5.28 കോടി രൂപയുടെ ഭരണാനുമതിയായി
കിടഞ്ഞി-–-തുരുത്തിമുക്ക് പാലം യാഥാർഥ്യമാകുന്നു

കിടഞ്ഞി- തുരുത്തിമുക്ക് പാലത്തിന്റെ രൂപരേഖ
പാനൂർ
പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരിയെയും ബന്ധിപ്പിക്കാൻ മയ്യഴിപുഴക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽനിന്ന് 15.28 കോടി രൂപയുടെ ഭരണാനുമതി. വർഷങ്ങൾക്ക് മുമ്പ് രണ്ട് തൂണുകൾ മാത്രം നിർമിച്ച് സാങ്കേതിക പ്രശ്നങ്ങളാൽ പാതിവഴിയിൽ ഉപേക്ഷിച്ച തുരുത്തിമുക്ക് പാലത്തിന് 2019 ൽ കെ കെ ശൈലജ എംഎൽഎയുടെ ശ്രമഫലമായാണ് ഫണ്ടനുവദിക്കുന്നത്. സിപിഐ എം നേതാവായിരുന്ന അന്തരിച്ച ഇ കെ അശോക് കുമാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെ നിരന്തരമായ ഇടപ്പെടലുകളുമുണ്ടായി. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ കല്ലിട്ട് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് നടപടികൾ വൈകിയതോടെ കരാർ തുക അധികരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രവൃത്തി ഏറ്റെടുത്തവർ പിൻമാറി. പാലം നിർമാണം പൂർത്തീകരിക്കണം എന്ന ആവശ്യവുമായി കെ പി മോഹനൻ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തി അടങ്കൽ തുക പുനപരിശോധിക്കാൻ കിഫ്ബി വിദഗ്‌ധ സമിതിയോട് നിർദ്ദേശിച്ചു. റിപ്പോർട്ടനുസരിച്ച് ഫണ്ടനുവദിച്ചു. പാലത്തിന്റെ നിർമാണം നിലവിൽ ഏഴ് ശതമാനം മാത്രമാണ് പൂർത്തീകരിച്ചത്. പുതിയ കരാർ പ്രകാരം കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. 204 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. മാർച്ച് 26 വരെ പ്രവൃത്തിയുടെ ടെൻഡർ സ്വീകരിക്കും. 29 ന് ടെൻഡർ ഓപ്പൺ ചെയ്തു നടപടി ക്രമങ്ങൾ വേഗത്തിലാക്കും.
0 comments