കണ്ണൂരിൽ കെട്ടിടം തകർന്ന് റോഡിലേക്ക് പതിച്ചു

കണ്ണൂർ എൽഐസി ഓഫീസിന് എതിർവശത്തെ വാട്ടർ സർവീസ് കെട്ടിടം മഴയിൽ തകർന്നുവീണപ്പോൾ
കണ്ണൂർ
കണ്ണൂർ നഗരത്തിൽ പഴക്കം ചെന്ന കെട്ടിടവും മതിലും റോഡിലേക്ക് ഇടിഞ്ഞുവീണു. തളാപ്പ് എൽഐസി ഓഫീസ് പരിസരത്തെ എൻകെബിടി പെട്രോൾ പന്പിന് പിറകുവശത്തുള്ള വാട്ടർ സർവീസ് സ്‌റ്റേഷൻ കെട്ടിടവും മതിലുമാണ് കനത്ത മഴയിൽ തകർന്നത്. ചൊവ്വാഴ്‌ച രാവിലെ ഒന്പതിനാണ് അപകടം. കനത്ത മഴക്കിടെ മതിലും കെട്ടിടവും റോഡിലേക്ക് നിലംപൊത്തുകയായിരുന്നു. കണ്ണൂർ കാർഷിക വികസനബാങ്കിന് മുന്നിലൂടെ കടന്നുപോകുന്ന പോക്കറ്റ് റോഡിലേക്കാണ് കെട്ടിടം വീണത്. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരോ കാൽനടയാത്രക്കാരോ അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയത്തിൽ മണ്ണുമാന്തിയന്ത്രം എത്തിച്ച് പരിശോധന നടത്തി. അപകടത്തിൽ വൈദ്യുതി ലൈനും കേബിളുകളും തകർന്നു. വാട്ടർ സർവീസ് കേന്ദ്രത്തിലെ മൂന്ന് അതിഥിത്തൊഴിലാളികൾ ഇൗ സമയം കെട്ടിടത്തിലുണ്ടായിരുന്നു. മതിൽ വൻ ശബ്‌ദത്തോടെ ഇടിഞ്ഞുവീഴുന്നത് കണ്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ജില്ലാ ഫയർ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്‌ഥലത്തെത്തി. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കെട്ടിടത്തിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് വ്യക്തമല്ല. സിപിഐ എം നേതാക്കളായ ഇ പി ജയരാജൻ, കെ കെ രാഗേഷ്, മേയർ പി ഇന്ദിര, എംഎൽഎമാരായ കെ വി സുമേഷ്, ടി ഒ മോഹനൻ തുടങ്ങിയവർ സ്‌ഥലത്തെത്തി.
കോർപ്പറേഷന്റെ അനാസ്ഥയുടെ ഉദാഹരണം: കെ കെ രാഗേഷ്
കണ്ണൂർ
കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് മഴയെത്തുടർന്ന് മതിലും കെട്ടിടവും തകർന്ന സംഭവമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷനുണ്ട്. അപകടഭീഷണിയുള്ള നിർമിതികളും മതിലുകളും മുൻകൂട്ടി പരിശോധിച്ച് ആവശ്യമായ നടപടിയെടുത്തിരുന്നുവെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം. ഭാവിയിൽ ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ അടിയന്തര മുൻകരുതലെടുക്കണം. ജനങ്ങളുടെ സുരക്ഷയിൽ കാണിക്കുന്ന ഇത്തരം അനാസ്ഥയ്ക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്– കെ കെ രാഗേഷ് പറഞ്ഞു.










0 comments