Deshabhimani

ഫ്രണ്ട്‌ ഓഫീസിലുണ്ട്‌ 
അനിൽ ചേലേരിയുടെ ചിത്രങ്ങൾ

അനിൽ ചേലേരി

അനിൽ ചേലേരി ജില്ലാ മൃ​ഗാശുപത്രി ലബോറട്ടറിയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കരികെ.

വെബ് ഡെസ്ക്

Published on Feb 15, 2025, 03:00 PM | 1 min read

കണ്ണൂർ

ജീവനക്കാരന്റെ സർഗസൃഷ്ടിയിൽ സമ്പന്നമാണിന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ റീജണൽ ഡയഗ്നോസ്റ്റിക്‌ ലബോറട്ടറിയുടെ ഫ്രണ്ട്‌ ഓഫീസ്‌. യുഡി ടൈപ്പിസ്‌റ്റ്‌ അനിൽ ചേലേരിയുടെ മനോഹര ചിത്രങ്ങളാണ്‌ ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നത്. കണ്ണൂരിന്റെ കാണാപ്പുറങ്ങളും ജീവിതവും പകർത്തിയ ചിത്രങ്ങൾ ഏതൊരാളെയും ആസ്വാദക ലോകത്തേക്ക്‌ കൊണ്ടുപോകും. തെയ്യം, തലശേരി കോട്ടയുടെ പശ്ചാത്തലത്തിൽ പൗരാണിക പട്ടണത്തിന്റെ പരാമ്പര്യം വിളിച്ചോതുന്ന ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയും കണ്ണൂരിന്റെ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന ആറളം ഫാം, മാടായിപ്പാറ, മുഴപ്പിലങ്ങാട് ബീച്ച്, പയ്യാമ്പലം ബീച്ച്, സ്വതന്ത്ര്യസമരത്തിലെ പ്രധാന സംഭവമായ ദണ്ഡിയാത്ര, കണ്ണൂർ വിമാനത്താവളം എന്നിവയുമാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്. ഓഫീസിലെ ജീവനക്കാരനായ അനിലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ കണ്ട മുൻ ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർ ഡോ. കെ ജെ വർഗീസാണ് ഓഫീസിൽ വയ്‌ക്കാൻ ചിത്രങ്ങൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫ്രണ്ട് ഓഫീസ് തുറന്നതോടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങി. എട്ട്‌ ചിത്രങ്ങൾ ഫ്രണ്ട് ഓഫീസിലുണ്ട്. ഓഫീസിലെത്തുന്നവരുടെ നോട്ടം ആദ്യം പോകുന്നത് അനിലിന്റെ ക്യാൻവാസിലേക്കാണ്. ചുവപ്പ് നാടയും ഫയൽ കൂമ്പാരവും നിറഞ്ഞ സർക്കാർ ഓഫീസെന്ന മുൻ സങ്കൽപ്പം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ കെ പ്രീത പറഞ്ഞു. ചിത്രരചനയാേട് അഭിരുചിയുളള അനിൽ ഏതാനും വർഷം മുമ്പാണ്‌ വരച്ചുതുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുള്ള ഒഴിവുസമയങ്ങളിൽ അക്രിലിക് മീഡിയത്തിലാണ് രചന. ജില്ലയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം വർണങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഇതിന് സന്ദർശകരിൽനിന്ന്‌ വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും ഓഫീസിൽ കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ്‌ ആഗ്രഹമെന്നും അനിൽ ചേലേരി പറഞ്ഞു. നവമാധ്യമങ്ങളിൽ എഴുതിയ രചനകൾ ചേർത്ത് ‘പുതിയോത്ര’ പുസ്തകവും കുമാരസംഭവങ്ങൾ, പകസ എന്നീ കഥാസമാഹാരങ്ങളും അനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home