വയനാട് - കരിന്തളം 400 കെവി ലൈൻ
നഷ്ടപരിഹാരം കണക്കാക്കാൻ അന്തിമ സർവേ തുടങ്ങി

വയനാട്- –-കരിന്തളം 400 കെവി ലൈൻ നിർമ്മാണ പ്രദേശങ്ങളിലൊന്നായ അയ്യങ്കുന്ന് കൊട്ടുകപ്പാറയിൽ നഷ്ടപരിഹാരം കണക്കാക്കാനുള്ള സർവെ ആരംഭിച്ചപ്പോൾ.

സ്വന്തം ലേഖകൻ
Published on Mar 18, 2025, 03:00 AM | 2 min read
ഇരിട്ടി
നിർദിഷ്ട വയനാട്–- കരിന്തളം 400 കെവി ലൈൻ നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിൽ കർഷകർക്കും ഭൂവുടമകൾക്കും നൽകേണ്ട നഷ്ടപരിഹാരത്തുക നിർണയിക്കാനുള്ള അന്തിമ സർവേക്ക് തുടക്കം. കൃഷിഭൂമി, വിളകൾ എന്നിവയ്‌ക്കുണ്ടാകുന്ന നഷ്ടത്തിന്റെ യഥാർഥ വിഹിതം കർഷകർക്കും ഭൂവുടമകൾക്കും ലഭ്യമാക്കണമെന്ന ജനകീയ കർമസമിതിയുടെ ആവശ്യം പരിഗണിച്ചാണ് സർവേ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും കർമസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതയോഗവും ഇക്കാര്യം തീരുമാനിച്ചിരുന്നു. കെഎസ്ഇബിയുടെ സ്വപ്നപദ്ധതിയാണ് വയനാട് –- കരിന്തളം 400 കെവി ലൈൻ. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങൾക്ക് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ന്യായവിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും നഷ്ടപരിഹാരം നൽകാമെന്നാണ് കെഎസ്ഇബി വാഗ്ദാനം. ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനമോ മാർക്കറ്റ് വിലയോ ഏതാണ് കൂടുതൽ, അത് നൽകണമെന്നാണ് കർമസമിതിയുടെയും ജനപ്രതിനിധികളുടെയും ആവശ്യം. എടമൺ- –-കൊച്ചി പവർഹൈവേ നിർമാണ സ്ഥലത്ത് ന്യായവിലയുടെ അഞ്ചിരട്ടിവരെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്ത ഘട്ടത്തിൽ പ്രഖ്യാപിച്ച പാക്കേജ് മാതൃകയിൽ കരിന്തളംലൈൻ നിർമാണ സ്ഥലത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കർമസമിതി ഉന്നയിക്കുന്നു. ലൈൻ നിർമാണ പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില കണക്കാക്കുന്നതിനാണ് സ്ഥല പരിശോധന. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യങ്കുന്ന്, പായം, ഉളിക്കൽ, പയ്യാവൂർ, ഉദയഗിരി, ആലക്കോട്, പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളിലൂടെയാണ് ലൈൻ കടന്ന് പോകുന്നത്. പവർ ഹൈവേ നിർമാണ പ്രദേശങ്ങൾ (വയനാട്ടിലെ പയ്യമ്പള്ളിയിൽനിന്നാരംഭിച്ച് കാസർകോട്ടെ കരിന്തളം വരെ), സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളുമുള്ള പ്രദേശങ്ങൾ, കൃഷിസ്ഥലം എന്നിവ കണക്കാക്കി യഥാർഥ നഷ്ടത്തോത് നിർണയിക്കും. നാലു മാസത്തിനകം സർവേ പൂർത്തിയാക്കാനാണ് നിർദേശം. ലൈൻ നിർമിക്കാൻ സ്വകാര്യ, സർക്കാർ ഭൂമികളിലായി 370 ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കണം. 200 മുതൽ 750 മീറ്റർ ദൂരത്തിലായിരിക്കും ടവറുകൾ. ഇവ സ്ഥാപിക്കാൻ 10 മുതൽ 20 സെന്റ് സ്ഥലംവരെ വേണം. ഇതിലെ വിഭവങ്ങളും ഭൂമിയുടെ വിലയും കണക്കാക്കണം. ലൈൻ നിർമാണ സ്ഥലത്തിന് 40 മീറ്റർ വീതി വേണം. ലൈനിൽ തട്ടുന്നതും മറിഞ്ഞ് വീഴുന്നതുമായ വൻമരങ്ങൾ പരിസരത്ത് ഉണ്ടാകരുത്. ലൈൻ കടന്നുപോകുന്ന 125 കിലോമീറ്റർ പരിധിയിലെ നാൽപ്പതോളം മീറ്റർ ചുറ്റളവിലുള്ള ഭൂവിലയും അവയിലെ ഉഭയവിലയും കണക്കാക്കുന്നതിനാണ് നിലവിലെ സർവേ. കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളാണ് സർവേ നടത്തുന്നത്. ജനകീയ കർമസമിതി നേതാക്കളും അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഷഹീന ഷാഹുൽ, അസി. എൻജിനിയർ നീലം ചന്ദൻ്ര എന്നിവരും നേതൃത്വം നൽകുന്നു.
0 comments