കണ്ണൂരിലെ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ അന്വേഷക മികവ്
6 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍

കണ്ണൂർ
സംസ്ഥാനത്തെ നടുക്കിയ കണ്ണൂരിലെ എക്സിക്യൂട്ടീവ് ട്രെയിൻ തീവയ്‌പ്പ് കേസ് പഴുതടച്ച അന്വേഷണത്തിലൂടെ തെളിയിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ. കണ്ണൂർ ടൗൺ ഇൻസ്പെക്ടറായിരുന്ന പി എ ബിനുമോഹൻ, സൈബർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ബിജു പ്രകാശ്, കണ്ണൂർ റെയിൽവേ ഇൻസ്പെക്ടറായിരുന്ന കെ വി ഉമേശൻ, എഎസ്ഐ സി രഞ്ജിത്ത്, എസ്‌സിപിഒ സി പി നാസർ, സിപിഒ കെ പി രാജേഷ് എന്നിവരാണ് ബാഡ്ജ് ഓഫ് ഓണറിന് അർഹരായത്. 2023 ജൂൺ ഒന്നിന് പുലർച്ചെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിർത്തിയിട്ട ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന് തീവച്ചത്. തുടക്കത്തിൽ ധാരാളം സംശയങ്ങൾ ഉയർന്ന സംഭവത്തിന്റെ അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എൻഐഎ ഉൾപ്പടെയുള്ള ദേശീയ ഏജൻസികളും സംഭവത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. സിസിടിവി ക്യാമറയിൽനിന്ന് ഭിക്ഷാടനം നടത്തുന്ന ഒരാളാണ് തീവച്ചതെന്ന് സൂചന ലഭിച്ചു. പിന്നീട് പ്രതി പ്രസൂൺജിത്ത് സിക്തറിനെ കസ്റ്റഡിയിലെടുത്ത് വിരലടയാളം യോജിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. രണ്ടും ഒരാളുടെതെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റവും സമ്മതിച്ചു. യാചിച്ചപ്പോൾ ആരും പണം നൽകാത്തത്തിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് ഇയാൾ ട്രെയിനിന് തീയിട്ടത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം എസിപിയായിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പ്രതിയെ പിടികൂടി കേരള പൊലീസിന്റെ കുറ്റാന്വേഷണ മികവ് അടയാളപ്പെടുത്തുകയായിരുന്നു.
0 comments