09 February Thursday

‘ഞാൻ പെറ്റ മകനേ’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


മനുഷ്യഹൃദയമുള്ളവർക്ക‌് പൊറുക്കാനും മറക്കാനുമാകാത്തതാണ്  എറണാകുളം മഹാരാജാസ്‌ കോളേജിൽ കഴിഞ്ഞ രാത്രി ഉണ്ടായ കൊലപാതകം. എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ്‌ കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ ക്യാമ്പസിനു പുറത്തുനിന്നെത്തിയ  എസ‌്ഡിപിഐ  തീവ്രവാദി സംഘമാണ‌് ആസൂത്രിതമായി കൊലപ്പെടുത്തിയത‌്. ഇടുക്കി ജില്ലയിലെ വട്ടവട എന്ന അതിർത്തി ഗ്രാമത്തിൽനിന്ന‌് ബിരുദപഠനത്തിന‌് മഹാരാജാസിലെത്തിയ അഭിമന്യു ആ ക്യാമ്പസിന്റെ പ്രിയങ്കരനായിരുന്നു. ഒറ്റമുറി വീടും കൊടിയ ദാരിദ്ര്യവുമുള്ള പശ്ചാത്തലത്തിൽനിന്ന‌് ഉന്നത പഠനസ്വപ‌്നവുമായി  നഗരത്തിലെ കലാലയത്തിലെത്തിയ  ആ ഇരുപതുകാരനെ സഹപാഠികളും അധ്യാപകരും  എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ്, മൃതദേഹം ക്യാമ്പസിൽ എത്തിച്ചപ്പോഴുണ്ടായ വികാരനിർഭരമായ രംഗങ്ങൾ. മാരകായുധങ്ങളുമായി പുറത്തുനിന്ന‌് ചെന്ന‌് കൊല നടത്തിയ സംഘത്തിലെ  മൂന്നുപേർ പിടിയിലായിട്ടുണ്ട്. ഇവർ എസ്ഡിപിഐയുടെ സജീവ പ്രവർത്തകരാണ്. കൊലപാതകം നടന്നയുടൻ എസ്ഡിപിഐയുടെ പ്രമുഖർ കുടുംബസമേതം ഒളിവിൽ പോയതായാണ് വാർത്ത.

ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടന അതിന്റെ  സംസ്ഥാന കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജിൽ പറയുന്നത്, 'കരുതിക്കൂട്ടി സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് എസ്എഫ്ഐയുടെ സംഘടനാപ്രവർത്തനം’ എന്നും 'ഗുണ്ടാവിളയാട്ടവുമായി മഹാരാജാസ് കോളേജിനെ സ്വന്തം റിപ്പബ്ലിക്കാക്കി മാറ്റാനാണ് എസ്എഫ്ഐ ശ്രമം’  എന്നുമാണ്.  കൊലപാതകം നടത്തിയത് ക്യാമ്പസ് ഫ്രണ്ടുതന്നെയാണെന്ന് അവർ ഇതിലൂടെ  പരസ്യമായി സമ്മതിക്കുന്നു. മാത്രമല്ല, മഹാരാജാസിൽ കൊലപാതകം നടത്തിയശേഷവും ക്യാമ്പസ് ഫ്രണ്ട് അടങ്ങിയില്ല. തലസ്ഥാന ജില്ലയിലെ തോന്നയ്ക്കൽ എ ജെ കോളേജിൽ സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ടുകാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതും അഭിമന്യുവധം നടന്ന അതേ സമയത്താണ്. എതിർ കേസുണ്ടാക്കാൻ ഒരു പ്രവർത്തകനെ ആശുപത്രിയിൽ കിടത്തിയശേഷം ക്യാമ്പസ് ഫ്രണ്ട്   സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ ഭീഷണി മുഴക്കിയത് 'എസ്എഫ്‌ഐ കനത്തവിലനൽകേണ്ടി വരും’ എന്നാണ്.
കലാലയങ്ങളിൽ തീവ്രവാദ ശൈലിയിൽ കൊലപാതകം നടത്തിയും ഭീകരത സൃഷ്ടിച്ചും  ഇടംകണ്ടെത്താൻ ശ്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ടിന്റെ രക്ഷാ കർതൃത്വത്തിലുള്ള ഈ സംഘടന.  എസ്എഫ്ഐയുടെ പ്രതിഷേധപ്രകടനകൾക്കുനേരെ അവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണമഴിച്ചുവിട്ടു.

2010 ജൂലൈ നാലിന്  തൊടുപുഴ ന്യൂമാൻ കോളേജിലെ  അധ്യാപകൻ ജോസഫിന്റെ  കൈപ്പത്തി  വൃദ്ധയായ മാതാവിനെയും കൂടപ്പിറപ്പിനെയും സാക്ഷിനിർത്തി വെട്ടിയെറിഞ്ഞവരുടെ അനുയായികളാണ് അഭിമന്യുവിന്റെ ജീവനിൽ കത്തിയിറക്കിയത്. അവരുടെ ഗ്വാ ഗ്വാ  വിളികളും താലിബാൻ അട്ടഹാസവുമാണ് മഹാരാജാസിലും തെരുവുകളിലും മുഴങ്ങുന്നത്. കലാലയങ്ങളെ കൊലക്കളങ്ങളാക്കുകയാണ‌് അവർ. വിദ്യാർഥികൾക്കിടയിൽ ഇവർക്ക് കാര്യമായ സ്വാധീനമില്ല. അക്രമം നടത്തി ഭീതിപരത്തി വിദ്യാർഥികളെ കീഴ്‌പ്പെടുത്താനാണ‌് അവർ  ശ്രമിക്കുന്നത്‌.

അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം അത് സംഘർഷത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത പ്രചാരവേല പോപ്പുലർ ഫ്രണ്ട് നടത്തുന്നു. അതേസമയം, കൊലപാതകത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം  സംഘപരിവാറിന്റെ വക്താക്കളായി പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നവരും നടത്തുന്നു. അഭിമന്യു രക്തസാക്ഷിയായത‌് ഏതെങ്കിലും മതത്തിന്റെ പ്രതിനിധിയായതുകൊണ്ടല്ല. മതനിരപേക്ഷതയുടെ പതാക നെഞ്ചോട് ചേർത്തുവയ‌്ക്കുന്ന എസ്എഫ്ഐയുടെ നേതാവായതു കൊണ്ടാണ്.  ആർഎസ്എസും പോപ്പുലർഫ്രണ്ടും പ്രതിനിധാനംചെയ്യുന്നത് തീവ്രവർഗീയതകളെയാണ്. ഇരുകൂട്ടരും മതനിരപേക്ഷശക്തികളെ ഒരുപോലെ  കടന്നാക്രമിക്കുന്നു. 

ക്യാമ്പസുകളിൽ മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കങ്ങൾക്കെതിരെ എല്ലാ തലത്തിലും ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. അഭിമന്യുവിനെ കൊന്നതും സഹപ്രവർത്തകരെ കുത്തിവീഴ്ത്തിയതും പ്രകടമായ ഗൂഢാലോചനയുടെ ഭാഗമായാണ്. അതിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ട്. ക്രൂര കൊലപാതകങ്ങൾക്കുശേഷം കെട്ടുകഥകൾ പ്രചരിപ്പിച്ച‌് രക്ഷപ്പെടാനുള്ള ശ്രമം പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനത്തിന്റെ ഭാഗമാണ്. തെരുവു പട്ടികളുടെ തല വെട്ടി കൊലപാതകം പരിശീലിക്കുന്ന അവർ കള്ളക്കഥകൾ എങ്ങനെ മെനയണമെന്നുള്ള പരിശീലനവും നേടുന്നു. അത് ആർഎസ്എസിന്റെ രീതിതന്നെയാണ്. 1994ൽ എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ  വെട്ടിനുറുക്കിയശേഷം ആർഎസ്എസ് പ്രചരിപ്പിച്ചത്, സുധീഷിനെ സിപിഐ എംതന്നെ കൊന്നു എന്നാണ്. മഹാരാജാസ് കോളേജിലെ 'ദൗർഭാഗ്യകരമായ സംഭവത്തിൽ സ്വതന്ത്രവും നിഷ‌്‌പക്ഷവുമായ അന്വേഷണം വേണെമെന്ന്’ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയറ്റ്  ഇപ്പോൾ നിഷ്കളങ്കമായി ആവശ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത്തരം പിത്തലാട്ടങ്ങൾ തിരിച്ചറിഞ്ഞ‌്, ഈ കൊടും കുറ്റവാളികളായ വിഷജന്തുക്കളെ പഴുതുകളില്ലാതെ നിയമത്തിനു മുന്നിൽ എത്തിച്ച‌് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസ് തയ്യാറാകണം.

കോളേജ്‌ ക്യാമ്പസുകളിൽ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനൊപ്പം, ക്യാമ്പസുകളെ വർഗീയതീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടലിന് മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന, സമാധാന കാംക്ഷികളായ വിദ്യാർഥിസമൂഹം തയ്യാറാകണം. അതിന‌് പൊതു സമൂഹത്തിന്റെയാകെ പിന്തുണയുണ്ടാകും.

അഭിമന്യുവിന്റെ അമ്മ, മഹാരാജാസിലെത്തി ആ മുഖത്ത‌് ചുംബിച്ച് വിളിച്ചത് 'അഭിമന്യൂ…ഞാൻ പെറ്റ മകനേ…’ എന്നാണ്. ആ വിളി ഇന്നാട്ടിലെ ഓരോ വിദ്യാർഥിയോടുമുള്ളതാണ്. വിഷവ്യാപാരികൾ ക്യാമ്പസുകളിലേക്ക‌് നുഴഞ്ഞുകയറുന്നത‌് ചെറുക്കാനുള്ള ഊർജവും ആവേശവും  നെഞ്ചുപൊട്ടിയുള്ള കരച്ചിലിൽനിന്ന് ഓരോ വിദ്യാർഥിയും ആർജിക്കണം. എല്ലാ മക്കളും ഈ വർഗീയശക്തികളുടെ കത്തിമുനയ്ക്ക‌് തൊട്ടരികിലാണെന്ന‌ു തിരിച്ചറിഞ്ഞുള്ള പ്രതികരണം സമൂഹത്തിൽനിന്നാകെയുണ്ടാകണം. അനുവദിക്കരുത്, ഈ തെമ്മാടിക്കൂട്ടങ്ങളെ ഇനിയും കൊലക്കത്തിയെടുക്കാൻ. ഇനിയൊരഭിമന്യുവും ഈ നരാധമന്മാരുടെ കത്തിമുനയിൽ പിടയില്ല എന്നുറപ്പാക്കലാണ് ഇന്നാടിന്റെ സമാധാനം കാത്തുരക്ഷിക്കാനുള്ള ഏക വഴി. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിനു മുന്നിൽ മുഷ്ഠിചുരുട്ടി ഓരോരുത്തർക്കും എടുക്കാനുള്ള പ്രതിജ്ഞ വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ തളരാതെ പതറാതെ  മുന്നിൽനിൽക്കും എന്നതുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top