തൊഴിൽ വേണോ... ലേബർ ബാങ്കിൽ തിരയൂ

ജില്ലാ പഞ്ചായത്തിന്റെ ലേബർ ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു
കണ്ണൂർ
വിവിധമേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനും തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാനും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലേബർ ബാങ്ക് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി എം ബി രാജേഷ് ലോഞ്ച് ചെയ്‌തു. തൊഴിലാളികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം, താൽപ്പര്യം, വേതനം ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്താം. തൊഴിലാളികളെ തെരഞ്ഞെടുക്കാൻ തൊഴിൽദാതാവിനെയും ആപ് സഹായിക്കും. പരിശീലനം നൽകി ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. Kannur Dt Panchayat Labor bank എന്ന പേരിൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിലും, ആപ് സ്റ്റോറിലും ലഭ്യമാണ്. തൊഴിലാളികൾക്കും, തൊഴിൽ ദാതാക്കൾക്കും നിലവിൽ ആപ്ലിക്കേഷനിൽ പേര് രജിസ്റ്റർ ചെയ്യാം. നൂതന ആശയം ഒരു പദ്ധതിയാക്കി ആവിഷ്‌കരിച്ച ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കേരള ദിനേശ് ഐടി വിഭാഗമാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്. വികസന ഫണ്ടിൽനിന്നും 2022–--23 വർഷത്തിൽ 2,95,000 രൂപയും, 2023-–-24 വർഷത്തിൽ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കലക്ടർ അരുൺ കെ വിജയൻ, തദ്ദേശഭരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ സംസാരിച്ചു.
Related News

0 comments