കോർപറേഷൻ സീറ്റ് തർക്കം
ലീഗ് ബഹിഷ്കരണ ഭീഷണി: യുഡിഎഫ് ജില്ലാ യോഗം ഉപേക്ഷിച്ചു

കണ്ണൂർ
ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കം ബഹിഷ്കരണത്തിലേക്ക് നീങ്ങിയതോടെ വെള്ളിയാഴ്ച നിശ്ചയിച്ച യുഡിഎഫ് യോഗം ഉപേക്ഷിച്ചു. വൈകിട്ട് ഡിസിസി ഓഫീസിൽ നടന്ന ലീഗ്– കോൺഗ്രസ് ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കോർപറേഷനിലെ സീറ്റ് തർക്കത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നാണ് കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട്. ശ്രീകണ്ഠപുരം, പയ്യന്നൂർ നഗരസഭകളിലും കോൺഗ്രസ്– - ലീഗ് സീറ്റ് തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങി. സ്വന്തംനിലയിൽ പലയിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ഇരുകക്ഷികളുടെയും നീക്കം. അത്തരം നിലപാടിലേക്ക് പോകരുതെന്ന് നേതൃത്വം നിർദേശിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിനെ സമ്മർദത്തിലാക്കാനാണ് ലീഗ് തീരുമാനം. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ് ലീഗ് കൂടുതലായി ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ മത്സരിച്ച 18 സീറ്റേ നൽകൂ എന്ന നിലപാടിലാണ് കോൺഗ്രസ്. തിങ്കളാഴ്ചത്തെ ചർച്ചയിൽ മൂന്നിൽനിന്ന് ഒന്നിലേക്ക് ലീഗ് ആവശ്യം ചുരുക്കി. വാരം ഡിവിഷൻ മതിയെന്നായിരുന്നു ലീഗിന്റെ നിലപാട്. പകരം ലീഗിന്റെ കൈയിലുള്ള രണ്ടു സീറ്റ് നൽകണമെന്ന ഡിമാന്റ് കോൺഗ്രസ് വച്ചതോടെ ചർച്ച വഴിമുട്ടി. വാരം നൽകി പ്രശ്നം തീർക്കണമെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. പകരം ലീഗിൽനിന്ന് വലിയന്നൂർ ഏറ്റെടുക്കാനുള്ള നിർദേശവും ഇവർ മുന്നോട്ടുവച്ചു. ലീഗിനും ഇത് ഏറെക്കുറെ സ്വീകാര്യമാണ്. എന്നാൽ വാരം സീറ്റ് വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമെന്ന് ടി ഒ മോഹനനും കെ പ്രമോദും നിലപാടെടുത്തു. ഇതോടെ പ്രശ്നപരിഹാരത്തിനുള്ള വഴിയടഞ്ഞു. ഇത് അറിഞ്ഞതോടെയാണ് മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ പ്രശ്നങ്ങൾകൂടി ചൂണ്ടിക്കാട്ടി യുഡിഎഫ് യോഗം ബഹിഷ്കരിക്കാൻ ലീഗ് നേതൃയോഗം വ്യാഴാഴ്ച രാത്രി വൈകി തീരുമാനത്തിലെത്തിയത്. ഒടുവിൽ യുഡിഎഫ് യോഗംതന്നെ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കളും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയും ചർച്ച നടത്തിയെങ്കിലും നിലവിലുള്ള സ്ഥിതി തുടരണമെന്നതിൽ കോൺഗ്രസ് ഉറച്ചുനിന്നു. അതേസമയം ജില്ലാ പഞ്ചായത്തിൽ ലീഗിന് കൂടുതലായി നൽകിയ ഒരു സീറ്റ് തിരിച്ചെടുക്കണമെന്ന് കോൺഗ്രസിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.









0 comments