ആറളം ഫാം പങ്കാളിത്ത കൃഷിയിലെ ക്രമക്കേട്
ആദിവാസികൾ കൃഷിഭൂമിയിൽ അവകാശം സ്ഥാപിക്കും

ഇരിട്ടി
പങ്കാളിത്ത കൃഷിയുടെപേരിൽ ആറളം ഫാമിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആദിവാസി ക്ഷേമ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറളം ഫാമിങ് കോർപ്പറേഷൻ മാനേജ്മെന്റ് ആദിവാസി ഭൂമിയിൽ വെട്ടിപ്പും ക്രമക്കേടും നടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എകെഎസ് ഫാം ഏരിയാ കമ്മിറ്റി ഫെബ്രുവരി ആദ്യവാരം പങ്കാളിത്ത കൃഷിക്ക് നൽകിയ ഭൂമിയിലേക്ക് മാർച്ച് നടത്തി കൊടി കുത്തി കുടിൽ കെട്ടി അവകാശം സ്ഥാപിക്കും. 2004ൽ പട്ടിക വർഗ വികസന വകുപ്പിന്റെ ഫണ്ടിൽനിന്ന് 42.09 കോടി രൂപ കേന്ദ്ര സർക്കാരിന് നൽകിയാണ് ആറളം ഫാം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പ് കേന്ദ്രസർക്കാരിൽനിന്ന് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഫാം ഏറ്റെടുത്തത്. കുറിച്യ വിഭാഗമടക്കമുള്ളവർക്ക് ആറളം വിയറ്റ്‌നാമിൽ അഞ്ച് ഏക്കർ വീതം ഭൂമിയും വീടും നൽകി പുനരധിവസിപ്പിച്ചു. ഓടന്തോട്, കൈതക്കൊല്ലി പട്ടിക വർഗ കുടുംബങ്ങൾ നരക ജീവിതം നയിക്കുമ്പോൾ കെഎസ്‌കെടിയു നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രക്ഷോഭങ്ങളും എകെഎസ് കുടിൽ കെട്ടി കഞ്ഞിവയ്‌പ്പ് സമരവും നടത്തി. വിവിധ ഘട്ടങ്ങളിലായി 3,375 കുടുംബങ്ങൾക്ക് ആറളത്ത് സർക്കാർ ഭൂമി നൽകിയത്. പങ്കാളിത്ത കൃഷിയുടെ പേരിൽ മാലൂർ അഗ്രോ ഫാം പ്രൈവറ്റ് ലിമിറ്റഡിന് 530 ഏക്കർ ഭൂമി 30 വർഷത്തേക്കും എറണാകുളത്തെ അഗ്രി ഫാം എന്ന സംരംഭകർക്ക് 1,000 ഏക്കർ കൈതച്ചക്ക കൃഷി നടത്താൻ നാലുവർഷത്തേക്കും എറണാകുളം കെവിഎസ് ഫുഡ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് 25 ഏക്കർ 30 വർഷത്തേക്ക് പന്നി ഫാം നടത്താനും ഇരിട്ടി ബാവലി കമ്യൂൺ കമ്പനിക്ക് 30 വർഷത്തേക്ക് 100 ഏക്കറും നൽകി. ആദിവാസികളുടെ സ്വത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രക്ഷോഭം. എകെഎസ് ജില്ലാ സെക്രട്ടറി കെ മോഹനൻ, കെ എ ജോസ്, കോട്ടി കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Related News

0 comments