04 July Saturday

ഗ്രഹണം കണ്ടു, വരവേറ്റു ആഘോഷമായി, അറിവായി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2019ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകം പിന്നിടുമ്പോൾ ദൃശ്യമായ വലയസൂര്യഗ്രഹണം ഇന്ത്യയെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ളതാണ്‌. രാജ്യത്തെ മനുസ്‌മൃതിക്കാലത്തേക്ക്‌ തിരിച്ചുവിടാൻ ഭരണകൂടം തന്നെ ശ്രമിക്കുന്ന വർത്തമാന സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം കാണാനും പഠിക്കാനും ഏറെപ്പേർ രംഗത്തിറങ്ങിയത്‌ ആശാവഹമാണ്‌. കേരളത്തിൽ പുരോഗമനപ്രസ്ഥാനങ്ങളും ശാസ്‌ത്രസ്ഥാപനങ്ങളുമെല്ലാം 26ന്റെ വലയസൂര്യഗ്രഹണത്തെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ഇന്ത്യയിൽ വ്യാഴാഴ്‌ച സൂര്യഗ്രഹണം ആദ്യം ദൃശ്യമായത്‌ കാസർകോട്‌ ജില്ലയിലെ ചെറുവത്തൂരിലാണ്‌. കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലും വലയസൂര്യഗ്രഹണം നന്നായി കാണാൻ കഴിഞ്ഞു. വയനാട്ടിൽ ആകാശം മേഘാവൃതമായതിനെ തുടർന്ന്‌ പലർക്കും ഈ ആകാശവിസ്‌മയം കാണാനായില്ല. മറ്റു ജില്ലകളിലും ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിലാണ്‌ വലയസൂര്യഗ്രഹണം പൂർണമായി കാണാൻ കഴിഞ്ഞത്‌. ഒഡിഷ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തുടങ്ങി പല സംസ്ഥാനങ്ങളിലും ഭാഗികമായി ഗ്രഹണം കാണാനായി.

സൂര്യഗ്രഹണം കാണുകയെന്നതിനപ്പുറം ഗ്രഹണത്തെപ്പറ്റി പഠിക്കാനും അന്ധവിശ്വാസങ്ങളിൽനിന്ന്‌ മോചിതരാകാനും ജനങ്ങൾക്കു ലഭിച്ച ഒരവസരം എന്നതിലാണ്‌ ഈ വർഷാവസാനത്തെ വലയ സൂര്യഗ്രഹണത്തെ കാണേണ്ടത്‌. ക്ഷേത്രങ്ങൾ അടച്ചിട്ടും വീടുകളിൽനിന്ന്‌ പുറത്തിറങ്ങാതെയും ഭക്ഷണം ഉപേക്ഷിച്ചും ഗ്രഹണത്തെ പേടിച്ചിരുന്ന ഒരവസ്ഥയിൽനിന്ന്‌ ഗ്രഹണം കാണാനും ആഘോഷമാക്കാനും പഠിക്കാനും ജനങ്ങളെ പ്രാപ്‌തരാക്കിയെന്നത്‌ ചില്ലറ കാര്യമല്ല.


 

കേരളത്തിൽ ബാലസംഘം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ബ്രേക്ക്‌ത്രൂ സയൻസ്‌ സൊസൈറ്റി, ശാസ്‌ത്രസാങ്കേതിക മ്യൂസിയം തുടങ്ങി പല സംഘടനകളും സ്ഥാപനങ്ങളും ഗ്രഹണസമയത്ത്‌ ജനങ്ങളെ പുറത്തിറക്കുന്നതിന്‌ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. മാധ്യമങ്ങളും ഇക്കാര്യത്തിൽ അഭിനന്ദനാർഹമായ പങ്കുവഹിച്ചു. ക്ഷേത്രം അടച്ചിട്ട്‌ മുന്നിലെ മൈതാനത്തു വന്ന്‌ സൗരക്കണ്ണട വച്ച്‌ ഗ്രഹണം കാണുന്ന മലയാളികളും ഉണ്ടെന്നത്‌ മറ്റൊരു വശം. വായനശാലകൾ, മൈതാനങ്ങൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിലെല്ലാം സൗരക്കണ്ണടകളും ടെലസ്‌കോപ്പുകളും പിൻഹോൾ ക്യാമറകളുമൊക്കെയായിട്ടാണ്‌ ഗ്രഹണക്കാഴ്‌ചയ്‌ക്ക്‌ ഒരുക്കങ്ങൾ ചെയ്‌തത്‌. ഗ്രഹണസമയത്ത്‌ ഭക്ഷണം കഴിക്കരുതെന്ന അന്ധവിശ്വാസത്തെ മറികടക്കാൻ ഇവിടങ്ങളിലൊക്കെ ലഘുഭക്ഷണവും സംഘാടകർ നൽകി.

വ്യാഴാഴ്‌ച ദൃശ്യമായത്‌ വലയസൂര്യഗ്രഹണമാണ്‌. സൂര്യനും ഭൂമിയും അവയ്‌ക്കിടയിൽ ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലായതിനാൽ നാം നോക്കുമ്പോൾ പൂർണമായോ ഭാഗികമായോ സൂര്യനെ കാണുകയില്ല. ഈ പ്രതിഭാസത്തെയാണ്‌ സൂര്യഗ്രഹണമെന്ന്‌ പറയുന്നത്‌. ചന്ദ്രൻ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലൂടെയാണ്‌ ഭൂമിയെ ചുറ്റുന്നത്‌. അതിനാൽ ചിലപ്പോൾ ചന്ദ്രൻ ഭൂമിക്ക്‌ അടുത്തും ചിലപ്പോൾ അകലെയുമാകും. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ സൂര്യഗ്രഹണം സംഭവിച്ചാൽ അത്‌ പൂർണ സൂര്യഗ്രഹണമാകും. കാരണം അപ്പോൾ സൂര്യനെ പൂർണമായും മറയ്‌ക്കും. ചന്ദ്രൻ ഭൂമിയിൽനിന്ന്‌ ഏറ്റവും അകലെയുള്ളപ്പോൾ ഉണ്ടാകുന്ന സൂര്യഗ്രഹണത്തിൽ സൂര്യനെ പൂർണമായി മറയ്‌ക്കാൻ കഴിയില്ല. ചുറ്റും വലയംപോലെ പ്രകാശിക്കും. ഇതാണ്‌ വലയസൂര്യഗ്രഹണം. ഈ രണ്ടു ഗ്രഹണത്തിലും ഗ്രഹണപാതയ്‌ക്ക്‌ ഇരുവശത്തുനിന്നും ഭാഗിക സൂര്യഗ്രഹണം കാണാം.

സൂര്യഗ്രഹണസമയത്ത്‌ നടത്തിയ പരീക്ഷണങ്ങളിൽക്കൂടിയും പഠനത്തിൽക്കൂടിയും ശാസ്‌ത്രസമൂഹം പല കണ്ടെത്തലും നടത്തിയിട്ടുണ്ട്‌ . ഹീലിയത്തിന്റെ കണ്ടുപിടിത്തം 1868 ആഗസ്‌ത്‌ 18നു നടന്ന സൂര്യഗ്രഹണവേളയിൽ നടത്തിയ നിരീക്ഷണത്തിന്റെ ഫലമാണ്‌. സൂര്യനിൽ ഹീലിയം മൂലകമുണ്ടെന്ന്‌ കണ്ടെത്തി 27 വർഷം കഴിഞ്ഞാണ്‌ ഭൂമിയിൽ അതിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. ഐൻസ്‌റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പരീക്ഷണത്തിലൂടെ തെളിയിച്ചത്‌ ഒരു നൂറ്റാണ്ടുമുമ്പ്‌, 1919ൽ, സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെയാണ്‌. സൂര്യന്റെ കൊറോണയെക്കുറിച്ചും പൊതുവെ നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾക്ക്‌ ഗ്രഹണസമയം ഏറ്റവും ഉചിതമായ സമയമായിരുന്നു. ഇന്നും പ്രപഞ്ചപഠനത്തിന്‌ ഇതുപോലുള്ള ആകാശദൃശ്യങ്ങളും സംഭവങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ്‌ ആധുനികസമൂഹം ചെയ്യുന്നത്‌. ഇന്ത്യൻ ശാസ്‌ത്രസമൂഹവും ചെയ്യേണ്ടത്‌ അതുതന്നെയാണ്‌. അതിന്‌ നമ്മുടെ ശാസ്‌ത്രജ്ഞരെ ഗോമൂത്രത്തിൽനിന്ന്‌ സ്വർണം കണ്ടെത്താനും പശു പുറത്തുവിടുന്ന ഓക്‌സിജന്റെ അളവെടുക്കാനുമുള്ള ഗവേഷണങ്ങളിൽ തളച്ചിടാതിരുന്നാൽ മതി. ഗ്രഹണം വരുമ്പോൾ ജനങ്ങളെ വീടുകൾക്കുള്ളിൽ അടച്ചിരിക്കാൻ പ്രേരിപ്പിക്കാതിരുന്നാൽ മതി. കുട്ടികളും യുവജനങ്ങളും ഗ്രഹണം കാണട്ടെ! അതേക്കുറിച്ച്‌ ചിന്തിക്കട്ടെ! പഠിക്കട്ടെ! ലോകം മുന്നോട്ടുപോകുന്നത്‌ അങ്ങനെയാണ്‌.


പ്രധാന വാർത്തകൾ
 Top