02 October Monday

ബംഗാളിലെ രാഷ്ട്രീയക്കളി

വെബ് ഡെസ്‌ക്‌Updated: Thursday May 20, 2021


നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ബംഗാളിൽ രണ്ട്‌ മന്ത്രിമാരടക്കം നാല്‌ തൃണമൂൽ കോൺഗ്രസ് നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത് കേന്ദ്രത്തിന്റെ രാഷ്ട്രീയപ്രതികാരമായി. നാലുവർഷത്തിലേറെയായി സിബിഐ അന്വേഷണം തുടരുന്ന ഒരു കേസിൽ ഇപ്പോൾ, മഹാമാരിക്ക് നടുവിൽ, തിരക്കിട്ട് അറസ്റ്റ് ചെയ്യുന്നതിൽ യുക്തിയൊന്നുമില്ലെന്ന് നിയമവൃത്തങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, ഇതേ കേസിലുൾപ്പെട്ട ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്തുമില്ല. അതിൽനിന്നുതന്നെ, അന്വേഷണ ഏജൻസിയുടെ പക്ഷപാതിത്വം വ്യക്തമാണ്. കേന്ദ്ര ബിജെപി സർക്കാരിന്റെ തീട്ടൂരം അവർ അനുസരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ, ബംഗാൾ ജനത ബിജെപി രാഷ്ട്രീയത്തെ നിരാകരിച്ചതിന്റെ പ്രതികാരമാണ് സിബിഐ നടപടിയെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു. അറസ്റ്റിനെതിരെ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമുയർത്തിയതിന് ന്യായീ കരണമുണ്ടെങ്കിലും ഈ സാഹചര്യത്തിൽ ഉചിതമാണെന്ന് പറയാനാകില്ല.

മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, മദൻമിത്ര എംഎൽഎ, തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നശേഷം സീറ്റ് കിട്ടാതെ വന്നപ്പോൾ ബിജെപിയെ ഉപേക്ഷിച്ച മുൻ മന്ത്രി സോവൻ ചാറ്റർജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതേസമയം, കേസിലെ പ്രതികളും ബിജെപി എംഎൽഎമാരുമായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവരെ സിബിഐ തൊട്ടില്ല. ന്യായമായാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ ഇവരെയും അറസ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോൾ, തിരക്കിട്ട സിബിഐ നീക്കത്തിലൂടെ രണ്ട് കാര്യം വ്യക്തമാകുന്നുണ്ട്. ഒന്ന്: ബിജെപിയുടെ പ്രതികാര രാഷ്ട്രീയം. രണ്ട്: രാജ്യത്ത് കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മോഡി സർക്കാരിന് സംഭവിച്ച പിടിപ്പുകേട് മറച്ചുവയ്ക്കാനുള്ള ശ്രമം. അറസ്റ്റും തുടർസംഭവങ്ങളും വലിയ വാർത്തയാകുമ്പോൾ മറ്റെല്ലാം മറയുമെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ട്.

2017ൽ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് സിബിഐ രജിസ്റ്റർ ചെയ്ത നാരദ ഒളിക്യാമറ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 2014-–-16 കാലയളവിൽ തെഹൽക ന്യൂസിനുവേണ്ടി ഒളിക്യാമറ സംഘം, ഇപ്പോൾ അസ്റ്റിലായ തൃണമൂൽ നേതാക്കളടക്കം 13 പേരെ കണ്ട് ‘ചില കാര്യങ്ങൾ' സാധിക്കാൻ കൈക്കൂലി നൽകി. മലയാളിയായ സാമുവൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതാക്കളെ കണ്ടത്. തെഹൽകയ്‌ക്കുവേണ്ടിയാണ് ഓപ്പറേഷൻ നടത്തിയതെങ്കിലും അവർ അത് പുറത്തുവിട്ടില്ല. തുടർന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നാരദാ ന്യൂസ് പോർട്ടൽ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. കേസിൽ ഈ ഏപ്രിൽ 17നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

നരേന്ദ്ര മോഡിയും അമിത് ഷായും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരായതോടെ സിബിഐ നീക്കങ്ങൾക്ക് വേഗം കൂടുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ ഫലം വന്നയുടൻ മെയ് ഏഴിന്, അറസ്റ്റിന് സിബിഐയുടെ അനുമതി തേടി. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ഗവർണർ ജഗ്‌ദീപ് ധൻകർ അനുമതി നൽകുകയും ചെയ്തു. മന്ത്രിസഭയുടെ അനുമതിയില്ലാത ഗവർണർക്ക് ഇത്‌ ചെയ്യാൻ കഴിയുമോ എന്ന പ്രശ്നവും ഇവിടെ ഉയർന്നുവരുന്നുണ്ട്.

കേസിന്റെ ന്യായാന്യായങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. സത്യം എന്തോ അത് അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുന്നതിൽ ആർക്കും വിയോജിപ്പിന്റെ ആവശ്യമില്ല. അതിന് യുക്തിഭദ്രമായ അന്വേഷണം വേണം. ഈ കേസിലും അതുതന്നെയാണ് നടക്കേണ്ടത്. അതിനു പകരം, അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ ചട്ടുകങ്ങളായിനിന്നുകൂടാ. അതുമാത്രമാണ് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ തകർക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. പക്ഷേ, ജനാധിപത്യത്തിനുനേരെ ബഹുമുഖ ആക്രമണമാണ് ബിജെപി അഴിച്ചുവിടുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നതും തെരഞ്ഞുപിടിച്ച് അറസ്റ്റുകൾ നടത്തുന്നതുമെല്ലാം ബിജെപിയുടെ എതിരാളികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. വലിയ ഭൂരിപക്ഷത്തിൽ ജനവിധി നേടിയ സർക്കാരുകളെ തകർക്കാൻ ജനാധിപത്യ വിരുദ്ധമായി കേന്ദ്രം ഇടപെടുന്ന രീതിയാണ് തുടർച്ചയായി കണ്ടുവരുന്നത്. ഇപ്പോൾ ബംഗാളിൽ സിബിഐ സ്വീകരിച്ച നടപടിയും അത്തരത്തിലൊന്നാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

നിലവിലുള്ള നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചും കേന്ദ്ര സർക്കാർ സ്വീകരിച്ച അനേകം നടപടി ഇതിനകം കോടതിയിലടക്കം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപിയെയോ മോഡിയെയോ കേന്ദ്ര സർക്കാരിനെയോ വിമർശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റംപോലും ചുമത്തി അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. ബംഗാളിലെ അറസ്റ്റ് ആ ഗണത്തിൽ വരുന്നതല്ലെങ്കിലും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയതിനു പിന്നാലെയുണ്ടായ നടപടി രാഷ്ട്രീയ പ്രതികാരംതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top