Deshabhimani

വോട്ടവകാശം നിഷേധിക്കരുത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 18, 2016, 04:21 PM | 0 min read

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 16ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അര്‍ഹതപ്പെട്ട മുഴുവന്‍ സമ്മതിദായകര്‍ക്കും പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം അനുവദിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ട, മുഴുവന്‍ വോട്ടര്‍മാരുടെയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് വീണ്ടും വീണ്ടും അവസരം നല്‍കുന്നത്. സദുദ്ദേശ്യത്തോടെയുള്ള ഇത്തരം നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വന്തം പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും, വിട്ടുപോയിട്ടുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനും മുഴുവന്‍ സമ്മതിദായകരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ഈ സദുദ്ദേശ്യം അട്ടിമറിക്കാനും വോട്ടര്‍പട്ടികയില്‍നിന്ന് രാഷ്ട്രീയ എതിരാളികളാണെന്ന ഏകകാരണത്താല്‍ അര്‍ഹതപ്പെട്ടവരുടെ പേര് കൂട്ടത്തോടെ തള്ളാനും ചില മന്ത്രിമാരുടെ ഒത്താശയോടെ ദുഷിച്ച ചിന്താഗതിയുള്ള ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരുന്നതായി മനസ്സിലാക്കുന്നു. ഇത് ഉല്‍ക്കണ്ഠയ്ക്കിട നല്‍കുന്നതാണ്. വേലിതന്നെ വിള തിന്നുന്ന അത്യന്തം നീചമായ ഈ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്. പല ജില്ലകളിലും ഭരണവിലാസം സംഘടനകളുടെ നേതാക്കളെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ജോലിയില്‍ കുത്തിനിറയ്ക്കുന്നതിന് ഏതോ കോണില്‍നിന്ന് ശ്രമം നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഭരണകക്ഷിയുടെ പോഷകസംഘടനകളെയാണ് ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കത്തിന് കരുവായി കണ്ടിട്ടുള്ളത്. 

മന്ത്രി എം കെ മുനീറിന്റെ ഒത്താശയോടെ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ അഞ്ഞൂറില്‍പ്പരം എല്‍ഡിഎഫ് വോട്ടുകള്‍ അനധികൃതമായി തള്ളാനുള്ള നീക്കം പിടിക്കപ്പെട്ടിരുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹതപ്പെട്ട സമ്മതിദായകരുടെ പേരുകള്‍ നീക്കംചെയ്യാനുള്ള അപേക്ഷകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ വിവരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനുമുമ്പും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നീക്കം ശ്രദ്ധയില്‍പ്പെടുകയും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തതാണ്. കേരളത്തിലെ പല ജില്ലകളിലും ഇത്തരം ശ്രമങ്ങള്‍ രഹസ്യമായും പരസ്യമായും നടന്നതായി റിപ്പോര്‍ട്ടുണ്ട്. വോട്ടുചെയ്യാനുള്ള പൌരന്റെ അവകാശം ഭരണഘടനാദത്തമാണ്. ആരുടെയെങ്കിലും ഔദാര്യമോ സൌജന്യമോ അല്ല. അവസാനനിമിഷം അര്‍ഹതപ്പെട്ട വോട്ടര്‍മാരുടെ പേര് പട്ടികയില്‍നിന്ന് നീക്കംചെയ്താല്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാതെവരും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ടുചെയ്യാന്‍ സാധ്യമല്ലല്ലോ. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയാണ് പേര് നീക്കംചെയ്യുന്നതെന്ന സാങ്കേതികത്വവാദം ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ബോധപൂര്‍വം പേര് നീക്കം ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് അറിയിപ്പ് കിട്ടാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യുമെന്ന് ഉറപ്പാണല്ലോ.

ഒരു ഭരണവിലാസം സംഘടനാനേതാക്കളുടെ പ്രസ്താവന ഈ ആക്ഷേപം ശരിവയ്ക്കുന്നതാണ്. ഭീഷണി വേണ്ട എന്ന പേരില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ പുറപ്പെടുവിച്ച പ്രസ്താവന ഒരു പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതായി കണ്ടു. വോട്ടര്‍പട്ടികയില്‍നിന്ന് പേര് തള്ളല്‍ തങ്ങളുടെ അവകാശമാണെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് പ്രസ്താവന. ഇതു തനി ധിക്കാരമാണ്. നിയമലംഘനം നടത്താന്‍ ഒരു ഉദ്യോഗസ്ഥനും ലൈസന്‍സ് ഇല്ല. ഈ പ്രസ്താവനയില്‍, ചെയ്ത തെറ്റിന് ഖേദപ്രകടനമോ കുറ്റസമ്മതമോ കാണാനില്ല. ഭരണകക്ഷിക്കുവേണ്ടി എല്‍ഡിഎഫ് വോട്ടര്‍മാരുടെ പേര് പട്ടികയില്‍നിന്ന് നീക്കംചെയ്യാന്‍ ശ്രമം നടത്തിയ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. ഭരണകക്ഷികള്‍ പരാജയഭീതികൊണ്ട് എന്തുംചെയ്യാന്‍ നിര്‍ബന്ധിതരാണെന്ന് വന്നിരിക്കുന്നു. ഇത് അനുവദിക്കാനാകില്ല. വോട്ടര്‍പട്ടികയില്‍നിന്ന് എല്‍ഡിഎഫ് വോട്ടര്‍മാരുടെ പേര് കൂട്ടത്തോടെ തള്ളാനുള്ള ഇത്തരം നികൃഷ്ടമായ നീക്കങ്ങള്‍ കര്‍ശനമായി തടയണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു

 



deshabhimani section

Related News

0 comments
Sort by

Home