അരികിലുണ്ട് മഞ്ഞലയായ്
നിറനാദത്താൽ ഭാവ വൈവിധ്യങ്ങളുടെ മഴവില്ലുകൾ വരഞ്ഞ പി ജയചന്ദ്രൻ ഇനിയില്ല. നിലാവായും നിശാഗന്ധിയായും വിരിഞ്ഞ് നമ്മിൽ പടർന്ന മഹാഗായകന്റെ മാധുര്യമൂറും ഗാനങ്ങൾ അനന്തകാലം കർണാമൃതം തൂകും. പരിണയവും പത്മരാഗത്തിളക്കവും ഉപവനങ്ങളുടെ സുഗന്ധവും റംസാൻ ചന്ദ്രികയും തിരികെച്ചേരുന്ന ഓർമകളും പാട്ടിലൂടെ പകർന്ന സ്വപ്‌നഗായകൻ. ഒരു പാട്ടിൻമൊട്ട് ചോദിച്ച മലയാളിക്ക് ഗാനവസന്തങ്ങൾ സമ്മാനിച്ച് മടക്കം.
ആദ്യഘട്ട മലയാള സിനിമകളിലെ അനുകരണങ്ങളുടെയും ആവർത്തനങ്ങളുടെയും മുഷിപ്പിൽനിന്നുള്ള മോചനമായിരുന്നു പുതിയ ഭാവുകത്വങ്ങളുടെയും ഈണങ്ങളുടെയും വരവ്. ആ നാളുകളിൽ ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് തൂവൽപോലെ പതിഞ്ഞിറങ്ങുകയായിരുന്നു ജയചന്ദ്രൻ. തലമുറകളെ പാടിയുണർത്തിയും ഉറക്കിയും ജനലരികിൽ നിലയുറപ്പിച്ചു. ശ്രുതി താഴ്‌ത്തി, പൂങ്കുയിലിനെപ്പോലെ നമ്മോട് സംവദിച്ചു. മർത്യഭാഷ കേൾക്കാത്ത ദേവദൂതികയും ആ പാട്ട് നുകർന്നു! ഈ ഗായകന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതേ മലയാളിക്ക് അഭിമാനം.
പദ വൈഡൂര്യങ്ങളെ ആശയപ്രപഞ്ചത്തിന്റെ ചിപ്പികളാക്കിയ രചയിതാക്കളും ചോരാതെ അവ ഈണത്തിലേറ്റിയ അദ്വിതീയ സംഗീത സംവിധായകരും നിരന്ന അണിയിലേക്ക് ഇളനിലാവുപോലെ കടന്നുവരാൻ കഴിഞ്ഞതാണ് ജയചന്ദ്രന് തെളിച്ചവും വെളിച്ചവുമായത്. ‘മഞ്ഞലയി’ലൂടെ അരങ്ങേറുമ്പോൾ പ്രായം 22. ചലച്ചിത്ര ഗാനങ്ങളുടെ ആകാശവാണിക്കാലത്ത് പാട്ടിന്റെതന്നെ പര്യായങ്ങളിലൊന്നായിരുന്നു ജയചന്ദ്രൻ. ഇപ്പോഴും പുതിയതെന്നപോലെ നാം കേൾക്കുന്ന ഗാനങ്ങളെത്ര. 16,000ൽ അധികം ഗാനങ്ങൾ ആലപിച്ചു. തമിഴ്, കന്നട, തെലുഗ്, ഹിന്ദി ഭാഷകളിലും ‘രാഗവും ശ്രീരാഗ’വുമായി.
കൊച്ചി കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകൻ. 1944 മാർച്ച് മൂന്നിന് രവിപുരം ഭദ്രാലയം വീട്ടിലായിരുന്നു ജനനമെങ്കിലും ജയൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. അവിടെനിന്നാണ് ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ഗായകനിലേക്കുള്ള വളർച്ച. 1958ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതസംഗീതത്തിൽ യേശുദാസ് ഒന്നാം സ്ഥാനം നേടിയപ്പോൾ മൃദംഗ വായനയിൽ ഒന്നാമനായി ജയചന്ദ്രനുമുണ്ടായിരുന്നു. ‘മൃദംഗമല്ല പാട്ടാണ് നിന്റെ വഴി’യെന്ന് പറഞ്ഞ് തിരിച്ചുവിട്ട ഇരിങ്ങാലക്കുടയിലെ കെ വി രാമനാഥൻ മാസ്റ്ററോട് മലയാളം കടപ്പെട്ടിരിക്കുന്നു. ശാസ്‌ത്രീയ സംഗീതം പഠിക്കാൻ ചെന്നപ്പോൾ, ‘സാധകം ചെയ്ത് ഈ നല്ല ശബ്ദം മാറ്റണ്ട’ എന്ന് ഉപദേശിച്ചത് മദിരാശിയിലെ മഹാഗുരുക്കന്മാർ! ‘മലയാളിയുടെ പുരുഷസങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന ശബ്ദം’ എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. അദ്ദേഹംതന്നെയാണ് ആ അനശ്വരനാദം മലയാളിക്ക് പരിചയപ്പെടുത്തിയതും തുടർച്ചയായി പാടിച്ചതും. ‘അനുരാഗ ഗാനംപോലെ അഴകിന്റെ അലപോലെ...’ പാടാൻ മറ്റൊരാളില്ലെന്നു പറഞ്ഞത് എം എസ് ബാബുരാജ്.
മലയാളത്തിലെ ‘എവർഗ്രീൻ ’ പാട്ടെഴുത്തുകാരായ വയലാർ, പി ഭാസ്കരൻ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, സംഗീത സംവിധായകരായ ജി ദേവരാജൻ, ബാബുരാജ്, കെ രാഘവൻ, ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ എത്രയെത്ര ഗാനങ്ങൾ അനശ്വരമാക്കി. എം എസ് വിശ്വനാഥൻ, എം കെ അർജുനൻ, ഇളയരാജ, ശ്യാം, എ ആർ റഹ്‌മാൻ, കീരവാണി, കോതി എന്നറിയപ്പെടുന്ന കോതേശ്വര റാവു തുടങ്ങി പ്രഗത്ഭമതികളുടെ പാട്ടുകളും അവിസ്മരണീയമാക്കി. പ്രണയവും വിരഹവും ദുഃഖവും അടിച്ചുപൊളിയും മാത്രമല്ല വിപ്ലവസ്വപ്നങ്ങൾ തലയിൽ നിറഞ്ഞ യൗവനങ്ങളുടെ ഭാവങ്ങളെയും സൗമ്യഹരിതമാക്കി.
ദേശീയ, സംസ്ഥാന അവാർഡടക്കം നിരവധി പുരസ്കാരങ്ങൾകൊണ്ടും കേരളത്തിലും പുറത്തുമായി മലയാളികളുള്ളിടത്തെല്ലാമുള്ള ഗാനസന്ധ്യകളാലും ആദരിക്കപ്പെട്ടു. വെട്ടിത്തുറന്നു പറയുകയും ക്ഷോഭിക്കുകയും ചെയ്യുന്ന ജയേട്ടനെ ഏവർക്കും സുപരിചിതം. തന്നേക്കാൾ, തന്റെ പാട്ടിനേക്കാൾ താൻ സ്‌നേഹിക്കുന്നത് മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും പി സുശീലയുടെയും പാട്ടുകളാണെന്ന് മനസ്സ് തുറന്ന നിഷ്കളങ്കതയെയും നാം അറിഞ്ഞിട്ടുണ്ട്. കാറിലും വീട്ടിലും ഫോണിലുമെല്ലാം ‘ റഫി സാർ ’ നിറഞ്ഞു തുളുമ്പി.
‘ചാന്ത് വിൻ കാ ചാന്ത്...’ അതേ അനുഭൂതിയോടെ എത്രവട്ടം കേട്ടു! വിശ്വാസിയായ ജയചന്ദ്രന് ദൈവം കഴിഞ്ഞാൽ അടുത്തയാൾ മുഹമ്മദ് റഫിയാണെന്നാണ് സുഹൃത്തുക്കൾ പറയാറുള്ളത്. ഹർഷ ബാഷ്പം തൂകിയും വർഷ പഞ്ചമിയായും ഇനിയുമിനിയും ആ പാട്ടുകൾ ആസ്വാദകരിൽ വന്ന് നിറയട്ടേ. അമരനായ ജയചന്ദ്രന് ദേശാഭിമാനിയുടെ ആദരാഞ്ജലികൾ.
0 comments