6 പേർക്ക് കടിയേറ്റു
മാതമംഗലത്തും തലശേരിയിലും ഭ്രാന്തൻനായ ആക്രമണം

പുനിയങ്കോട്ടെ ആദർശിന്റെ കാലിന് ഭ്രാന്തൻനായയുടെ കടിയേറ്റനിലയിൽ
മാതമംഗലം
മാതമംഗലത്തും തലശേരിയിലും ഭ്രാന്തൻനായ ആക്രമണം. മാതമംഗലത്ത് രണ്ട് പേർക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതോടെ മാതമംഗലത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലിക്കെത്തിയ അധ്യാപിക വെങ്ങര സ്വദേശിനി ഷൈനി (39)ക്കാണ് കടിയേറ്റത്. മുച്ചിലോട്ട് റോഡിൽ ബസിറങ്ങി ട്യൂഷൻ സെന്ററിലേക്ക് പോകും വഴി ഒരു കുട്ടിയെ നായ കടിക്കാൻ ശ്രമിച്ചപ്പോൾ തടയുമ്പോഴാണ് കടിയേറ്റത്. വൈകിട്ട് 4.30 ഓടെ പുനിയങ്കോട്ടെ ആദർശ് (20) നും കടിയേറ്റു. വയത്തൂര് ശിവക്ഷേത്രത്തിന് സമീപം ടയർ കടയുടെ ഭാഗത്ത് നിൽക്കുമ്പോഴാണ് കടിച്ചത്. കടിച്ച ഉടൻ നായ തളർന്നുവീണ് ചത്തു. രണ്ടുപേരും കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പഞ്ചായത്ത് അംഗം കെ സരിതയുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടറുടെ നിർദേശത്തിൽ നായയെ സംസ്കരിച്ചു. സമീപപ്രദേശങ്ങളിലെ രണ്ട് വളർത്തുനായയെയും ഒരു തെരുവുനായയെയും കടിച്ചതായി പറയുന്നു.തലശേരി എരഞ്ഞോളി പഞ്ചായത്തിലെ കാളിയിൽ പ്രദേശത്ത് നാല് പേർക്ക് ഭ്രാന്തൻനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ പത്തരക്ക് പുളിഞ്ഞോളി ക്ഷേത്രത്തിനടുത്ത് വീട്ടുമുറ്റത്തുനിന്നും ഇ കെ നാരായണി, ആർ കെ റീജ എന്നിവരെയും സന്തോഷിനെ വഴിയിൽവച്ചും കൈപ്രത്ത് ലത്തീഫിനെ വീട്ടുപറമ്പിൽ ജോലിക്കിടെയുമാണ് നായ കടിച്ചത്. പരിക്കേറ്റവർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
0 comments