30 May Tuesday

കേന്ദ്രത്തിന്‌ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018


ഗതാഗതരംഗമാകെ കുത്തകവൽക്കരിക്കാനും കോടിക്കണക്കായ തൊഴിലാളികളെയും ചെറുകിട  ഉടമകളെയും തൊഴിൽരഹിതരാക്കാനും ഇടയാക്കുന്ന നിയമഭേദഗതിക്കെതിരെയുള്ള അത്യുജ്വലമായ ചെറുത്തു നില്പിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷ്യംവഹിച്ചത്.  മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും ചെറുകിട വാഹന ഉടമകളും സംയുക്തമായി നടത്തിയ പണിമുടക്കിന് അഭൂതപൂർവമായ പിന്തുണയാണ് വിവിധ മേഖലകളിൽ ലഭിച്ചത്.  ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകൾ, കോൺട്രാക്ട് വാഹനങ്ങൾ, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ പങ്കാളികളായി.  

നയം രൂപീകരിക്കാനും നിയമം നിർമിക്കാനുമുള്ള അധികാരമടക്കം  വൻകിട കുത്തകകൾക്ക്  കാഴ്ചവയ‌്ക്കുന്നതും സംസ്ഥാന സർക്കാരുകൾക്ക് ഗതാഗതമേഖലയിലുള്ള നിയന്ത്രണം  ഇല്ലാതാക്കുന്നതുമാണ് നിയമ ഭേദഗതി. യൂബർ , ഓല തുടങ്ങിയ വൻകിട കമ്പനികളാണ് ഇന്ന് ടാക്‌സി രംഗത്ത‌്‌ കാണെക്കാണെ വളരുന്നത്. സ്വന്തമായി വാഹനമോടിച്ചുജീവിക്കുന്ന പതിനായിരങ്ങളെയാണ് ഇത് ബാധിക്കുന്നത‌്. ഈ അവസ്ഥ സകലപരിധിയും ലംഘിച്ചുവളരുന്നതിനാണ്, അഗ്രിഗേറ്റർ അഥവാ വൻകിട വാഹനവ്യൂഹ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുന്നത്.

അതോടെ, ഓട്ടോ, ടാക്‌സി, സ്വകാര്യബസ് വ്യവസായം, ആർടിസികൾ, ചരക്കുകടത്തുമേഖല എന്നിവ  കുത്തകകളുടെ കൈയിലെത്തും. സ്വന്തമായി വണ്ടിയോടിച്ച‌് ഉപജീവനം നടത്തുന്നവർ കമ്പനിക്കു കീഴ്‌പ്പെടേണ്ടിവരും.  ഓട്ടോകൾ അപ്രത്യക്ഷമാകും. ഓട്ടോകളുടെയും ടാക്‌സികളുടെയും ഷെയറിങ് സവാരി 5000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമായാണ് നിയമഭേദഗതി   രേഖപ്പെടുത്തുന്നത്.  ബസുകളുടെ    സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് വേർതിരിവ്  അവസാനിപ്പിക്കും.   യാത്രക്കൂലി പലമടങ്ങ് വർധിക്കും. റോഡ് ട്രാൻസ്‌പോർട്ട‌് കോർപറേഷനുകൾ  ഇല്ലാതാകുന്നതോടെ വിദ്യാർഥികൾക്കും ദുർബലവിഭാഗങ്ങൾക്കുമുള്ള യാത്രാസൗജന്യത്തിന് പൂർണവിരാമമാകും.  ചരക്കുകടത്തുമേഖലയുടെ കുത്തകവൽക്കരണം ചരക്കുകൂലിവർധനയിലും സാർവത്രിക വിലക്കയറ്റത്തിലേക്കുമാണ് നയിക്കുക.

നമ്മുടെ നാട്ടിൽ വലിയ തൊഴിൽദായകമേഖലയാണ് മോട്ടോർ വർക‌് ഷോപ്പുകൾ. നിർദിഷ്ട ഭേദഗതിനിയമം  ഈ വർക‌്ഷോപ്പുകളെയും സർവീസ് സ‌്റ്റേഷനുകളെയും അവസാനിപ്പിക്കും. പകരം വൻകിട കമ്പനികൾ, അവരുടെ സ്‌പെയർപാർട്ട‌് വിതരണം, അവരുടെ സർവീസ് സ്റ്റേഷൻ‐ ഇതാണ് വരിക. സ്വയം തൊഴിൽ കണ്ടെത്തി ജീവിതം നയിക്കുന്ന ഡ്രൈവർമാരെയും വർക‌് ഷോപ്പുകാരെയും ഡ്രൈവിങ് സ്‌കൂളുകാരെയുംമറ്റും നേരിട്ടും ജനങ്ങളെയാകെ പരോക്ഷമായും ബാധിക്കുന്ന ഈ നിയമഭേദഗതി പിൻവലിപ്പിക്കാനുള്ള സമരം നാടിന്റെയാകെ ആവശ്യങ്ങൾക്കായുള്ളതാണ്. 

ഇപ്പോൾത്തന്നെ റോഡുഗതാഗതമേഖല കടുത്ത പ്രതിസന്ധിയിലാണ്.  അനുദിനമുണ്ടാകുന്ന എണ്ണ വിലവർധന,  നിയന്ത്രണമില്ലാതെ ഉയരുന്ന ഇൻഷുറൻസ് പ്രീമിയം നിരക്ക് തുടങ്ങിയവയുടെ സമ്മർദത്തിൽ വഴിമുട്ടി നിൽക്കുന്ന ഈ മേഖലയെ നാശത്തിലേക്കുതള്ളുന്നതാണ് നിയമഭേദഗതി എന്ന് കാര്യകാരണസഹിതം തൊഴിലാളികൾ വ്യക്തമാക്കുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ ക്രിയാത്മക ശുപാർശകളാകെ അവഗണിച്ചാണ് ലോക്‌സഭയിൽ ഈ ഭേദഗതി എൻഡിഎ സർക്കാർ പാസാക്കിയത്. രാജ്യസഭയുടെ സെലക്ട്  കമ്മിറ്റിയിലും ബിജെപിക്കാരുടെ ഭേദഗതികൾമാത്രമേ സ്വീകരിച്ചുള്ളൂ.

റോഡുഗതാഗത സുരക്ഷാനിയമം പിൻവലിക്കാൻ നിർബന്ധിതമായതിനെ തുടർന്നാണ് കേന്ദ്രസർക്കാർ മോട്ടോർവാഹന നിയമഭേദഗതി കൊണ്ടുവന്നത്. ലോക്‌സഭയിൽ അവതരിപ്പിച്ച നിയമഭേദഗതി പ്രതിപക്ഷാംഗങ്ങളുടെ സമ്മർദത്തെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശകൾ സർക്കാർ പാടെ അവഗണിക്കുകയും ലോക്‌സഭയിൽ എൻഡിഎ സഖ്യത്തിനുള്ള മൃഗീയഭൂരിപക്ഷം ഉപയോഗപ്പെടുത്തി നിയമഭേദഗതി ശബ്ദവോട്ടോടെ അംഗീകരിപ്പിക്കുകയുംചെയ്തു. രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ട ഭേദഗതിബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടു.

സെലക്ട് കമ്മിറ്റി ബിജെപിയിതര കക്ഷികളുടെ വിയോജനാഭിപ്രായങ്ങൾ പരിഗണിച്ചതേയില്ല. വീണ്ടും സഭയിലെത്തിയ നിയമഭേദഗതിയെ സിപിഐ എം അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജൻ എന്നിവരും കോൺഗ്രസ് ഉൾപ്പെടെയുള്ള ഇതര പ്രതിപക്ഷാംഗങ്ങളും ശക്തമായി എതിർത്തു. എന്നാൽ, ഭേദഗതി തടസ്സപ്പെടുത്തുന്നവർ ‘ആർടിഒ ലോബിയുടെ പിണിയാളുകളാണെ'ന്നാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്. ഈ ആക്ഷേപത്തിനുള്ള മറുപടികൂടിയാണ്   മോട്ടോർവാഹന  പണിമുടക്കിന്റെ വിജയം. കൂടുതൽ ശക്തിയോടെ ഈ സമരം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അടിസ്ഥാനജീവിത ഉപാധികൾപോലും തട്ടിയെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടത്തിലെ സവിശേഷമായ അധ്യായമാണ് ഈ പണിമുടക്ക്.

അപകടം ഗെയിംവഴി
പുതിയൊരുതരം   മരണക്കളിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരികയാണ്. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഗെയിം  കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.  'നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം' എന്ന സന്ദേശം നൽകി കുട്ടികളെ പിടിച്ചുനിർത്തി  ഭീഷണിപ്പെടുത്തിയും ഭീകരത സൃഷ്ടിച്ചും അപകടത്തിലേക്ക് നയിക്കുന്നതാണ് ഗെയിം. ആത്മഹത്യയിലേക്കും ഗുരുതരമായ മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ഇത് കുട്ടികളെ നയിക്കും എന്നാണ് റിപ്പോർട്ടുകൾ.

അനേകം കുട്ടികളുടെ ജീവനെടുത്ത ബ്ലൂവെയിൽ ഗെയിമിനെതിരെ ലോകവ്യാപകമായ ജാഗ്രതയുണർന്നത‌് ഈയിടെയാണ്. അതിനു പിന്നാലെയാണ്, മോമൊ എന്ന പുതിയ ഒന്ന് പ്രചരിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങൾ അടക്കം മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത.

നിയന്ത്രണമില്ലാത്ത അത്തരം ഉപയോഗം കുട്ടികളെ അപകടത്തിലെത്തിക്കും എന്ന തിരിച്ചറിവ്  സമൂഹത്തിലാകെ ഉണ്ടാകേണ്ടതുണ്ട്. ചതിക്കുഴികളിൽ കുഞ്ഞുങ്ങൾ വീഴില്ല എന്നുറപ്പാക്കാനുള്ള ജാഗ്രത ഓരോ കുടുംബങ്ങളിലും വേണ്ടതുണ്ട്. ഈ ഗെയിംമിന്റെ പ്രചാരണം തടയാനും ഇടപെടലുണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top