഷ്ടം ബിജെപിക്ക് നേട്ടമായി എന്നുവേണം കരുതാൻ.

വർഗീയ -വിഘടനശക്തികളെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെ ജനകീയരാഷ്ട്രീയം മുന്നോട്ടുവച്ചാണ് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ആകുന്നത്ര ശ്രമിച്ചിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും ശ്രമമുണ്ടായി. മതനിരപേക്ഷ വോട്ടുകൾ ഉറപ്പിച്ചുനിർത്താൻ ദേശീയ പാർടിയായ കോൺഗ്രസിന് എത്രമാത്രം കഴിഞ്ഞുവെന്ന് പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസ് നല്ല ആത്മപരിശോധന നടത്തണം.

ഇതേസമയം, മഹാസഖ്യത്തിൽ ഇടതുപക്ഷം നേടിയ മുന്നേറ്റം ശ്രദ്ധേയമാണ്. ആകെ 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം 17 സീറ്റിൽ മുന്നേറുന്നതായാണ് ഒടുവിൽ കിട്ടിയ വിവരം.  ഇടതുപക്ഷത്തിന്റെ  വിജയം തിളക്കമാർന്നതും ഉജ്വലവുമായി എന്നുതന്നെ പറയണം. രാഷ്ട്രീയമായും സാമൂഹ്യമായും ചരിത്രപരമായും ഈ വിജയത്തിന് പ്രാധാന്യമുണ്ട്.

സഭയിലെത്തുന്ന ആളെണ്ണം എത്ര ചെറുതെങ്കിലും അത് മതനിരപേക്ഷ ഇന്ത്യക്ക് പ്രതീക്ഷയുടെ വസന്തംതന്നെ. മാനുഷിക സമത്വബോധത്തിന്റെയും അവകാശസമരങ്ങളുടെയും സാർവത്രികമായ പ്രതിഫലനം ഇടതുമുന്നേറ്റത്തിലുണ്ട്. വരും നാളുകളിൽ  ഈ ധാര ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കാം. ബിഹാറിന്റെ രാഷ്ട്രീയത്തിൽ പുതിയ ദിശാബോധം നൽകാൻ ഇടതുപക്ഷത്തിന് കഴിയും.


 

പതിനഞ്ച് വർഷത്തോളമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ 2015ൽ ആർജെഡിയുമായി സഖ്യത്തിലായിരുന്നു. അന്ന് ആർജെഡിയും ജെഡിയുവും കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിട്ടത്. സഖ്യം വിജയിക്കുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ, 2017ൽ നിതീഷ് കുമാർ ബിജെപിയോടൊപ്പം ചേർന്നു. അങ്ങനെ ഭരണം എൻഡിഎയുടേതായി. നിതീഷ് കുമാറിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പുരോഗതിയുമുണ്ടായില്ലെന്ന് നിതി ആയോഗ്തന്നെ സാക്ഷ്യപ്പെടുത്തി. തൊഴിലില്ലായ്മ രൂക്ഷമായി, ക്രമസമാധാനം തകർന്നു. മുസഫർപുരിലെ അഭയകേന്ദ്രത്തിൽപ്പോലും അന്തേവാസികളായ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. മറ്റൊരിടത്ത്  ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ ജയിലിലടച്ചു. ഇതെല്ലാം വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ സംഭവങ്ങളായിരുന്നു.  തെരഞ്ഞെടുപ്പിൽ ഇതെല്ലാം ചർച്ചാ വിഷയമാകുകയും ചെയ്തിരുന്നു.

കോവിഡിന്റെ പേരിൽ ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പെരുവഴിയിലായ കുടിയേറ്റത്തൊഴിലാളികളോട് സർക്കാർ ക്രൂരമായ സമീപനമാണ് സ്വീകരിച്ചത്. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളെ അതിർത്തിയടച്ച് സർക്കാർ തടയുകപോലുമുണ്ടായി. ഭക്ഷണവും വെള്ളവും കിട്ടാതെ എത്രയോ തൊഴിലാളികൾ തെരുവിൽ മരിച്ചുവീണു.  എല്ലാവർക്കും കോവിഡ് ചികിത്സ ഉറപ്പാക്കുന്നതിലും സർക്കാർ തികഞ്ഞ പരാജയമായി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും ജനകീയപ്രശ്നങ്ങളുയർത്തിയുമാണ് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തുലക്ഷം പേർക്ക് തൊഴിൽ എന്നതായിരുന്നു സഖ്യം മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യം. അത് യുവജനങ്ങളെയും തൊഴിൽരഹിതരെയുമെല്ലാം വലിയ തോതിൽ സ്വാധീനിച്ചതായാണ് പ്രചാരണനാളുകളിൽ കണ്ടത്. ആരോഗ്യമേഖലയിലെ കരാർ ജീവനക്കാർക്കും കരാർ അധ്യാപകർക്കും സ്ഥിരനിയമനം, അങ്കണവാടി ജീവനക്കാർക്കും വർക്കർമാർക്കും ഓണറേറിയം വർധന, കൃഷിക്കാരുടെ വായ്പ എഴുതിത്തള്ളൽ, വിവിധ ക്ഷേമ പെൻഷനുകൾ, തൊഴിൽരഹിത വേതനം എന്നീ വാഗ്ദാനങ്ങളും മഹാസഖ്യം ജനങ്ങൾക്ക് മുന്നിൽ വച്ചു. ഇത്തരം വിഷയങ്ങളോട് എന്നും മുഖംതിരിച്ചുനിന്നിട്ടുള്ള ബിജെപി ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ശ്രമിച്ചത്.

നിതീഷിനെതിരായ ഭരണവിരുദ്ധവികാരം ബിജെപി തിരിച്ചറിഞ്ഞിരുന്നുവെന്ന് പ്രചാരണവേളയിൽത്തന്നെ വ്യക്തമായിരുന്നു. നിതീഷിന്റെ പ്രചാരണത്തിൽനിന്ന് സംസ്ഥാന ബിജെപി നേതാക്കൾ പലപ്പോഴും അകലം പാലിച്ചത് അതുകൊണ്ടായിരുന്നു. നിതീഷ് കുമാറിന്റെ കൂടെനിന്ന് ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top