23 September Saturday

അരക്ഷിതമാകുന്ന എടിഎമ്മുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 22, 2016

 

എടിഎം ഇടപാട് സര്‍വസാധാരണമായിരിക്കുന്നു. പണത്തിന്റെ ഏറ്റവും വലിയ വിനിമയസങ്കേതമായി എടിഎമ്മുകള്‍ മാറിയിരിക്കെ, അതുവഴിയുള്ള ഇടപാടുകളുടെ സുരക്ഷിതത്വം രാജ്യത്തിന്റെയാകെ ആശങ്കയാണ്. എടിഎം തട്ടിപ്പുവാര്‍ത്തകള്‍ തുരുതുരെ വരുന്നു. ഏറ്റവുമൊടുവില്‍ വന്ന വിവരം 32 ലക്ഷത്തോളം എടിഎം–ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമല്ലെന്നാണ്. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ എന്ന ഔദ്യോഗിക സ്ഥാപനംതന്നെ അത് സ്ഥിരീകരിച്ചു. 19 ബാങ്ക് കേന്ദ്രീകരിച്ച് പലവിധ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.  കാര്‍ഡ് വിവരം ചോര്‍ത്തി പണം പിന്‍വലിക്കുന്നതുമുതല്‍ ബാങ്കുകളുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി കൃത്രിമംകാണിച്ച് പണം പിന്‍വലിക്കുന്നതുവരെ. കാര്‍ഡുടമ ഇന്ത്യയിലായിരിക്കെ വിദേശത്തുനിന്ന് പണം പിന്‍വലിച്ച അനുഭവവുമുണ്ട്. സുരക്ഷിതത്വം സംശയത്തിലായ കാര്‍ഡുകള്‍ മരവിപ്പിക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യുന്നുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ആറുലക്ഷം കാര്‍ഡുകള്‍  ബ്ളോക്ക് ചെയ്തു. പുതുതലമുറ ബാങ്കുകളുടേതാണ് കുഴപ്പത്തിലായ 26 ലക്ഷത്തോളം കാര്‍ഡുകള്‍.

ആകെ എടിഎം കാര്‍ഡുകളുടെ എണ്ണത്തിന്റെ അരശതമാനത്തിന് മാത്രമാണ് കുഴപ്പമെന്ന് ആശ്വസിക്കുന്നതില്‍ കാര്യമില്ല. ഭൂരിപക്ഷം ജനങ്ങളും ആശങ്കയിലാണ്.  മുഴുവന്‍സമയ സേവനം, എവിടെനിന്നും ബാങ്കിങ്, രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും ഏതു ബാങ്കില്‍നിന്നും പണം പിന്‍വലിക്കാന്‍ സംവിധാനം, പരിപൂര്‍ണ സുരക്ഷ– ഇങ്ങനെയൊക്കെയാണ് എടിഎം നിലവില്‍വരുമ്പോള്‍ കിട്ടിയ വാഗ്ദാനങ്ങള്‍. അതോടെ ബാങ്ക് കൌണ്ടറുകളെക്കാള്‍ എടിഎമ്മുകളെ ജനം ആശ്രയിച്ചു. അതിന്റെ മറവില്‍, ബാങ്കുകള്‍ ജീവനക്കാരെ വെട്ടിക്കുറച്ച് 'ചെലവുകുറയ്ക്കല്‍' നടപ്പാക്കി. അടുത്ത ഘട്ടമായി, ചെലവുകുറയ്ക്കാന്‍ എടിഎം സൌകര്യം പരിമിതപ്പെടുത്തി. പിന്‍വലിക്കലിന് എണ്ണം നിശ്ചയിച്ചു. എടിഎമ്മിന് കാവല്‍ വേണ്ടെന്നായി. 

ഇങ്ങനെ നാനാവിധ പരീക്ഷണങ്ങള്‍ നടക്കവെ, എടിഎം സേവനവും ഉറപ്പില്ലാത്തതായി. കവര്‍ച്ച വ്യാപകമായി. ഇടപാടുകാരുടെ രഹസ്യവിവരം ചോര്‍ത്തുന്ന ഇലക്ട്രോണിക് സംവിധാനങ്ങള്‍ എടിഎം കൌണ്ടറില്‍ ഘടിപ്പിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുന്ന നില വന്നു. ഈയിടെ തിരുവനന്തപുരത്തുനടന്ന തട്ടിപ്പിനുപിന്നില്‍ വിദേശികളായിരുന്നു. അവര്‍ക്ക് സൌകര്യമൊരുക്കിയത് ബാങ്കുകളുടെ സമീപനമാണെന്ന് നിസ്സംശയം പറയാം. എടിഎമ്മിന് കാവല്‍ക്കാര്‍ വേണ്ടെന്ന് വച്ചതും  എടിഎമ്മിനകത്ത് സ്ഥാപിച്ച  ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നു നോക്കാന്‍പോലും സൌകര്യമില്ലാത്തതും മറ്റാരുടെയും കുറ്റമല്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പണം കൈകാര്യംചെയ്യുന്നത് ബാങ്കുകള്‍ നേരിട്ടല്ല എന്നതാണ്. കാശ് നിക്ഷേപിക്കാനുള്ള ചുമതല ബാങ്കുമായി ബന്ധമില്ലാത്ത പുറംകരാറുകാര്‍ക്കാണ്. അവര്‍ വിചാരിച്ചാലോ അവരെ കബളിപ്പിച്ചോ ഏതു യന്ത്രവും എപ്പോള്‍ വേണമെങ്കിലും എടിഎമ്മിനകത്തും പുറത്തും നിക്ഷേപിക്കാം. സാങ്കേതിക പുരോഗതിയില്‍ ഇന്ത്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിദഗ്ധമായി എടിഎം തട്ടിപ്പ് നടക്കുന്നു. തട്ടിപ്പ് തടയാന്‍ അതീവ ജാഗ്രത പാലിക്കണം. പുതിയ കാലത്ത് ബാങ്കിടപാടുകള്‍ മാത്രമല്ല, ദൈനംദിന വ്യവഹാരങ്ങള്‍ പലതും ഓണ്‍ലൈന്‍ ബന്ധിതമാണ്. സാങ്കേതികവിദഗ്ധരായ തട്ടിപ്പുകാര്‍ക്ക് നുഴഞ്ഞു കയറാനും  നാനാതരം പരീക്ഷണങ്ങള്‍ നടത്തി പണം തട്ടിയെടുക്കാനും നാനാതരം വഴികളുണ്ട്.

തട്ടിപ്പുകള്‍ ഒറ്റപ്പെട്ടതല്ല എന്നതുപോലെതന്നെ അതിനിടയാക്കുന്ന  കാരണങ്ങളും താഴെത്തട്ടിലുള്ളതല്ല. നയത്തിന്റേതാണ് പ്രശ്നം. എടിഎം കൌണ്ടറുകള്‍  വ്യാപകമാക്കുകവഴി ബാങ്കിങ്ങിലെ മനുഷ്യശേഷിയുടെ ആവശ്യകത ഗണ്യമായി കുറഞ്ഞു.അങ്ങനെ കുറച്ചതിന്റെ ചെറിയൊരു ഭാഗമെങ്കിലും എടിഎമ്മുകളുടെ സുരക്ഷയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ തയ്യാറാകുന്നില്ല. കാവലില്ലാത്തതും ക്യാമറ ഫലപ്രദമല്ലാത്തതുമായ എടിഎം മെഷീനുകള്‍ അപ്പാടെ എടുത്തുകൊണ്ടുപോകാന്‍ എളുപ്പമാണെന്നിരിക്കെ ചെറിയ ഉപകരണങ്ങള്‍സ്ഥാപിച്ചും മറ്റും നിര്‍ബാധം തട്ടിപ്പ് നടത്താം. ആ സൌകര്യമാണ് ഉപയോഗിക്കപ്പെടുന്നത്. സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിബന്ധനകളോ പാലിക്കാതെയാണ് മഹാഭൂരിപഷം ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. അമിതലാഭംമാത്രം മുന്നില്‍ക്കണ്ട് മറ്റെല്ലാം മറക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.  അമിതജോലിഭാരം താങ്ങുകയും അതിന്റെ സമ്മര്‍ദമനുഭവിക്കുകയും ചെയ്യുന്നവരാണ് ബാങ്കിങ് മേഖലയിലെ കീഴ്ജീവനക്കാരിലേറെയും. അവരെയും വിഷമസന്ധിയിലാക്കുന്നു പുതിയ അവസ്ഥ. ഈ അവസ്ഥയിലേക്ക് ഇടപാടുകാരെയും ജീവനക്കാരെയും എത്തിക്കുന്ന നയങ്ങളാണ്   വിചാരണചെയ്യപ്പെടേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, ഓരോ തട്ടിപ്പ് പിടിക്കപ്പെടുമ്പോഴും കേവലം ഒരു കവര്‍ച്ച എന്ന നിലയില്‍ ചര്‍ച്ചചെയ്യാനേ പലരും തയ്യാറാകുന്നുള്ളൂ. യഥാര്‍ഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായ രാഷ്ട്രീയവിചാരണയിലേക്കും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടപ്പെടുന്നതിലേക്കുമാണ് നയിക്കുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top