03 October Tuesday

തമിഴ്‌നാട്ടിലെ വെടിനിര്‍ത്തല്‍ എത്രനാള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2017


ആറുമാസത്തെ ഇടവേളയ്ക്കുശേഷം എഐഎഡിഎംകെയിലെ എടപ്പാടി പളനിസ്വാമി വിഭാഗവും ഒ പന്നീര്‍ശെല്‍വം വിഭാഗവും യോജിച്ചിരിക്കുന്നു. തിങ്കളാഴ്ചയാണ് ഇരുവിഭാഗവും യോജിച്ചതും ഒ പന്നീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായും പാണ്ഡ്യരാജന്‍ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതും. ജയലളിത മരിച്ചതോടെ ആരംഭിച്ച അധികാരത്തര്‍ക്കവും അതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ ഇടപെടലും കാരണമാണ് എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായത്. പന്നീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലുടെ തമിഴ്നാടിന്റെ രാഷ്ട്രീയ അധികാരം കൈയാളുന്നതിനായിരുന്നു എഐഎഡിഎംകെയില്‍ പിളര്‍പ്പിന് ബിജെപി ശ്രമിച്ചത്. എന്നാല്‍, ആ രാഷ്ടീയക്കളിയെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ശശികല വിഭാഗം അതിജീവിച്ചു. അഴിമതിക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ച് ബംഗളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയോട് ബിജെപിക്ക് തുടക്കം മുതലേ താല്‍പ്പര്യമുണ്ടായിരുന്നില്ല. ജയലളിത ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ബിജെപിയുമായി അവര്‍ അടുക്കുന്നതിനെ എതിര്‍ത്തത് ശശികലയാണെന്നതാണ് ഇതിന് കാരണം.

പന്നീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയക്കളി പരാജയപ്പെട്ടതോടെയാണ് ശശികലയെ ഒഴിവാക്കി പളനിസ്വാമി, പന്നീര്‍ശെല്‍വം വിഭാഗത്തെ യോജിപ്പിക്കാന്‍ ബിജെപി തയ്യാറായത്. ആര്‍എസ്എസുകാരനും ചോ രാമസ്വാമിയുടെ മരണത്തിനുശേഷം തുഗ്ളക് വാരികയുടെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയാണ് ബിജെപിക്കുവേണ്ടി സംസ്ഥാനത്ത് ചരടുവലി നടത്തുന്നത്. തിങ്കളാഴ്ചത്തെ ലയന സമ്മേളനത്തിന് തൊട്ടുമുമ്പ് ഇരുവിഭാഗം നേതാക്കളും ഒന്നിലധികം തവണ ചര്‍ച്ച നടത്തിയത് ഗുരുമൂര്‍ത്തിയുമായിട്ടായിരുന്നു. ലയനത്തിന് വഴിയൊരുക്കിയത് ബിജെപി തന്നെയാണെന്ന് ആര്‍എസ്എസ് മുഖവാരികയായ 'ഓര്‍ഗനൈസര്‍' പത്രാധിപര്‍ പ്രഫുല്ല കേത്ക്കര്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ബിജെപി ജനറല്‍ സെക്രട്ടറിയായ പി മുരളീധര്‍റാവുവാകട്ടെ എഐഎഡിഎംകെയിലെ ലയനം ബിജെപിക്ക് നേട്ടമാകുമെന്നും അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മോഡിയാകട്ടെ ലയനത്തിന് തയ്യാറായ പന്നീര്‍ശെല്‍വത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുകയും സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം തെളിയിക്കുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയനാടകത്തിനു പിന്നില്‍ ബിജെപിയുടെ കൈകള്‍ ഉണ്ടെന്നു തന്നെയാണ്. ബിഹാറിലേതുപോലെ തമിഴ്നാട്ടിലും ഭരണം കൈയിലൊതുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ പുറത്താക്കണമെന്ന് പന്നീര്‍ശെല്‍വം വിഭാഗം ശഠിച്ചത് ഇതിന്റെ ഭാഗമാണ്. നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ പാര്‍ടി കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനംകൂടി അലങ്കരിക്കുന്ന പന്നീര്‍ശെല്‍വം ആഗ്രഹിക്കുന്നത് ശശികലയെ പുറത്താക്കി അവര്‍ വഹിക്കുന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനാണ്. എന്നാല്‍, ശശികലയെ പുറത്താക്കാനുള്ള പ്രമേയം ലയന സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കണമെന്ന പന്നീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും ഈ വിഷയത്തില്‍ ഇരുവിഭാഗവും തമ്മിലുള്ള അസ്വാരസ്യം ഏതുനിമിഷവും വീണ്ടും തലപൊക്കാമെന്നര്‍ഥം. 

പുതിയ ഭരണസംവിധാനത്തിന് ദീര്‍ഘായുസ്സില്ലെന്ന് ചൊവ്വാഴ്ചത്തെ സംഭവങ്ങള്‍ തന്നെ വ്യക്തമാക്കി. ശശികലയുടെ മരുമകനും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി ടിവി ദിനകരനെ പിന്തുണയ്ക്കുന്ന ഇരുപതിലധികം എംഎല്‍എമാര്‍ പുതിയ മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ അറിയിക്കുകയുണ്ടായി. വിശ്വാസവോട്ട് നേരിടാന്‍ തയ്യാറാണെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിമതര്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം സര്‍ക്കാരിന് അവിശ്വാസവോട്ട് അതിജീവിക്കാന്‍ കഴിയില്ല. 122 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ഉണ്ടെന്നാണ് അവകാശവാദം. എന്നാല്‍, ഇരുപതിലധികം പേര്‍ എതിര്‍പക്ഷത്തേക്കു നീങ്ങിയാല്‍ സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലാകും. കേവലഭൂരിപക്ഷത്തിന് 117 സീറ്റ് വേണം. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നരവര്‍ഷം കൂടിയുള്ളതിനാല്‍ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് സര്‍ക്കാരിന് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

എഐഎഡിഎംകെയിലെ രണ്ടുവിഭാഗവും തമ്മില്‍ ലയനം നടന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങുകയല്ല, മറിച്ച് നീട്ടിവയ്ക്കപ്പെടുക മാത്രമാണ് ചെയ്തത്. ജയലളിത കേസില്‍ അകപ്പെട്ട്് ജയിലിലായപ്പോഴൊക്കെ മുഖ്യമന്ത്രിയായി സ്ഥാനം വഹിച്ചത് പന്നീര്‍ശെല്‍വമാണ്. അന്നൊക്കെ പന്നീര്‍ശെല്‍വം മന്ത്രിസഭയില്‍ ഒരംഗം മാത്രമായിരുന്നു പളനിസ്വാമി. ഇരുവരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം ഏതുസമയത്തും വീണ്ടും ഉയര്‍ന്നുവരാം. തമിഴ്നാട്ടിലെ പ്രബല ജാതികളെയാണ് ഇരുവരും പ്രതിനിധാനം ചെയ്യുന്നത്. ഗൌണ്ടര്‍ സമുദായക്കാരനാണ് പളനിസ്വാമിയെങ്കില്‍ തേവര്‍ സമുദായക്കാരനാണ് പന്നീര്‍ശെല്‍വം. ബിജെപി ഇടപെടലിനെ തുടര്‍ന്നാണ് അധികാരമത്സരത്തില്‍നിന്ന് ഇവര്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയിട്ടുള്ളത്. പന്നീര്‍ശെല്‍വം വിഭാഗത്തിലെ മുനുസ്വാമി, പൊന്നിയന്‍ തുടങ്ങിയ നേതാക്കള്‍ ലയനത്തെ ശക്തമായി എതിര്‍ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ഭരണകക്ഷിയുണ്ടാക്കിയ ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് ശാശ്വതമായിരിക്കില്ലെന്ന് ഉറപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top