01 April Saturday

ബാഗേപ്പള്ളി നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

വടക്കൻ കർണാടകത്തിൽ ആന്ധ്രപ്രദേശ്‌ അതിർത്തിക്കു സമീപമുള്ള ബാഗേപ്പള്ളിയിൽ സിപിഐ എം ഞായറാഴ്‌ച സംഘടിപ്പിച്ച മഹാറാലി ചരിത്രസംഭവമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർടി കർണാടക സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ബാഗേപ്പള്ളി അടങ്ങുന്ന ചിക്കബല്ലാപുർ ജില്ലയിലെയും സമീപജില്ലകളിലെയും സിപിഐ എം പ്രവർത്തകരാണ്‌ പങ്കെടുത്തത്‌. അരലക്ഷത്തിലധികം ആളുകൾ ചെങ്കൊടിയേന്തി നടത്തിയ റാലി രാജ്യത്തിനാകെ നൽകുന്ന സന്ദേശം മഹത്തരമാണ്‌.

രാജ്യം ഭരിക്കുന്ന ബിജെപി ദക്ഷിണേന്ത്യയിൽ അവരുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായി കാണുന്ന സംസ്ഥാനമാണ്‌ കർണാടകം. ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവുമുയർത്തി ഭിന്നിപ്പിക്കലിന്റെ രാഷ്‌ട്രീയമാണ്‌ അവർ പ്രചരിപ്പിക്കുന്നത്‌. അതിനു ബദലായി മതനിരപേക്ഷതയുടെ അടിത്തറയിൽ, ഐക്യത്തിലാണ്‌ ജനങ്ങളുടെ ശക്തിയെന്ന്‌ വിളംബരം ചെയ്യുന്നതായിരുന്നു സിപിഐ എം റാലി. പാർടി പൊളിറ്റ്‌ ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്‌ റാലി ഉദ്‌ഘാടനം ചെയ്‌തത്‌.

അധികാരത്തിനുവേണ്ടി എന്ത്‌ വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത ബിജെപി രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം പണമൊഴുക്കി ഭരണഅട്ടിമറി നടത്തിയ ആദ്യ സംസ്ഥാനമാണ്‌ കർണാടകം. തുടർന്ന്‌ ബിജെപി അവിടെ നടപ്പാക്കുന്ന ഓരോ കാര്യവും ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതും ന്യൂനപക്ഷവിഭാഗങ്ങളിൽ ഭീതിപടർത്തുന്നതുമാണ്‌. ഹിജാബിന്റെ പേരിൽ ദക്ഷിണ കർണാടകത്തിൽ സംഘപരിവാർ നടത്തിയ അതിക്രമങ്ങളിലൂടെ വസ്‌ത്രത്തിന്റെ പേരിലും രാജ്യത്ത്‌ ഹിന്ദുത്വവാദികൾ ആക്രമണങ്ങൾക്ക്‌ തുടക്കമിടുകയായിരുന്നു.

വർഗീയാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുയർന്നപ്പോൾ ഒരു പ്രത്യേക വേഷക്കാരാണ്‌ പ്രതിഷേധക്കാർ എന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആക്ഷേപിച്ചിരുന്നു. പ്രദേശത്തിനും ഭാഷയ്‌ക്കും മതത്തിനും വിശ്വാസങ്ങൾക്കുമതീതമായി ഇന്ത്യയിലെങ്ങുമുയർന്ന പ്രക്ഷോഭത്തെ ഭിന്നിപ്പിക്കാൻ പ്രധാനമന്ത്രി നടത്തിയ തരംതാണ പ്രസ്‌താവനയുടെ ചുവടുപിടിച്ചാണ്‌ പിന്നീട്‌ സംഘപരിവാറുകാർ കർണാടകത്തിൽ ഹിജാബിനെതിരെ ആക്രോശങ്ങൾക്ക്‌ തുടക്കമിട്ടത്‌. ശ്രീനാരായണ ഗുരുവും പെരിയാർ രാമസ്വാമി നായ്‌ക്കരുമടക്കം ദക്ഷിണേന്ത്യയിൽനിന്നുള്ള നവോത്ഥാന നായകരെ കർണാടകത്തിലെ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഒഴിവാക്കുകയും ഹെഡ്‌ഗെവാറിനെപ്പോലുള്ള വർഗീയവാദികളെ തിരുകിക്കയറ്റുകയും ചെയ്‌ത്‌ കൊച്ചുമനസ്സുകളിൽപ്പോലും വിഷം പടർത്തുകയാണ്‌ അവിടെ.

ഉദ്‌ഘാടന പ്രസംഗത്തിൽ ഇതെല്ലാം തുറന്നുകാട്ടിയ പിണറായി വിജയൻ കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദൽമാതൃക വൻ ജനാവലി മുമ്പാകെ അവതരിപ്പിച്ചു. വർഗീയതയുടെയും വിദ്വേഷത്തിന്റെയും ഉൽപ്പാദനശാലകളായി മാറിയ സംഘപരിവാർ സംഘടനകളെ നേരിടാനെന്ന പേരിൽ ഇസ്ലാമികവാദ സംഘടനകളും പ്രവർത്തനം തീവ്രമാക്കുകയാണ്‌. ഇത്തരത്തിൽ പരസ്‌പരം സഹായിച്ചും സഹകരിച്ചുമാണ്‌ ഇരു ഭാഗത്തെയും വർഗീയ സംഘടനകൾ ശക്തിയാർജിക്കുന്നത്‌. ഇതിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്നത്‌ എല്ലാവിഭാഗം ജനങ്ങളുമാണ്‌. ഈ അപകടം തുറന്നുകാട്ടിയ മുഖ്യമന്ത്രിയുടെ പ്രസംഗം ദേശീയ പത്രങ്ങൾ പലതും റിപ്പോർട്ട്‌ ചെയ്‌തപ്പോൾ നിഷ്‌പക്ഷമെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെ ‘മ’ പത്രങ്ങൾ അത്‌ ബോധപൂർവം തമസ്‌കരിച്ചു. കേരള മുഖ്യമന്ത്രിയും കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയും നടത്തിയ കൂടിക്കാഴ്‌ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ തിരസ്‌കരിക്കപ്പെട്ടതിലുള്ള സന്തോഷമാണ്‌ അവ വായനക്കാരിലേക്ക്‌ പകർന്നത്‌. എന്നാൽ, ഇരു സംസ്ഥാനങ്ങൾക്കും യോജിപ്പുള്ള തീരുമാനങ്ങൾ ഈ പത്രങ്ങൾക്ക്‌ അപ്രധാനമായി.

പ്രധാന പ്രതിപക്ഷകക്ഷി എന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസ്‌, ബിജെപിയടക്കം വർഗീയശക്തികളെ ഉറച്ച  മതനിരപേക്ഷ നിലപാടെടുത്ത്‌ എതിർക്കാൻ തയ്യാറാകാത്ത സന്ദർഭത്തിലാണ്‌ കർണാടകത്തിൽ ഒരു ചെറിയ പാർടി മാത്രമായ സിപിഐ എം വഴികാട്ടുന്നത്‌. കോൺഗ്രസ്‌ മന്ത്രിമാർപോലും കൂട്ടത്തോടെ കൂറുമാറി ബിജെപിയെ ശക്തിപ്പെടുത്തുന്നത്‌ ദിവസേന കണ്ടുകൊണ്ടിരിക്കുകയാണ്‌. ഒരു പ്രത്യയശാസ്‌ത്രനിലപാടുമില്ലാതെ രാഹുൽ ഗാന്ധിക്കു ചുറ്റും കറങ്ങുന്ന ആൾക്കൂട്ടമാണ്‌ അവശിഷ്ട കോൺഗ്രസ്‌. ഒരു നിലപാടുമില്ലാത്തതുകൊണ്ടാണ്‌ ഗാന്ധിഘാതകരുടെ പക്ഷത്തേക്ക്‌ ചാടുന്നതിനുപോലും കോൺഗ്രസ്‌ നേതാക്കൾക്ക്‌ അറപ്പില്ലാത്തത്‌.

രാഹുലിനെ നേതാവായി തിരിച്ചുകൊണ്ടുവന്ന്‌ വാഴിക്കുന്നതിന്‌ അരങ്ങൊരുക്കാൻ ആസൂത്രണം ചെയ്‌ത ‘ഭാരത്‌ ജോഡോ യാത്ര’പോലും ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ കടക്കാത്ത തരത്തിൽ ശ്രദ്ധാപൂർവമാണ്‌ തീരുമാനിച്ചതെന്ന്‌ വിമർശമുണ്ട്‌. യാത്ര അടുത്തതായി പ്രവേശിക്കുന്ന കർണാടകത്തിൽ അതിനെ സ്വീകരിക്കുന്നതിന്‌ വേണ്ടത്ര തയ്യാറെടുപ്പില്ലെന്ന പ്രശ്‌നത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പക്ഷവും പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ അനുയായികളും തമ്മിൽ തർക്കം തുടങ്ങി. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുള്ള സിപിഐ എം മാതൃക ശ്രദ്ധേയമാകുന്നത്‌ ഇവിടെയാണ്‌. ബാഗേപ്പള്ളിയിൽ നടത്തിയ റാലിയും ഈ മാതൃകയാണ്‌ രാജ്യത്തിനു മുന്നിൽ അവതരിപ്പിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top