പയ്യന്നൂരിൽ ഇന്ന് കലാശപ്പോരാട്ടം

പയ്യന്നൂർ
പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡവലപ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ടി ഗോവിന്ദൻ അഖിലേന്ത്യാ വോളി ഞായറാഴ്ച സമാപിക്കും. ആയിരങ്ങളെ സാക്ഷിയാക്കി നടന്ന വനിതാ വിഭാഗം മത്സരത്തിൽ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള കമ്പൈൻഡ് യൂണിവേഴ്സിറ്റി, രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇൻകംടാക്സ് ബംഗളൂരുവിനെ കീഴ്പ്പെടുത്തി. സ്കോർ : 25 -–- 17, 16 -–- 25, 18 –--25, 25 –- -20 , 15 –-- 9. വോളി പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ആക്രമണ പ്രത്യാക്രമണങ്ങളും ശക്തമായ പ്രതിരോധങ്ങളും കാണികളിൽ ആവേശം നിറച്ചു. എസ് പ്രിയങ്കയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി താരങ്ങളുമായി കളത്തിലിറങ്ങിയ ഇൻകം ടാക്സ് ബംഗളൂരു, യൂണിവേഴ്സിറ്റിയുടെ പ്രതിരോധനിരക്ക് മുന്നിൽ പതറി. ക്യാപ്റ്റൻ പ്രിയങ്ക മികച്ച സെറ്റിങ്ങിലൂടെ ടീമിനെ നയിച്ചെങ്കിലും സർവുകളും സ്പൈക്കുകളും സഹതാരങ്ങൾ പാഴാക്കി. നാലാമതു മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയാണ് ടീമിന്റെ മടക്കം. കളിയിലെ മികച്ച താരമായി പ്രിയങ്കയെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗം സെമി ഫൈനൽ മത്സരത്തിൽ ഇൻകം ടാക്സ് ചെന്നൈ മുംബൈ സ്പൈക്കേഴ്സുമായി ഏറ്റുമുട്ടി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ, ടി വി രാജേഷ്, സി സത്യപാലൻ എന്നിവർ മുഖ്യാതിഥികളായി . ഞായറാഴ്ച വൈകിട്ട് ഏഴിന് വനിതാ വിഭാഗം മത്സരത്തിൽ കമ്പൈൻഡ് യൂണിവേഴ്സിറ്റിയും സതേൺ സെൻട്രൽ റെയിൽവേയും ഏറ്റുമുട്ടും. പുരുഷ വിഭാഗം ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സ് ശനിയാഴ്ചത്തെ വിജയികളെ നേരിടും.
0 comments