പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൂടുതൽ അതിഥികൾ
ചാർട്ടേഡ് വിമാനത്തിൽ ജിറാഫ് തൃശൂരിലേക്ക്

പുത്തൂർ സുവോളജിക്കൽ പാർക്കിൽ വിദേശത്തു നിന്ന് എത്തുന്ന മൃഗങ്ങൾക്ക് താമസിക്കാനായി ഒരുക്കിയ ഇടം
കെ എ നിധിൻ നാഥ്
Published on Oct 01, 2025, 12:15 AM | 1 min read
തൃശൂർ
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാകും. മൃഗങ്ങളെ കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള സാങ്കേതിക ബിഡ് പൂർത്തിയായി. ആദ്യഘട്ടമായി നാല് വീതം ജിറാഫ്, സീബ്ര, ആഫ്ര-ിക്കൻ മാൻ വർഗത്തിൽപ്പെട്ട ഇലാന്റ, ഗ്രീൻ അനാകോണ്ട എന്നിവയെയാണ് കൊണ്ടുവരുന്നത്. നാല് തരത്തിലുള്ള 16 മക്കാവോയും കൊക്കാട്ടുവും ആദ്യഘട്ടത്തിൽ പുത്തൂരിലെത്തും. ജനുവരിയിൽ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമ്പോൾ ‘വിദേശ അതിഥി’കളെയും സന്ദർശകർക്ക് കാണാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് പാര്‍ക്കില്‍ ഒരുക്കുന്നത്. ഇവയ്‌ക്കായുള്ള ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണിന്റെ നിർമാണം പൂർത്തിയായി. വിദേശത്തുനിന്ന് പക്ഷി മൃഗാദികളെ പരമാവധി വേഗത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സുവോളജിക്കൽ പാർക്ക് അധികൃതർ. മൂന്ന് ഏജൻസികൾ ഇതിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ഏജൻസി മൃഗങ്ങളെ കണ്ടെത്തിയശേഷം അധികൃതർ ഇവയെ പരിശോധിക്കും. ഇതിനുശേഷമാണ് ഇവിടേക്ക് എത്തിക്കുക. പുത്തൂരിലെത്തിക്കാനുള്ള മൃഗങ്ങളെ തെരഞ്ഞെടുത്താൽ അവയെ രണ്ട് മാസം ക്വാറന്റൈൻ ചെയ്യും. അവയ്‌ക്ക് അസുഖമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൊണ്ടുവരിക. കേന്ദ്ര സർക്കാർ അനുമതിയും ആവശ്യമാണ്. വിമാനത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് കൊണ്ടുവരിക. അനാകോണ്ട, കൊക്കാട്ടു, തുടങ്ങിയവയെ എളുപ്പത്തിൽ കൊണ്ടുവരാനാകും. വലുപ്പം കുറവായതിനാൽ സാധാരണ വിമാനങ്ങളിൽ ഇവയെ മാറ്റാം. എന്നാൽ, ജിറാഫിനെ കൊണ്ടുവരുന്നത് പ്രയാസകരമാണ്. ചാർട്ടേഡ് വിമാനത്തിൽ പ്രത്യേക ബോക്‌സ് സജ്ജീകരിച്ചാണ് ഇവയെ കൊണ്ടുവരിക. ഇന്ത്യയിൽ എത്തിച്ചശേഷം വീണ്ടും ഇവയെ ഒരു മാസം ക്വാറന്റൈൻ ചെയ്യും. അതിനു ശേഷമാണ് പുത്തൂരിലെത്തിക്കുക. പക്ഷി മൃഗാദികൾക്ക് അസുഖമുണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അറിയാനാകും. അതിനാലാണ് രണ്ടിടത്തായി ക്വാറന്റൈൻ ചെയ്യുന്നത്.









0 comments