ഇങ്ങനെ ജീവിക്കാൻ പറ്റില്ല സർ!

സ്വന്തം ലേഖിക
Published on Jun 10, 2026, 02:24 AM | 1 min read
കണ്ണൂർ
സ്വകാര്യ ആശുപത്രികളിലെ തൊഴിൽ ചൂഷണത്തിനെതിരെ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാരും സംഘടനകളും രംഗത്ത്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് കഴിഞ്ഞ എൽഡിഎഫ് സർക്കാർ കരട് വിജ്ഞാപനമിറക്കിയിരുന്നു. അത് അന്തിമ വിജ്ഞാപനമാക്കി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആരോഗ്യ മേഖലയിലെ സേവന വേതന വ്യവസ്ഥകളിൽ വലിയ വിവേചനമാണ് നടക്കുന്നത്. ജോലിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ല. തുച്ഛമായ ശമ്പളത്തിന് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിയും വരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് കഴിഞ്ഞ മാർച്ച് ആറിന് കരട് വിജ്ഞാപനമിറക്കിയത്. അതിനുശേഷം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കാനുള്ള സമയവും കഴിഞ്ഞു. എന്നിട്ടും സർക്കാർ ശമ്പള പരിഷ്കരണം അനിശ്ചിതമായി നീട്ടുകയാണ്. മുൻകാല പ്രാബല്യത്തോടെ വേതന വർധന ലഭിക്കുമെന്നും തൊഴിൽ വകുപ്പ് ഉറപ്പുനൽകിയിരുന്നു. കൂടിയ ജീവിതച്ചെലവ് വലയ്‌ക്കുന്പോൾ ശമ്പള പരിഷ്‌കരണമില്ലെങ്കിൽ ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്. അടിയന്തര ഇടപെടൽ വേണം ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കണം. നിലവിലെ വിലക്കയറ്റത്തിന്റെയും മറ്റുമൊക്കെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ചെലവുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാനൊക്കെ വലിയ ചെലവാണ്. ശന്പള പരിഷ്‌കരണത്തിൽ സർക്കാർ ഇടപെടൽ ഉടനുണ്ടാകണം. പി പി രാജേഷ് അറ്റൻഡർ, ധനലക്ഷ്മി ആശുപത്രി










0 comments