മോഷണക്കുറ്റം ആരോപിച്ച് ദേഹോപദ്രവം പ്രതികൾക്ക് തടവും പിഴയും

തലശേരി
മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ കടമുറിയിൽ അടച്ചുപൂട്ടുകയും ശാരീകമായി ഉപദ്രവിക്കുകയും ചെയ്‌ത കേസിൽ പ്രതികൾക്ക് ഒരുവർഷം തടവും 2000 രൂപ വീതം പിഴയും. കേസിൽ ഒന്നും രണ്ടും പ്രതികളായ രാമന്തളി പാലക്കോട് പുതിയവളപ്പിൽ വീട്ടിൽ മുഹമ്മദ്‌കുഞ്ഞി (65), രാമന്തളി പാലക്കോട് എ കെ മൂസാൻ (55) എന്നിവരെയാണ് തലശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം വീതം അധിക തടവ് അനുഭവിക്കണം. കേസിലെ മൂന്നാം പ്രതി മുഹമ്മദ് അസ്‌ലമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 2015 ജൂലൈ 27നാണ് കേസിനാസ്‌പദമായ സംഭവം. ഒന്നാം പ്രതിയുടെ കടയിൽ ജോലി ചെയ്യുകയായിരുന്ന കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് കടമുറിയിൽ പൂട്ടിയിടുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇതിന്റെ മനോവിഷമത്തിൽ പതിനേഴുകാരൻ മുറിക്കകത്ത് തൂങ്ങിമരിച്ചു. പയ്യന്നൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന പി കെ മണിയാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ജയറാംദാസ് ഹാജരായി.
0 comments