06 July Wednesday

രക്ഷാദൗത്യത്തിന് ബിഗ് സല്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Friday Feb 11, 2022

ജീവൻ രക്ഷിക്കുക എന്നത് ഒരു ഭരണ സംവിധാനത്തിന്റെ പരമപ്രധാനമായ കടമയാണ്. അതിന് എന്തൊക്കെ സന്നാഹമൊരുക്കണമെങ്കിലും,  അത് എത്ര വലുതാണെങ്കിലും അതിലൊരു കുറവും വരാതെ  സമയോചിതമായി ഇടപെടുകയെന്നത്‌  സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്‌. മഹത്തായ ഈ കർത്തവ്യം വിജയകരമായി നടത്തിയതിലൂടെയാണ്‌ മലമ്പുഴ കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബു എന്ന ഇരുപത്തിമൂന്നുകാരനെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനായത്‌.  കൂട്ടുകാരുമൊത്ത്‌ മലകയറാൻ പോയ മലമ്പുഴ ചെറാട്‌ സ്വദേശി ആർ ബാബു കാൽവഴുതി പാറയിടുക്കിൽ വീഴുകയായിരുന്നു. ആയിരം മീറ്റർ ഉയരമുള്ള മലയുടെ അടിവശം കൊടും കാട്‌. മുകൾ ഭാഗം 90 ഡിഗ്രി ചെരിവുള്ള പാറയും. ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭയാനകമായ 46 മണിക്കൂറാണ് ഒരിറ്റ്‌ വെള്ളംപോലുമില്ലാതെ ആ യുവാവ്‌ കഴിച്ചുകൂട്ടിയത്‌.
മലമ്പുഴ ഡാമിന്റെ വിദൂര ദൃശ്യം കാണാനുള്ള കൊതികൊണ്ടാണ്‌ ബാബു മലകയറിയത്‌.

അവിടെനിന്ന്‌ നോക്കിയാൽ മലമ്പുഴ ഡാമും മലനിരകളും മനോഹരമായി കാണാം. ഇത്രയും വശ്യമനോഹാരിത അതിസാഹസികമായി മലകയറിയാൽ മാത്രമേ ആസ്വദിക്കാനാകൂ.   പ്രകൃതിസൗന്ദര്യം നുണയാൻ കയറിയ ബാബു ജീവിതത്തിനും മരണത്തിനുമിടയിലായെന്ന്‌ വീഴ്‌ചയിലും നഷ്ടപ്പെടാതിരുന്ന മൊബൈൽ ഫോൺ വഴിയാണ്‌ പുറം ലോകത്തെ അറിയിച്ചത്‌. തിങ്കൾ പകൽ രണ്ടരയ്‌ക്ക്‌ സന്ദേശം എത്തിയതുമുതൽ കൂട്ടുകാരും പൊലീസും നാട്ടുകാരും വനം വകുപ്പുമെല്ലാം രക്ഷാപ്രവർത്തനം തുടങ്ങി. അതീവ ദുഷ്‌കരമാണ്‌ ബാബുവിനെ രക്ഷിക്കുക എന്നതിനാൽ ഉന്നത ഇടപെടൽ വേണ്ടിവരുമെന്ന്‌ ബോധ്യമായതോടെ  മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ടു.  പിന്നീടാണ്‌  ഒരു ജീവൻ രക്ഷിക്കാൻ  ഇത്തരത്തിലുള്ള വലിയ രക്ഷാപ്രവർത്തനത്തിന്‌ നാട്‌ സാക്ഷിയായത്‌. കേരളമാകെ, ലോകത്തെ മലയാളികളാകെ ഉറ്റുനോക്കിയ രക്ഷാപ്രവർത്തനം 46 മണിക്കൂറിനുശേഷം ബുധൻ പകൽ രണ്ടോടെ വിജയകരമായി പൂർത്തിയായി.

ദൗത്യത്തിന്‌ നേതൃത്വം നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ രക്ഷാപ്രവർത്തനമികവ് എടുത്തു പറയേണ്ടതാണ്. വെല്ലിങ്‌ടണിൽനിന്നും ബംഗളൂരുവിൽനിന്നുമുള്ള കരസേനാ കമാൻഡോകളായ ലഫ്‌റ്റനന്റ്‌ കേണൽ ഹേമന്ദ്‌ രാജ്‌,  കേണൽ ശേഖർ അത്രി,  ബാബുവിന്റെ തോളിൽ തട്ടി വെള്ളം നൽകി അവനെ ഉയർത്തിയ സൈനികൻ ബാലകൃഷ്‌ണൻ, ദൗത്യത്തിന്‌ നേതൃത്വം നൽകിയ ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ്‌ ജനറൽ അരുൺ, കേരള പൊലീസിന്റെ ഹൈ ആൾട്ടിറ്റ്യൂഡ്‌ റെസ്‌ക്യു സംഘം, പ്രവർത്തനം ഏകോപിപ്പിച്ച ജില്ലാ ഭരണകേന്ദ്രം, ബാബുവിന്റെ ജീവൻ രക്ഷിക്കാൻ സർവസജ്ജമായി നിന്ന മെഡിക്കൽ സംഘം, കേരള ഫയർ ആൻഡ്‌ റെസ്ക്യു സംഘം, അഞ്ഞൂറോളം വരുന്ന രക്ഷാപ്രവർത്തകർക്ക്‌  സഹായത്തിനായി നിലയുറപ്പിച്ച നാട്ടുകാർ, സൈനികർക്ക്‌ വഴികാട്ടാൻ രണ്ടും മൂന്നും തവണ മലകയറിയ ബാബുവിന്റെ കൂട്ടുകാർ, എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഈ സംഭവം നമുക്ക്‌ വലിയ പാഠമാണ്‌ നൽകുന്നത്‌. കേരളത്തിലെ കാടുകൾ എല്ലാം തുറന്നുകിടക്കുകയാണ്‌. അതിർത്തികൾ അടയ്‌ക്കുക പ്രായോഗികമല്ല. വനം വകുപ്പ്‌ മുൻകൈയെടുത്ത്‌ കൃത്യമായ ബോധവൽക്കരണം നടത്തണം. വനത്തിൽ അതിക്രമിച്ച്‌ കടന്നാൽ  കേസെടുക്കാം. ബാബുവിന്റെ അമ്മയുടെ അഭ്യർഥന കണക്കിലെടുത്ത് വനം മന്ത്രിയുടെ നിർദേശപ്രകാരം കേസ് ഒഴിവാക്കിയിരിക്കുകയാണ്. ട്രക്കിങ്‌ യുവാക്കൾക്ക്‌ ഹരമാണ്‌. പലരും മലമുകളിൽ കയറുന്നത്‌ അനുവാദമില്ലാതെയാണ്‌. വനം വകുപ്പുതന്നെ ട്രക്കിങ്ങിന്‌ സുരക്ഷിത സംവിധാനമുണ്ടാക്കിയാൽ അത്‌ വിനോദസഞ്ചാരമേഖലയ്‌ക്കും ഉണർവാകും. അനുവദനീയമായ തോതിൽ ആളുകളെ കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കണം. ഇനിയൊരു ബാബുവും വീഴാതിരിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top