28 January Saturday

അഭയ കൊലക്കേസിൽ സത്യം തെളിയുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020


അസാധാരണമായ ഒരു കൊലക്കേസിൽ 28 വർഷത്തിനുശേഷം പ്രതികൾ ശിക്ഷിക്കപ്പെടുകയാണ്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമായിരുന്നുവെന്ന്‌ ഒടുവിൽ കോടതി കണ്ടെത്തി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കുറ്റക്കാരായും  വിധിച്ചു.
ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതോടെ അത്യന്തം ഹീനമായ ഒരു കൊലപാതകത്തിന്റെ പൂർണചിത്രം വെളിവാകുകയാണ്.

ഇതുവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കേരളം വിശ്വസിക്കാൻ മടിച്ച നേരുകൾ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നു. വിശ്വാസത്തിന്റെ വഴി തെരഞ്ഞെടുത്ത് സന്യാസിനിയാകാൻ പുറപ്പെട്ട ഒരു ഇരുപത്തിയൊന്നുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയവർ അവളുടെ സംരക്ഷകരാകേണ്ട ഒരു വൈദികനും കന്യാസ്ത്രീയും ആണെന്നത് ഇപ്പോൾ  വ്യക്തം. ഈ പ്രതികളെ ഇത്രയും കാലം നിയമക്കുരുക്കിൽനിന്ന് രക്ഷിച്ചുനിർത്തിയവരിൽ സഭയിലെ ചില ഉന്നതരും ചില രാഷ്ട്രീയനേതാക്കളും ഉണ്ടായിരുന്നു എന്നും കാണണം. സത്യത്തിന്റെയും കാരുണ്യത്തിന്റെയും നീരുറവകൾ ആകും എന്ന് കരുതപ്പെടുന്നവർ എത്തിപ്പെട്ട പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ കേസിന്റെ നാൾവഴികൾ.

ഇത്രയേറെ അട്ടിമറി ശ്രമങ്ങൾ നടന്ന ഒരു കേസ് കേരള ചരിത്രത്തിൽ  ഉണ്ടാകില്ല. തുടക്കംമുതൽ യഥാർഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നു. പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളിയ കേസിൽ  ക്രൈംബ്രാഞ്ച് അന്വേഷണത്തിലും സത്യം പുറത്തുവന്നില്ല. ഒരുവർഷത്തിനുശേഷം അന്വേഷണം ഏറ്റെടുത്ത സിബിഐ ആകട്ടെ ആ ഏജൻസിയുടെ വിശ്വാസ്യത പാടേ തകർക്കുന്ന രീതിയിൽ കേസ് തുമ്പില്ലാതാക്കി. അന്വേഷിച്ച ഉദ്യോഗസ്ഥൻ കൊലപാതകമെന്ന്  കണ്ടെത്തിയിട്ടും മേലുദ്യോഗസ്ഥൻ മറിച്ചൊരു റിപ്പോർട്ട്‌ കോടതിയിൽ നൽകി. സത്യം കണ്ടെത്തിയ ഡിവൈഎസ്‌‌പി വർഗീസ്‌ പി തോമസ്‌ ഉദ്യോഗംതന്നെ വിട്ടെറിഞ്ഞ്‌ പത്രസമ്മേളനം നടത്തി സത്യം  വിളിച്ചുപറഞ്ഞു. അടുത്ത സിബിഐ സംഘം വീണ്ടും അന്വേഷിച്ചു.  വിചിത്രമായ കണ്ടെത്തലായിരുന്നു അവരുടേത്. മരണം കൊലപാതകമാണ്; പക്ഷേ, പ്രതികൾ ആരെന്നറിയില്ല എന്നായിരുന്നു അവർ കോടതിയിൽ കൊടുത്ത നിഗമനം. കേസ് അവസാനിപ്പിക്കണമെന്ന സിബിഐ ആവശ്യം തള്ളിയ കോടതി കർശന നിർദേശം നൽകിയിട്ടും തെളിവില്ലെന്ന ന്യായത്തിൽ കേസ് അവസാനിപ്പിക്കാൻ മൂന്നുവട്ടമാണ് സിബിഐ കോടതിയുടെ അനുമതി തേടിയത്. മൂന്നുവട്ടവും ആവശ്യം നിരസിച്ച കോടതിയാണ് ഇപ്പോൾ സത്യം തെളിയാൻ വഴിതെളിച്ചത്. ഒടുവിൽ 2009ൽ വീണ്ടും അന്വേഷണം ആരംഭിച്ച സിബിഐ സംഘമാണ് പ്രതികളെ കണ്ടെത്തിയത്. അപ്പോഴും സാക്ഷികൾ മരിച്ചതും ചിലർ കൂറുമാറിയതുമെല്ലാം പിന്നെയും പ്രതിസന്ധികൾ തീർത്തു. എങ്കിലും നീതിക്ക് പ്രാമുഖ്യം നൽകിയ കോടതി സത്യം കണ്ടെത്തി.


 

മതനേതൃത്വത്തിൽ ചിലരും ഏതാനും രാഷ്ട്രീയപ്രമുഖരും പൊലീസും സിബിഐയും എല്ലാം കൈകോർത്ത് നടത്തിയ അട്ടിമറിയെ അതിജീവിക്കാൻ ഈ കേസിൽ കഴിഞ്ഞു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. അഭയയുടെ കുടുംബത്തിന്റെ നിശ്ചയദാർഢ്യമാണ് ഇതിൽ മുഖ്യ പങ്കുവഹിച്ചത്. വിശ്വാസം അർപ്പിച്ച സ്വന്തം സഭയോടുപോലും പൊരുതി നിൽക്കാനുള്ള ആത്മധൈര്യം ആ ദരിദ്രകുടുംബം കാട്ടി. അവർക്കൊപ്പം നീങ്ങാൻ ഒരു ആക്‌ഷൻ കൗൺസിലും അക്ഷീണം പ്രയത്നിച്ചു. അവർക്കും പല ഭീഷണികളും നേരിടേണ്ടിവന്നു. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും സത്യത്തിലേക്ക് എത്താൻ തുണയായി. പ്രലോഭനങ്ങൾ അതിജീവിച്ച് വിസ്താരവേളയിൽ ഉറച്ചുനിന്ന രാജു എന്ന ദൃക്സാക്ഷിയുടെ ചങ്കൂറ്റവും കേസ് തെളിയാൻ കാരണമായി.

സ്ത്രീകൾക്കെതിരെ  വീട്ടകങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾപോലും വലിയൊരളവുവരെ ഇന്ന് പുറത്തുവരുന്നുണ്ട് . സത്യം മറ ഭേദിക്കുന്നത് തടയാൻ കാവൽക്കാർ  ഏറെയുണ്ട്. സത്യം പറയാൻ ധീരത കാട്ടുന്നവരെ  കണ്ടെത്തി തകർക്കാൻ നൂറു മാർഗമുണ്ട്. സ്വാധീനത്തിന്റെ പരിചകളുമായി പ്രതികൾ രക്ഷപ്പെടുന്നു. കോടതിയിൽ എത്തിയാൽപ്പോലും  ശിക്ഷിക്കപ്പെടുന്നവർ വിരളം. അവിടെയും അട്ടിമറിക്ക്‌ ആയിരം വഴികൾ. കേസിൽ പിടിയിലാകും എന്നുവരുമ്പോൾ ഏതോ ദ്വീപിലെത്തി അവിടെ സ്വന്തം രാജ്യം സ്ഥാപിക്കാൻപോലും ഇത്തരക്കാർക്ക് വഴിയൊരുക്കാൻ ഇവിടെ ആളുകളുണ്ട്. ഇതിനിടയിൽ ഒരു അസാറാം ബാപ്പുവോ ഫ്രാങ്കോ മുളയ്ക്കലോ പ്രതിക്കൂട്ടിലെത്തുന്നു. അട്ടിമറിശ്രമങ്ങളുടെ കിടങ്ങുകൾ താണ്ടി അഭയ കൊലക്കേസ് അന്ത്യവിധിയിലേക്ക് എത്തി എന്നത് എല്ലാത്തരത്തിലും ശുഭപ്രതീക്ഷ നൽകുന്നു. ക്രിമിനലുകളെ  സംരക്ഷിക്കാൻ പുറപ്പെടുന്നവർക്ക് ഈ ശിക്ഷ ഒരു താക്കീതെങ്കിലും ആകുമെന്നും കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top