24 March Friday

സവാഹിരിവധം യുഎസിന്റെ ഇരട്ടമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖായ്‌ദയുടെ മേധാവി അയ്‌മൻ അൽ സവാഹിരി കൊല്ലപ്പെട്ടെന്ന വാർത്ത ചൊവ്വാഴ്‌ച രാവിലെയാണ്‌ ലോകം അറിഞ്ഞത്‌. അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട വേളയിലാണ്‌ സവാഹിരിയെ വധിച്ചതെന്ന്‌ അമേരിക്കൻ അധികൃതർ വ്യക്തമാക്കി. 11 വർഷംമുമ്പ്‌ അൽ ഖായ്‌ദ മേധാവിയായിരുന്ന ബിൻ ലാദനെ അമേരിക്കൻ സേന പാകിസ്ഥാനിൽവച്ച്‌ വധിച്ചശേഷം സംഘടനയുടെ ചുമതലയേറ്റ സവാഹിരിയെയും ഇപ്പോൾ അമേരിക്ക വധിച്ചിരിക്കുകയാണ്‌. സിഐഎ വർഷങ്ങളായി നടത്തിയ നിരീക്ഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമാണ് ഇതെന്ന്‌ അമേരിക്കൻ പ്രസിഡന്റുതന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അഫ്‌ഗാനിൽ ഭരണം നടത്തുന്ന താലിബാനാണ്‌ സവാഹിരിക്ക്‌ എല്ലാവിധ സംരക്ഷണവും നൽകിയതെന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയാണ്‌ സവാഹിരിക്ക്‌ താമസിക്കാൻ വീട്‌ ഒരുക്കിയതെന്ന വെളിപ്പെടുത്തൽ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. മാത്രമല്ല, അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചിട്ടുമുണ്ട്‌. അമേരിക്കയും താലിബാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ഇത്‌ വഴിവയ്‌ക്കുമെന്ന്‌ ന്യായമായും സംശയിക്കാം.  

സവാഹിരിയുടെ വധത്തോടെ നീതി നടപ്പാക്കിയിരിക്കുന്നെന്നാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രസ്‌താവിച്ചത്‌. 2001 സെപ്‌തംബർ 11ന്‌ അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ 3000 പേർ കൊല്ലപ്പെട്ടിരുന്നു. ആ ഭീകരാക്രമണത്തിന്റെ ഇരകൾക്ക്‌ നീതി ലഭ്യമാക്കിയെന്നാണ്‌ ബൈഡന്റെ അവകാശവാദം. ഈ ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്‌ അൽ ഖായ്‌ദയുടെ തലവനായിരുന്ന  ബിൻ ലാദനും അദ്ദേഹത്തിന്റെ പിൻഗാമി സവാഹിരിയുമായിരുന്നു. ഇരുവരെയും വധിച്ചതോടെ ഇരകൾക്ക്‌ നീതി ലഭിച്ചെന്നാണ്‌ ബൈഡന്റെ വാദം. എന്നാൽ, സോവിയറ്റ്‌ സേനയെ അഫ്‌ഗാനിസ്ഥാനിൽ പരാജയപ്പെടുത്താൻ അൽ ഖായ്‌ദയെ പണവും ആയുധവും നൽകി വളർത്തി വലുതാക്കിയത്‌ ഇതേ അമേരിക്കയാണെന്ന കാര്യം മറക്കാറായിട്ടില്ല. 

സവാഹിരിയെ വധിക്കാൻ അമേരിക്ക ഇപ്പോൾ തയ്യാറായതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്‌? അഫ്‌ഗാനിസ്ഥാനിൽ ഭീകരവാദപ്രസ്ഥാനമായ താലിബാനെ ഭരണാധികാരികളായി അവരോധിച്ച്‌ അമേരിക്കൻ സേന നടത്തിയ പിന്മാറ്റം പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ‘ഭീകരവാദത്തിനെതിരെ യുദ്ധം’ പ്രഖ്യാപിച്ച്‌ അഫ്‌ഗാനിസ്ഥാനിലേക്ക്‌ പടനയിച്ച അമേരിക്ക ഭീകരവാദികളെ ഭരണമേൽപ്പിച്ച്‌ പിൻവാങ്ങി എന്നതായിരുന്നു ആ വിമർശത്തിന്റെ ഉള്ളടക്കം. ഈ നാണക്കേടിൽനിന്ന്‌ മുഖം രക്ഷിക്കാൻ സവാഹിരിയുടെ ആസൂത്രിതമായ കൊലപാതകം സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജോ ബൈഡനും അമേരിക്കയും. ട്രംപിന്റെ കാലത്ത്‌ നഷ്ടമായ ആഗോള മേധാവിത്വം തിരിച്ചുപിടിക്കുന്നെന്ന സന്ദേശമാണ്‌ ഇതുവഴി ബൈഡൻ നൽകുന്നത്‌. അമേരിക്കൻ പാർലമെന്റിലേക്ക്‌ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ ഇരുസഭയിലും പരാജയം പ്രവചിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ അൽ ഖായ്‌ദ മേധാവിയുടെ വധം നടന്നത്‌.

അതോടൊപ്പംതന്നെ അമേരിക്കയിലെ രൂക്ഷമായ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്‌. പണപ്പെരുപ്പ നിരക്ക്‌ ഇരട്ട സഖ്യയിലേക്ക്‌ ഉയർന്നത്‌ ബൈഡൻ ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉയരാൻ കാരണമായിട്ടുണ്ട്‌. ഇതിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുക എന്നതും ബൈഡന്റെ ലക്ഷ്യമാണ്‌. എന്നാൽ, സവാഹിരിയുടെ കൊലപാതകംകൊണ്ട്‌ അൽ ഖായ്‌ദയെ പൂർണമായും പരാജയപ്പെടുത്താൻ കഴിഞ്ഞെന്ന ആഖ്യാനം ആരും മുന്നോട്ടുവയ്‌ക്കുമെന്ന്‌ തോന്നുന്നില്ല. കാരണം, ബിൻ ലാദനെ വധിച്ചശേഷവും അൽ ഖായ്‌ദ സജീവമായിത്തന്നെ ഈ ഭൂമുഖത്തുണ്ടായിരുന്നു. ഐഎസിന്റെ ഉയർച്ചയ്‌ക്കിടെ അൽപ്പം നിറം മങ്ങിയെങ്കിലും സബ്‌സഹാറൻ ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും പശ്ചിമേഷ്യയിലും അവർ സാന്നിധ്യമുറപ്പിച്ചു. സവാഹിരിക്കു പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത്‌ അൽ ഖായ്‌ദ ഭീകരവാദ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ്‌ സാധ്യത. ഭീകരവാദത്തിന്‌ തടയിടണമെന്നത്‌ അമേരിക്കയുടെ അജൻഡയല്ല. ജമാൽ ഖഷോഗിയുടെ വധത്തിന്‌ ഉത്തരവാദിയെന്ന്‌ അമേരിക്കതന്നെ ആരോപിച്ച സൗദി കിരീടാവകാശിയുമായി കഴിഞ്ഞ മാസമാണ്‌ ബൈഡൻ കൂടിക്കാഴ്‌ച നടത്തിയത്‌ എന്നതിൽനിന്ന്‌ ഇത്‌ വ്യക്തമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top