08 February Wednesday

ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2016

മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. വ്യാജ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും ഒട്ടേറെ അനുഭവങ്ങള്‍ ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പരമ്പര ഇപ്പോഴും ജുഡീഷ്യല്‍ പരിശോധനയിലാണ്്. സൊഹ്റാബ്ദീന്‍ ഷേഖ്, ഇസ്രത് ജഹാന്‍, ഡല്‍ഹിയിലെ ബട്ല ഹൌസ് തുടങ്ങിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ ചര്‍ച്ച തുടരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ ജയില്‍ ചാടിയ എട്ട് വിചാരണത്തടവുകാരെ വെടിവച്ചുകൊന്നു എന്ന വാര്‍ത്ത പരിശോധിക്കേണ്ടത്. ജയില്‍ചാട്ടം, കാവല്‍ക്കാരന്റെ കൊലപാതകം, പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടല്‍, കൂട്ടമരണം– ആരെയും ഞെട്ടിക്കുന്നതാണ് ഭോപാല്‍സംഭവങ്ങള്‍. അതിന്റെ യഥാര്‍ഥ ചിത്രം പക്ഷേ ഇതുവരെ വന്ന വിശദീകരണങ്ങളിലൊന്നും കാണാനാകുന്നില്ല. ഭരണാധികാരികളും വിവിധ ഏജന്‍സികളും പറയുന്ന കാര്യങ്ങളില്‍ പരസ്പരവൈരുധ്യവും യുക്തിരാഹിത്യവും മുഴച്ചുകാണുന്നുമുണ്ട്. സംശയം പ്രകടിപ്പിക്കുന്നവര്‍ക്കുനേരെ രാജ്യസ്നേഹത്തിന്റെ ഖഡ്ഗവുമായി ചാടിവീണ് ഒരു ചര്‍ച്ചയും അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ആക്രോശിക്കുന്നുമുണ്ട്.

അതീവസുരക്ഷാ സംവിധാനമുള്ള ജയിലാണ് ഭോപാലിലേത്. അതില്‍നിന്ന് എട്ടുപേര്‍ ലളിതമായി രക്ഷപ്പെട്ടു എന്നിടത്താണ് ആദ്യസംശയം ഉത്ഭവിക്കുന്നത്. ജയില്‍ സന്ദര്‍ശിച്ച് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രമുഖ മാധ്യമങ്ങള്‍തന്നെ, ആ കഥയിലെ അവിശ്വസനീയത കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലിനകത്തെ സിസി ടിവി ക്യാമറകളും നിരീക്ഷണ ടവറുകളും സെര്‍ച്ച് ലൈറ്റുകളും ഒരേസമയം നിശ്ചലമാവുകയും മുപ്പതടി ഉയരമുള്ള മതില്‍ ചാടി എട്ടു തടവുകാര്‍ രക്ഷപ്പെടുകയും ചെയ്തു എന്നത് അപസര്‍പ്പകകഥകളിലും ആക്ഷന്‍ ചലച്ചിത്രങ്ങളിലുമാകാം. സാധാരണനിലയില്‍ സംഭവ്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഥവാ അതാണ് സംഭവിച്ചതെങ്കില്‍, അക്ഷന്തവ്യമായ സുരക്ഷാവീഴ്ചയാണ് മധ്യപ്രദേശ് സര്‍ക്കാരിന് സംഭവിച്ചത്.

ഔദ്യോഗിക വിശദീകരണങ്ങളെ നിരാകരിക്കുന്ന നിരവധി കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഘട്ടത്തിലേതെന്ന് വിശേഷിപ്പിച്ച് വന്ന വീഡിയോ ദൃശ്യങ്ങള്‍ ശരിയെങ്കില്‍, സര്‍ക്കാര്‍വാദങ്ങള്‍ തകരും. പൊലീസ് സംഘത്തോട് തങ്ങളെ കൊല്ലരുതേയെന്ന് തടവുകാര്‍ വിലപിക്കുന്ന ദൃശ്യങ്ങളും തലയ്ക്കും നെഞ്ചിനും നേരേതന്നെ വെടിവയ്ക്കാന്‍ വിളിച്ചുപറയുന്ന പൊലീസുകാരുടെ ശബ്ദവുമൊക്കെയാണ് അതിലുള്ളത്. കൊല്ലപ്പെട്ടവരുടെ കൈവശം നാല് തോക്കുണ്ടായിരുന്നെന്ന് മധ്യപ്രദേശ് പൊലീസും സര്‍ക്കാരും പറയുന്നു. ആ സംസ്ഥാനത്തെ ഭീകരവിരുദ്ധസേനയുടെ (എടിഎസ്) തലവന്‍ പറയുന്നത്, അവരുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് വന്ന വാര്‍ത്തകളും ഏറ്റുമുട്ടല്‍ക്കഥയെ സാധൂകരിക്കുന്നതല്ല.

തീവ്രവാദപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും ശക്തമായി നേരിടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെപേരില്‍ നിരപരാധികളെ വേട്ടയാടുകയും തുറുങ്കിലടയ്ക്കുകയും ജയിലില്‍നിന്നുപോലും പിടിച്ചിറക്കി കൊല്ലുകയും അതിനെ തെറ്റായി ചിത്രീകരിച്ച് വര്‍ഗീയചിന്തകള്‍ക്ക് തീകൊളുത്തുകയും ചെയ്യുന്നതാണ് എതിര്‍ക്കേണ്ടത്. കുറ്റംചെയ്തവരായാലും വിചാരണയില്‍ കഴിയുന്നവരായാലും ശിക്ഷിക്കാന്‍ നിയമവ്യവസ്ഥയുണ്ട്. അതിനുള്ള അധികാരം പൊലീസിനല്ല. ഭരണകൂടംതന്നെ നിയമം കൈയിലെടുക്കുന്ന അവസ്ഥ ഗുരുതരമാണ്. ദൌര്‍ഭാഗ്യവശാല്‍ അത്തരം സംശയമാണ് ഭോപാല്‍സംഭവത്തില്‍ ഉയര്‍ന്നിട്ടുള്ളത്. അത് ദൂരീകരിക്കേണ്ടതും നീതിയാണ് നിറവേറുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ഭരണകൂടംതന്നെയാണ്.

ജയില്‍ചാട്ടത്തെക്കുറിച്ചുമാത്രം എന്‍ഐഎ അന്വേഷണമെന്നാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിലപാട്. മറ്റൊരന്വേഷണവും നടത്താന്‍ കേന്ദ്രവും ഇതുവരെ തയ്യാറായിട്ടില്ല.  അതേസമയംതന്നെ, 'ഏറ്റുമുട്ടല്‍ കൊലപാതക'ത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നവരെ ഭീകരതയുടെ കൂട്ടുകാരായി ചിത്രീകരിച്ച് അധിക്ഷേപിക്കുന്നതില്‍ സംഘപരിവാര്‍ അത്യാവേശം കാട്ടുകയും ചെയ്യുന്നു. ഇത് അംഗീകരിക്കാവുന്ന അവസ്ഥയല്ല. വിചാരണത്തടവുകാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. സംശയമുയര്‍ത്തി പുറത്തുവന്ന എല്ലാ തെളിവുകളും ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍, അത് ജയില്‍ചാട്ടമായാലും ഏറ്റുമുട്ടല്‍കൊലപാതകമായാലും കൂട്ടക്കൊലയായാലും ആവര്‍ത്തിക്കാതിരിക്കാന്‍ ആദ്യം വേണ്ടത് ഇന്നുള്ള ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരികയാണ്. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണത്തിലൂടെയാണ് അത് സാധ്യമാവുക. അതുകൊണ്ടാണ് സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top