അവസാന നിമിഷത്തിലും അയാൾ ചിരിച്ചിരിക്കും. കാരണം ചിരികൊണ്ടാണ് ഇന്നസെന്റ് എന്നും ജീവിതത്തെ നേരിട്ടത്. അർബുദ ബാധിതനാണെന്ന് അറിഞ്ഞ നിമിഷത്തിൽ വല്ലാത്തൊരു ചിരിയോടെ ‘ഇനിക്കും കിട്ടീട്ടാ’ എന്ന് വിളിച്ചുപറയാനുള്ള മനസ്സ് അതായിരുന്നു ഇന്നസെന്റ്.
മലയാള സിനിമയിലെ ഹാസ്യത്തിന് പുതുഭാവം നൽകിക്കൊണ്ടാണ് ഇന്നസെന്റിന്റെ വരവ്. പ്രാദേശികഭാഷാ പ്രയോഗം സിനിമയിലേക്ക് പൂർണാർഥത്തിൽ കടന്നുവരുന്നതും ഇന്നസെന്റോടെയാണ്. ശരീരത്തിന്റെ സ്വാഭാവിക മാനറിസങ്ങളെ തന്റെ അഭിനയത്തിന്റെ മുഖമുദ്രയാക്കി മാറ്റുകയായിരുന്നു ആ നടൻ. അതാകട്ടെ കൗതുകത്തോടെ പ്രേക്ഷകർ ഏറ്റെടുത്തു. ഗൗരവമുള്ള ക്യാരക്ടർ റോളുകളിലേക്ക് കടന്നപ്പോഴും ഈ മാനറിസങ്ങൾ വിടാതെ പിന്തുടർന്നു.
നടനാകാൻ പിറന്ന ഒരാളായിരുന്നില്ല ഇന്നസെന്റ്. ജീവിതത്തിൽ കെട്ടിയാടാത്ത വേഷങ്ങളില്ലായിരുന്നു ആ മനുഷ്യന്. കേരളത്തിനകത്തും പുറത്തുമായി പരാജയപ്പെട്ട ഒട്ടേറെ തൊഴിലുകളുടെ ഒടുവിൽ എത്തിച്ചേർന്ന ഒരിടംമാത്രമായിരുന്നു സിനിമ. ഏറ്റവുമൊടുവിൽ അയാൾ വിജയിച്ച ഒരിടം. അവിടെനിന്നാണ് തെക്കേത്തല വറീതിന്റെ അഞ്ചാമത്തെ മകൻ ടി വി ഇന്നസെന്റ് കേരളത്തിന്റെ ഇന്നസെന്റായി വളർന്നത്. ആ വളർച്ചയിൽ അയാൾ കണ്ട ജീവിതങ്ങളും ആർജിച്ച ദർശനങ്ങളും ഉള്ളിൽ സൃഷ്ടിച്ച വലിയ മാനവികബോധത്തിന്റെ അടിത്തറയിലാണ് ആ മനുഷ്യൻ നടന്നുനീങ്ങിയത്.
ഒരേസമയം കമ്യൂണിസ്റ്റും വിശ്വാസിയുമായിരുന്ന അപ്പൻ പകർന്ന ജീവിതാവബോധത്തിൽനിന്നാണ് ഇന്നസെന്റ് ഉടലെടുത്തത്. എല്ലാ പരാജയങ്ങൾക്കൊടുവിലും ചിരിയോടെ നിവർന്നുനിന്ന ഒരാൾ. തന്നേക്കാൾ ദുരിതം അനുഭവിക്കുന്നവർ ഇനിയും ഭൂമിയിലുണ്ടെന്നും തോൽവികളൊന്നും ജീവിതത്തെ തോൽപ്പിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.
മനുഷ്യരെ നിരീക്ഷിച്ചാണ് ഇന്നസെന്റ് വളർന്നത്, അതാണ് അയാളിലെ മനുഷ്യത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം കണ്ടുമുട്ടിയ നിരവധി മുഖങ്ങളുണ്ട്. അതിൽ തൊഴിലാളിയും പട്ടിണിക്കാരനായ തൊഴിലാളിയും വിശക്കുന്നവർക്ക് പണമില്ലാതെ അന്നമൂട്ടുന്ന പെട്ടിക്കടക്കാരനും സിനിമാ ലോകത്തെ നന്മയുടെയും തിന്മയുടെയും മുഖങ്ങളും എല്ലാമുണ്ട്. അവരെയെല്ലാം ജീവിതത്തിലുടനീളം ആ മനുഷ്യൻ ഓർത്തിരുന്നു, ജീവിതത്തിന്റെ ഓരോ ദശാസന്ധിയിലും അവർ ഇന്നസെന്റിനെ തൊട്ടുവിളിച്ചു. മാനവികത തന്നെയാണ് ജീവിതലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത് ഈ ഓർമകളിലൂന്നിയായിരുന്നു. മനുഷ്യനെക്കുറിച്ചുള്ള തിരിച്ചറിവും അവബോധവുമാണ് ഇന്നസെന്റിൽ രാഷ്‌ട്രീയക്കാരനെ രൂപപ്പെടുത്തിയത്.
ജീവിതസ്‌മരണകളെ മുഴുവൻ നർമംകൊണ്ട് രേഖപ്പെടുത്തുന്ന എഴുത്തുകാരനിൽ ആ മനസ്സുണ്ട്. അവസാനം എഴുതിയ "ഈ ലോകം അതിലൊരു ഇന്നസെന്റ്' എന്ന ആത്മകഥയിൽവരെ ചിരികൊണ്ട് ജീവിതത്തെ തണുപ്പിക്കുന്ന അസാധാരണമായ വ്യക്തിത്വം കാണാനാകുന്നു. എന്നും ചിരിക്കുകയും ജീവിതത്തിൽ എന്നും പ്രതീക്ഷകൾ പുലർത്തുകയും ചെയ്യുന്ന ഒരാൾ. മനുഷ്യർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും മനംമടുപ്പിലേക്ക് വീണുപോകുകയും ചെയ്യുന്ന കടുത്ത അനുഭവങ്ങളിലൊന്നിലും ഇന്നസെന്റ് തളർന്നിട്ടില്ല. കാരണം നാളെ മറ്റൊരു വഴിയുണ്ടാകുമെന്നതുതന്നെയായിരുന്നു ചിന്ത.
അഞ്ചുവർഷം ചാലക്കുടി ലോക്‌സഭാ അംഗമായിരിക്കെ ഇന്നസെന്റ് ഊന്നൽകൊടുത്തത് ആരോഗ്യമേഖലയ്‌ക്കായിരുന്നു. അർബുദ ബാധിതനായശേഷം കടന്നുപോയ അനുഭവങ്ങളാണ് അതിനു കാരണമായത്. രോഗങ്ങളില്ലാത്ത ചാലക്കുടി, അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ശ്രദ്ധ ആരോഗ്യസുരക്ഷാ പദ്ധതി വേറിട്ട ഒന്നായി ഇന്നും തുടരുന്നു. മണ്ഡലത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും മാമോഗ്രഫി യൂണിറ്റ്, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങി മറ്റൊരു മണ്ഡലത്തിലും ആരോഗ്യരംഗത്ത് നടപ്പാക്കാത്ത വിപുലമായ പദ്ധതികളാണ് നടപ്പാക്കിയത്.
എന്തായിരുന്നു ഇന്നസെന്റ് എന്നത് ഇനിയും പറയാനാകാത്ത ഒന്നാണ്. തീർത്തും നിഷ്‌കളങ്കമായ അഭിനയരീതിയിലൂടെ മലയാള സിനിമയിൽ പുതിയ തരംഗമൊരുക്കിയ ഒരാളാണ് അരങ്ങൊഴിഞ്ഞത്. കുറഞ്ഞ കാലംകൊണ്ട് സാധാരണ മനുഷ്യരുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ ജനപ്രതിനിധിയായിരുന്ന ഒരാളാണ് അരങ്ങൊഴിഞ്ഞത്. ആത്യന്തികമായി ജീവിതത്തിൽ അടിമുടി തെളിഞ്ഞ മനുഷ്യനായി, മനുഷ്യരെ അറിഞ്ഞ് അവരുടെ വേദനകളറിഞ്ഞ്, ജീവിച്ച ഒരാളാണ് അരങ്ങൊഴിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..