15 June Tuesday

വായുമലിനീകരണം ഉയർത്തുന്ന പ്രശ്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

അഞ്ചരവർഷംമുമ്പ് അധികാരത്തിൽവന്ന ആദ്യ മോഡി സർക്കാരാണ് രാജ്യത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വച്ഛ്ഭാരത് അഭിയാന് തുടക്കമിട്ടത്. എന്നാൽ, വർഷം പലതുകഴിഞ്ഞിട്ടും രാജ്യം മാലിന്യമുക്തമാകുന്നില്ലെന്നുമാത്രമല്ല, കൂടുതൽ മലിനീകരിക്കപ്പെടുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥജനകമാണ്. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരമാണ് ഡൽഹിയെന്നാണ് സ്കൈമറ്റ് എന്ന സ്വകാര്യ കാലാവസ്ഥാപ്രവചന ഏജൻസി നടത്തിയ പഠനം വെളിപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിലെ വായുനിലവാരസൂചിക ആരോഗ്യ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്ന 527 പോയിന്റ്‌ വരെ എത്തിയെന്നും ഈ ഏജൻസി അഭിപ്രായപ്പെട്ടു. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ഓക്സിജൻ പാർലറുകൾ തുറന്നിരിക്കുകയാണ്. ശ്വസിക്കാനുള്ള വായുവിനുപോലും പണം നൽകേണ്ട മൃഗീയ മുതലാളിത്തത്തിന്റെ കാലത്തിലാണ് നാം ജീവിക്കുന്നതെന്നർഥം.

അന്തരീക്ഷമലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധി നൽകിയും ഫാക്ടറികളുടെ പ്രവർത്തനം നിർത്തിവച്ചും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ഈ പ്രതിസന്ധിയെ നേരിടാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. ഗൗരവബുദ്ധിയോടെ ഈ പ്രശ്നത്തെ സമീപിക്കാനും പ്രശ്നപരിഹാരത്തിന് സംഘടിതമായ ശ്രമം നടത്താനും കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.

പഞ്ചാബിലും ഹരിയാനയിലും പശ്ചിമ ഉത്തർപ്രദേശിലുമുള്ള കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് അന്തരീക്ഷമലിനീകരണത്തിന് പ്രധാന കാരണമെന്ന നിഗമനമാണ് ഭൂരിപക്ഷം മാധ്യമങ്ങളും നിരത്തുന്നത്. ഈ വിഷയത്തെ ലാഘവബുദ്ധിയോടെ സമീപിക്കുന്നവർക്കുമാത്രമേ വൈക്കോൽ കത്തിക്കുന്നതാണ് പ്രധാനകാരണമെന്ന് പറയാനാകൂ. ഡൽഹിയിലും മറ്റു നഗരങ്ങളിലും അന്തരീക്ഷമലിനീകരണത്തിനുള്ള ഏറ്റവും പ്രധാന കാരണം വാഹനങ്ങളുടെ വർധിച്ച ഉപയോഗം തന്നെയാണ്. അതോടൊപ്പം നിയന്ത്രണമില്ലാതെ നടക്കുന്ന നിർമാണപ്രവർത്തന മേഖലകളിൽനിന്ന്‌ ഉയരുന്ന പൊടിപടലങ്ങളും കൽക്കരി ഇന്ധനമാക്കി പ്രവർത്തിക്കുന്ന വൈദ്യുതിനിലയങ്ങളും വ്യവസായശാലകളും ഡീസൽ ജനറേറ്ററുകളുംമറ്റുമാണ് അന്തരീക്ഷ മലനീകരണത്തിന്റെ പ്രധാന സ്രോതസ്സുകൾ. വേനൽക്കാലത്തെ അപേക്ഷിച്ച് തണുപ്പുകാലത്ത് ഈ മാലിന്യങ്ങൾ അന്തരീക്ഷ ഉപരിതലത്തിൽത്തന്നെ കുടുങ്ങിനിൽക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്.

വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാതെ അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനാകില്ല. ലോകരാജ്യങ്ങൾ പലതും പ്രത്യേകിച്ചും യുറോപ്യൻ രാജ്യങ്ങൾ പെട്രോൾ–-ഡീസൽ വാഹനങ്ങളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തുവരികയാണ്. മോട്ടോർ വാഹനങ്ങൾക്ക് പകരം നഗരത്തിൽ സൈക്കിളും മെട്രോ, മോണോറെയിൽ സർവീസുകളും ബസ് സർവീസുകളും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. പല യൂറോപ്യൻ നഗരങ്ങളിലും പൊതുഗതാഗതം സൗജന്യമാണ്. ചിലയിടങ്ങളിൽ തുച്ഛമായ യാത്രക്കൂലിമാത്രം ഈടാക്കുന്നു. അതായത് സ്വകാര്യവാഹനം ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരമാണ് പൊതുസർവീസ് എന്ന് വന്നതോടെയാണ് ജനങ്ങൾ പൊതു സർവീസിനെ വർധിച്ചതോതിൽ ആശ്രയിക്കാൻ തുടങ്ങിയത്. അത്തരമൊരു സമീപനം സ്വീകരിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്നതാണ് ചോദ്യം. ഉദാഹരണത്തിന് ഡൽഹിയിൽ ഈ മാനദണ്ഡം സ്വീകരിക്കുന്ന പക്ഷം 15000 ബസുകളെങ്കിലും സർവീസ് നടത്തേണ്ടിവരും. എന്നാലിപ്പോൾ ഉള്ളത് വെറും നാലായിരംമാത്രവും.

റോഡുകൾ കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടുകൊണ്ടായിരിക്കണം നിർമിക്കേണ്ടത്. എന്നാൽ, ഇന്ത്യയിലാകട്ടെ റോഡ് നിർമാണം പൂർണമായും മോട്ടോർ വാഹനങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുമാത്രമാണ്. പല നഗരങ്ങളിലും പെട്രോൾ വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങളാണുള്ളത്. ഡൽഹിയിൽമാത്രം 1.10 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ 70 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. ഈ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നുനടിച്ച് വൈക്കോൽ കത്തിക്കലാണ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമെന്ന് കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ആസൂത്രിതവും ശാശ്വതവുമായ പരിഹാരത്തിനായാണ് ശ്രമിക്കേണ്ടത്. സിംഗപ്പുരിനും ബീജിങ്ങുപോലുള്ള നഗരങ്ങൾക്കും വായുമലിനീകരണം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ഇന്ത്യൻ നഗരങ്ങൾക്കും അതിന് കഴിയും. ജനങ്ങളെ ബോധവൽക്കരിക്കുകയും അതോടൊപ്പം ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയുമാണ്‌ വേണ്ടത്‌.മോഡി സർക്കാർ അതിന്‌ നേതൃത്വം നൽകുമോ എന്നതാണ്‌ ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top