16 October Saturday

ജര്‍മന്‍ രാഷ്ട്രീയം വഴിത്തിരിവിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2017

ജര്‍മനിയില്‍ നാലാം തവണയും ആംഗല മെര്‍ക്കല്‍ ചാന്‍സലറായി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പശ്ചിമ ജര്‍മനിയെ ലോകോത്തര ശക്തിയായി ഉയര്‍ത്തിയ കോണ്‍റാഡ് അഡനോവറിനും ജര്‍മനിയുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ഹെല്‍മുട്ട് കോളിനും ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലായിരിക്കും. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും കുറഞ്ഞ വോട്ടുമായി അധികാരത്തിലേറുന്ന ചാന്‍സലര്‍ എന്ന പദവിയും അവര്‍ക്കുമാത്രം സ്വന്തമായിരിക്കും. 2013ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ എട്ടു ശതമാനം കുറഞ്ഞ വോട്ടും സീറ്റും നേടിയാണ് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു) ബവേറിയന്‍ പ്രവിശ്യയിലെ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും (സിസിയു) തമ്മിലുള്ള സഖ്യത്തിന് 32.9 ശതമാനം വോട്ടും 249 സീറ്റുമാണ് നേടാനായത്. 709 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 354 സീറ്റ് വേണം. കഴിഞ്ഞ തവണ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുമായി (എസ്ഡിപി) സഖ്യത്തിലാണ് മെര്‍ക്കല്‍ ഭരണം നടത്തിയത്. എന്നാല്‍, മെര്‍ക്കലിന്റെ നവലിബറല്‍ നയത്തെ അംഗീകരിക്കുക വഴി ജനപ്രീതി നഷ്ടപ്പെട്ട് രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും കുറഞ്ഞ വോട്ടും സീറ്റുമായി മുഖം നഷ്ടപ്പെട്ട ജോര്‍ജ് ഷൂള്‍സിന്റെ നേതൃത്വത്തിലുള്ള എസ്ഡിപി പ്രതിപക്ഷത്തിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നവ ലിബറല്‍-ബിസിനസ് അനുകൂല ഫ്രീ ഡെമോക്രാറ്റിക് പാര്‍ടിയുമായും ഈ നയത്തെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളായ ഗ്രീന്‍സ് പാര്‍ടിയുമായും 'ജമൈക്കന്‍ സഖ്യ'ത്തിനുള്ള തയ്യാറെടുപ്പിലാണ് ആംഗല മെര്‍ക്കല്‍.  ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ കക്ഷികളുമായി സഖ്യമുണ്ടാക്കിയാലും ദൈനംദിന ഭരണം മെര്‍ക്കലിനെ സംബന്ധിച്ച് ദുഷ്കരമായിരിക്കും.  

ജര്‍മന്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത നാസിഭരണത്തിനുശേഷം ആദ്യമായി അവരുടെ പിന്മുറക്കാരായ ആര്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡ്യൂഷ്ലാന്റിന് (എഎഫ്ഡി) ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദേസ്റ്റാഗില്‍ പ്രാതിനിധ്യം ലഭിച്ചുവെന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് പ്രവേശനത്തിന് ആവശ്യമായ അഞ്ചു ശതമാനം വോട്ട്് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രാതിനിധ്യം ലഭിക്കാതിരുന്ന ഈ നാസികക്ഷി, ഇക്കുറി 12.6 ശതമാനം വോട്ടും 94 സീറ്റും നേടി മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായി.  മെര്‍ക്കലിന്റെ സിഡിയു, എസ്ഡിപി എന്നീ കക്ഷികളില്‍നിന്ന് യഥാക്രമം പത്തും അഞ്ചും ലക്ഷം വോട്ട് എഎഫ്ഡിയിലേക്ക് മറിഞ്ഞുവെന്നാണ് ചില തെരഞ്ഞെടുപ്പ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.  20.5 ശതമാനം വോട്ടും 153 സീറ്റും നേടി എസ്ഡിപി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാണ് പ്രതിപക്ഷ നേതൃസ്ഥാനം എഎഫ്ഡിക്ക് ലഭിക്കാതാകുന്നത്.  യൂറോപ്യന്‍ വിരുദ്ധ പ്ളാറ്റ്ഫോമില്‍ 2013ല്‍ രൂപംകൊണ്ട ഈ നവനാസി പ്രസ്ഥാനം മെര്‍ക്കലിന്റെ ചെലവുചുരുക്കല്‍ നയത്തിനും  കുടിയേറ്റ അനുകൂല നയത്തിനുമെതിരെ (10 ലക്ഷം സിറിയന്‍ കുടിയേറ്റക്കാരെ സ്വീകരിച്ച നയം) പ്രചാരണം നടത്തിയാണ് മൂന്നാം കക്ഷിയായി ഉയര്‍ന്നത്. ജര്‍മന്‍ ഏകീകരണത്തിനുശേഷം തീര്‍ത്തും അവഗണിക്കപ്പെട്ട കിഴക്കന്‍ ജര്‍മനിയിലാണ് എഎഫ്ഡി മുന്നേറ്റമുണ്ടാക്കിയത്. മെര്‍ക്കലിന്റെ പാര്‍ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സാക്സണിയിലടക്കം ഏറ്റവും വലിയ കക്ഷിയായി എഎഫ്ഡി മാറി. വലിയ ഈ വിജയത്തിനിടയിലും എഎഫ്ഡി നേതാക്കള്‍ തമ്മിലുള്ള പോര് ആ പാര്‍ടിയെ തളര്‍ത്തിയിട്ടുണ്ട്. 2015ല്‍ പാര്‍ടി നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന ഫ്രൌക്കേ പെട്രി പാര്‍ലമെന്റിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് രൂക്ഷമായ അധികാരവടംവലി വെളിച്ചത്തുകൊണ്ടുവന്നു. എഎഫ്ഡിയുടെ തീവ്ര ദേശീയതയിലൂന്നിയ അഭയാര്‍ഥി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയ അലക്സാണ്ടര്‍ ഗൌലാന്‍ഡുമായും ആലിസ് വീഡലുമായും സൌഹൃദം പങ്കിടാന്‍ പോലും പെട്രി തയ്യാറല്ലെന്നു മാത്രമല്ല ഇവര്‍ പാര്‍ടിയെ അരാജവാദികളുടെ പാര്‍ടിയായി അധഃപതിപ്പിച്ചിരിക്കുകയാണെന്നും തീവ്രവലതുപക്ഷ വാദം ഭരിക്കാന്‍ കൊള്ളുന്ന പാര്‍ടിയായി എഎഫ്ഡിയെ കാണുന്നതിന് തടസ്സമാകുമെന്നും പെട്രി കുറ്റപ്പെടുത്തി. 

ജര്‍മന്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റത്തിനിടയിലും പിടിച്ചുനില്‍ക്കാനായി.  ഡി ലിങ്കേ (ഇടതുപക്ഷം)യാണ് പ്രധാന ഇടതുപക്ഷ കക്ഷി. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചെങ്കിലും സീറ്റൊന്നും നേടാനായില്ല.  ഡി ലിങ്കേ പാര്‍ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 0.6 ശതമാനം വോട്ടും അഞ്ചുസീറ്റും നേടി. ആന്‍ഡ്രിയാസ് ഗുന്തര്‍ നയിക്കുന്ന പാര്‍ടിക്ക് 69 സീറ്റ് ലഭിച്ചു. കോര്‍പറേറ്റുകളുടെ സഹായമേതുമില്ലാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയെന്നു മാത്രമല്ല എഎഫ്ഡിയുടെ കുടിയേറ്റവിരുദ്ധ നിലപാടിനെയും തീവ്രദേശീയ വാദത്തെയും  ശക്തിയുക്തം എതിര്‍ത്തുകൊണ്ടാണ് ഡി ലിങ്കേ  തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. എഎഫ്ഡിയുടെ നവനാസിസത്തെയും മെര്‍ക്കലിന്റെ ചെലവുചുരുക്കല്‍ നടപടിയെയും ശക്തമായി എതിര്‍ത്തുകൊണ്ടുള്ള ഒരു രാഷ്ട്രീയ സമീപനമായിരിക്കും ഡി ലിങ്കേ വരും കാലങ്ങളില്‍ സ്വീകരിക്കുകയെന്ന് അവരുടെ പാര്‍ലമെന്ററി പാര്‍ടി നേതാവായ സാറ വാഗന്‍ഷെറ്റ് വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനം ലഭിച്ചുവെങ്കിലും നാലാം വട്ട ഭരണം മെര്‍ക്കലിന് സുഗമമായിരിക്കില്ല. ജര്‍മന്‍ രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ കലുഷിതമാകുമെന്ന് ഉറപ്പിച്ചു പറയാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top