30 September Saturday

അയോധ്യയിൽനിന്ന് മഥുരയിലേക്ക‍്

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


ഇരുപത്തൊമ്പത്‌ വർഷംമുമ്പ്‌ ഇതേ ദിവസമാണ്‌ അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടത്‌. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹിന്ദുത്വ ഫാസിസ്റ്റുകളാണ്‌ 16–-ാംനൂറ്റാണ്ടിൽ നിർമിച്ച മുസ്ലിങ്ങളുടെ ആരാധനാലയം തകർത്തത്‌. ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ നേടി അധികാരത്തിൽ എത്തുന്നതിന്‌ ആർഎസ്‌എസും സംഘപരിവാറും മെനഞ്ഞെടുത്ത രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു ബാബ്‌റി മസ്‌ജിദിന്റെ തകർക്കൽ. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ സീറ്റ്‌ വർധിപ്പിച്ച്‌ ബിജെപി അധികാരത്തിലേക്ക്‌ നീങ്ങിയത്‌ ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു. രാഷ്ട്രീയാധികാരം നേടാൻ മതത്തെയും മതവികാരങ്ങളെയും പരസ്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഗുജറാത്ത്‌, കന്ദമൽ, മുസഫർ നഗർ തുടങ്ങിയ വർഗീയകലാപങ്ങൾ സൃഷ്ടിക്കപ്പെട്ടതും ഇതേ ലക്ഷ്യംവച്ചായിരുന്നു. ഗുജറാത്ത്‌ കലാപക്കേസിൽ കുറ്റാരോപിതനായ നരേന്ദ്ര മോദി വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നതും ഭൂരിപക്ഷ മതവികാരത്തെ ഉപയോഗിച്ചായിരുന്നു. ബാബ്‌റി മസ്‌ജിദ്‌ തകർത്ത്‌ മുപ്പതാണ്ടിലേക്ക്‌ കടക്കുമ്പോഴും ആർഎസ്‌എസിനും ബിജെപിക്കും അധികാരത്തിലേക്കുള്ള വഴിതുറക്കുന്നത്‌ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തിയല്ല, മറിച്ച്‌ ഭൂരിപക്ഷ മതവികാരത്തെ ആളിക്കത്തിച്ചാണെന്നു കാണാൻ കഴിയും.

ബാബ്‌റി മസ്‌ജിദ്‌ തകർത്ത 1992 ഡിസംബർ ആറിന്‌ അയോധ്യയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം തന്നെയാണ്‌ സംഘപരിവാരം ഇന്നും ഉയർത്തുന്നത്‌. ‘അയോധ്യ ബാബ്‌റി ഒരു തുടക്കംമാത്രം: അടുത്തത്‌ കാശിയും മഥുരയും’ എന്ന 1992ലെ മുദ്രാവാക്യം തന്നെയാണ്‌ ഇന്നും ഉത്തർപ്രദേശിൽ ബിജെപി മുഴക്കുന്നത്‌. കാശിയിലും മഥുരയിലുമുള്ള പള്ളികളും ബാബ്‌റി മസ്‌ജിദ്‌ തകർത്തതുപോലെ തകർക്കണമെന്നാണ്‌ അവരിപ്പോൾ ആക്രോശിക്കുന്നത്‌. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രവളപ്പിലെ ഷാഹി ഈദ്‌ഗാഹും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ഗ്യാൻവ്യാപി പള്ളിയും തകർത്ത്‌ ആ പ്രദേശം ക്ഷേത്രങ്ങൾക്ക്‌ വിട്ടുനൽകണമെന്നാണ്‌ വാദം.

അയോധ്യയിൽ 2020 ആഗസ്‌ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജ നടന്നതോടെ അടുത്തലക്ഷ്യം മഥുരയാണെന്ന്‌ സംഘപരിവാർ പ്രഖ്യാപിച്ചിരുന്നു. അടുത്തവർഷം ആദ്യം യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നതിനാൽ മഥുര വിഷയം സജീവമായി ഉയർത്താനാണ്‌ സംഘപരിവാരത്തിന്റെ ശ്രമം. അതിന്റെ ഭാഗമായാണ്‌ ഡിസംബർ ആറിന്‌ മഥുരയിലെ ക്ഷേത്രത്തിനു സമീപമുള്ള 17–-ാം നൂറ്റാണ്ടിൽ നിർമിതമായ ഷാഹി ഇദ്‌ഗാഹിൽ ശ്രീകൃഷ്‌ണവിഗ്രഹം സ്ഥാപിക്കാനുള്ള നീക്കം. നവംബർ 16ന്‌ അഖിൽ ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ്‌ രാജ്യശ്രീ ചൗധരിയാണ്‌ പള്ളിയിൽ ശ്രീകൃഷ്‌ണവിഗ്രഹം സ്ഥപിക്കാനും സ്ഥലം ശുദ്ധി ചെയ്യുന്നതിനായി മഹാജലാഭിഷേകം നടത്താനും ആഹ്വാനം ചെയ്‌തത്‌. പള്ളി നിലകൊള്ളുന്ന സ്ഥലം ശ്രീകൃഷ്‌ണ ജന്മസ്ഥലമാണെന്നും അതിനാൽ പള്ളി നീക്കംചെയ്യണമെന്നുമാണ്‌ ആഹ്വാനം. ഇതേ ആവശ്യമുന്നയിച്ച്‌ നാരായണി സേനയെന്ന തീവ്രഹിന്ദുത്വവാദികളും രംഗത്തെത്തിയിട്ടുണ്ട്‌.

മഥുരയിലും അയോധ്യ ആവർത്തിക്കാനാണ്‌ നീക്കം. കേന്ദ്രത്തിൽ ഏഴരവർഷവും യുപിയിൽ നാലരവർഷവും ഭരിച്ചിട്ടും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട ബിജെപി മതസ്‌പർധ വളർത്തി വർഗീയവികാരം ആളിക്കത്തിച്ച്‌ മുതലെടുപ്പുനടത്താനാണ്‌ ശ്രമിക്കുന്നത്‌. ഡിസംബർ ആറിന്‌ മഥുരയിൽ ആളെക്കൂട്ടാനായി ആഗ്രയിലും സമീപ നഗരങ്ങളിലും തീവ്ര ഹിന്ദുത്വവാദികൾ നടത്തിയ ബൈക്ക്‌ റാലി പലയിടത്തും സംഘർഷത്തിനു കാരണമായി. ഗുരുഗ്രാമിൽ നമാസിനെതിരെ ഹിന്ദുത്വവാദികൾ തിരിഞ്ഞതും ഇതോട്‌ ചേർത്തുവായിക്കണം. ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ വർഗീയവിഷം ചാലിച്ച പ്രസംഗങ്ങളാണ്‌ നടത്തുന്നത്‌. കർഷകസമരം സൃഷ്ടിച്ച ഹിന്ദു–-മുസ്ലിം ഐക്യത്തെ ഏതുവിധേനയും തകർത്താൽ മാത്രമേ ബിജെപിക്ക്‌ യുപിയിൽ രക്ഷയുള്ളൂ. അതിനാലാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്ത ദിനംതന്നെ മഥുരയിലും വർഗീയകലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌. ആർഎസ്‌എസിന്റെയും ബിജെപിയുടെയും അപകടകരമായ ഈ തന്ത്രത്തെ തിരിച്ചറിയാൻ രാജ്യത്തെ ജനങ്ങൾക്ക്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്താൻ അവർ മുന്നോട്ടുവരികതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top