നനഞ്ഞ പടക്കമായി ബിജെപി ജാഥ

ചുവപ്പുകോട്ടയില്‍ കയറിനിന്ന് സിംഹത്തെപ്പോലെ ഗര്‍ജിക്കുമെന്നും ഇത് കേട്ടുഭയന്ന് കേരളത്തിലെ ഇടതുപക്ഷക്കാരെല്ലാം അവരുടെ മാളങ്ങളില്‍ ഒളിക്കുമെന്നുമുള്ള ധാരണ തെറ്റിയതോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പിണറായിയിലൂടെയുള്ള നടപ്പ് ഉപേക്ഷിച്ച് ഒളിച്ചോടി. ആര്‍എസ്എസിന് സൈനിക സംഘടനാരൂപം നല്‍കിയ ബി എസ് മൂഞ്ചെയുടെ 'ഭയപ്പെടുത്തി കീഴ്പ്പെടുത്തുക' എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പണമൊഴുക്കി പ്രചണ്ഡമായ പ്രചാരണം നടത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി അമിത് ഷായും കൂട്ടരും കണ്ണൂരിലെത്തിയത്. ബെനിറ്റോ മുസ്സോളിനിയില്‍നിന്ന് മൂഞ്ചെ കടംകൊണ്ട 'മരണഭീതി സൃഷ്ടിക്കുക' എന്ന തന്ത്രവും കണ്ണൂരില്‍ പരാജയപ്പെട്ടതോടെ പല്ലുകൊഴിഞ്ഞ ഗുജറാത്ത് സിംഹം മാളത്തിലേക്ക് പിന്മാറി. ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും ഒരുപരിധിവരെ വിജയിച്ച തന്ത്രം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പുന്നപ്രയുടെയും വയലാറിന്റെയും മണ്ണില്‍ വിജയിക്കില്ലെന്ന് ചരിത്രമറിയുന്ന ആര്‍ക്കും മനസ്സിലാകും. ജനിച്ചുവീണതുമുതല്‍ സാമ്രാജ്യത്വദാസ്യം കൊടി അടയാളമാക്കിയ സംഘപരിവാറിന് മനസ്സിലാകാത്തതും ഈ ചരിത്രമാണ്. സിപിഐ എമ്മിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരില്‍നിന്ന് 'ജനരക്ഷാ(ശിക്ഷ)യാത്ര'ക്ക് തുടക്കമിട്ട് വീരസ്യം കാട്ടാനായിരുന്നു അമിത് ഷായുടെയും കൂട്ടരുടെയും തയ്യാറെടുപ്പ്്. നനഞ്ഞ പടക്കംപോലെയായി അത്. ഡല്‍ഹിയില്‍ 14 ദിവസവും സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പറഞ്ഞവര്‍ രണ്ടാംദിവസംതന്നെ അതില്‍നിന്ന് പിന്മാറി. എന്നാല്‍, യാത്രയ്ക്ക് തുടക്കത്തിലേ കല്ലുകടിയായിരുന്നു. ആദ്യ ദിവസത്തെ യാത്രയ്ക്കുതന്നെ തണുത്ത സ്വീകരണമാണ് ലഭിച്ചത്. ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഏറ്റുമുട്ടല്‍ക്കൊലയുടെ വിദഗ്ധനുമായ അമിത് ഷാ ആണെന്നതുകൊണ്ടുതന്നെ ജാഥ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. സൊറാബുദീന്‍ ഷേഖ്, ഭാര്യ കൌസര്‍ ബി, തുളസി പ്രജാപതി എന്നിവരുടെ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് ആരോപണമുള്ള വ്യക്തിയാണ് അമിത് ഷാ.
ഈ കേസില്‍ അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 2012 വരെയും അദ്ദേഹത്തിന് ഗുജറാത്തില്‍ പ്രവേശിക്കാനുള്ള അനുമതിപോലും കോടതി നല്‍കിയില്ല. മാത്രമല്ല, ഒരു യുവതിയെ നിയമവിരുദ്ധമായി നിരീക്ഷിച്ചുവെന്ന പരാതിയും അമിത് ഷായ്ക്കെതിരെ ഉയര്‍ന്നിരുന്നു. മോഡിയുടെ പിന്നിലുള്ള ദുര്‍ഭൂതമായാണ് (ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട പൊലീസ് ഓഫീസര്‍ ഡി ജി വന്‍സാര നടത്തിയ പദപ്രയോഗം) പലരും അമിത് ഷായെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദേശീയ നേതാവിനെ കാണാന്‍ റോഡിനിരുവശവും വന്‍ ജനക്കൂട്ടം പ്രതീക്ഷിച്ച സംഘപരിവാറിന് കണക്ക് പിഴച്ചു. ഇന്ത്യ മുഴുവന്‍ യാത്രചെയ്ത് (ദണ്ഡിമാര്‍ച്ച് ഉള്‍പ്പെടെ) സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയുടെ നാട്ടില്‍നിന്നുള്ള ബിജെപി അധ്യക്ഷന്‍, പയ്യന്നൂരില്‍നിന്ന് പിലാത്തറവരെ നടന്നപ്പോള്‍ത്തന്നെ കാലിന് നീരുവന്ന് പിണറായിയിലൂടെയുള്ള യാത്രയില്‍നിന്ന് പിന്‍വാങ്ങിയെന്നാണ് ഔദ്യോഗികഭാഷ്യം. ഇളിഭ്യനായി അമിത് ഷാ മടങ്ങിയതല്ലെന്നും അത്തരത്തിലുള്ള വ്യാഖ്യാനം നല്‍കരുതെന്നും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അഭ്യര്‍ഥിക്കുന്നിടംവരെ എത്തി കാര്യങ്ങള്‍.
രണ്ടാംദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ ഇറക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ക്രിമിനല്‍ കേസില്‍വരെ ഉള്‍പ്പെട്ട സന്യാസിയാണ് യോഗി ആദിത്യനാഥ്. പിഞ്ചുകുട്ടികള്‍ മസ്തിഷ്കജ്വരം ബാധിച്ച് ഇയ്യാംപാറ്റകളെപ്പോലെ മരിച്ചുവീണപ്പോള്‍ നിസ്സംഗനായി നോക്കിനിന്ന ഭരണാധികാരി. അതുകൊണ്ടുതന്നെ തണുത്ത പ്രതികരണമാണ് യോഗിക്കും കേരളത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലിലും മംഗലാപുരത്തും ഹൈദരാബാദിലും തടയാന്‍ ആഹ്വാനം ചെയ്ത അമിത് ഷായ്ക്കും യോഗിക്കും അത്തരമൊരു പരാതി ഉണ്ടാകില്ല. അവരുടെ യാത്ര തടയാന്‍പോയിട്ട് കാണാന്‍പോലും ആരും വന്നില്ല. പ്രതീക്ഷിച്ച എരിവും പുളിയും ജാഥയ്ക്ക് നഷ്ടമായെന്ന് ആദ്യദിവസംതന്നെ അമിത് ഷായ്ക്ക് ബോധ്യപ്പെട്ടു. ദേശീയ മാധ്യമങ്ങളടക്കം, ബിജെപിയുടെ സംഘാടനം കേമമാണെങ്കിലും ജാഥയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനായില്ലെന്ന് എഴുതി. ബിജെപിക്കെതിരെ പട്ടിദാര്‍ സമുദായത്തിന്റെ രോഷം പുകയുന്ന ഗുജറാത്തില്‍നിന്ന്് 'ഡയര്‍ ഗോബാക്ക്' വിളികള്‍ കേട്ട് കേരളത്തില്‍ എത്തിയ അമിത് ഷായ്ക്ക് നിരാശമാത്രം ബാക്കി. പിണറായിയിലൂടെ നടന്ന് കാലിന് നീരുവയ്ക്കുന്നതുകൊണ്ട് ഒരു ഫലവുമില്ലെന്ന് മനസ്സിലാക്കിയ അമിത് ഷാ, കേരളത്തിലെ ബിജെപി നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തി ഒളിച്ചോടി. 1940കളില്‍തന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യമുണ്ടായിരുന്നു. അതിപ്പോഴും പ്രസക്തമാണ്. ആ വരികളിതാണ് 'ഈ പരിപ്പ് ഈ നാട്ടില്‍ വേവുകില്ല മോനേ, ആര്‍എസ്എസുകാരാ'
Related News

0 comments