Deshabhimani

രുചിച്ചറിയണം ഉപ്പിലിട്ട ഗണിതം..!

കയരളം നോർത്ത് എഎൽപി സ്കൂൾ   പഠനോത്സവം

കയരളം നോർത്ത് എഎൽപി സ്കൂൾ പഠനോത്സവത്തിലെ 
സാൾട്ടി വൈബ്സ് ഗണിത കോർണർ

വെബ് ഡെസ്ക്

Published on Mar 16, 2025, 03:00 AM | 1 min read

മയ്യിൽ

ശിവന്യയുടെയും ആയിഷയുടെയും കൈയിൽ പത്തുരൂപയുണ്ട്. ‘സാൾട്ടി വൈബ്‌സി’ലെ ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും കാരറ്റും ബീറ്റ്റൂട്ടും തണ്ണിമത്തനുമൊക്കെ അവരുടെ വായിൽ കപ്പലോട്ടുന്നുണ്ട്‌. രണ്ടാളും തലപുകഞ്ഞ് ആലോചിച്ചു. കൂട്ടലും കിഴിക്കലും ഹരണവും ഗുണനവുമെല്ലാം അതിനിടയിൽ വന്നുപോയി. കയരളം നോർത്ത് എൽപി സ്കൂൾ പഠനോത്സവത്തിലാണ്‌ നിത്യജീവിതത്തിലെ കണക്കുകൾ കുട്ടികൾ പ്രവർത്തനങ്ങളാക്കിയത്‌. ആദായകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽനിന്നുമാറി പഠനമികവിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകൾ അവതരിപ്പിക്കുകയാണ് ഈ വിദ്യാലയം. ‘സാൾട്ടി വൈബ്സ്’ ഗണിത കോർണറിനുപുറമെ എരിഞ്ഞിക്കടവിലെ മൈതാനത്തിൽ സയൻസ് മാജിക്കും ഭാഷാ തിയറ്ററും പ്രദർശനവും ലാബും ഗെയിം സോണുമുണ്ട്‌. ഗെയിം സോണിൽ ഗണിതത്തിലെ വിവിധ കളികളാണ്. കളിക്കുന്നതും കളിപ്പിക്കുന്നതും കുട്ടികൾ. സയൻസ് ലാബിൽ ശാസ്ത്രാത്ഭുതങ്ങൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പരിചയപ്പെടുത്തുന്നതും അവർ തന്നെ. പഠനോത്സവം തളിപ്പറമ്പ് സൗത്ത് ബിആർസി കോ–-ഓഡിനേറ്റർ സി കെ രേഷ്മ ഉദ്ഘാടനംചെയ്തു. എ പി സുചിത്ര, എം ഗീത, ടി പി പ്രശാന്ത്, നിഷ്കൃത, സൗമ്യ പ്രശാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home