റോഡില്‍ കേടായ വാഹനം കാട്ടാനക്കൂട്ടം നശിപ്പിച്ചു

കാട്ടാനക്കൂട്ടം തകർത്ത വാഹനം
ചാലക്കുടി
റോഡില്‍ കേടായി കിടന്ന വാഹനം കാട്ടാനക്കൂട്ടം നശിപ്പിച്ചു. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് തകര്‍ത്തത്. വെള്ളി വൈകിട്ടോടെയാണ് ആക്‌സിലൊടിഞ്ഞതിനെ തുടര്‍ന്ന് വാഹനം മലക്കപ്പാറ റോഡില്‍ വാച്ചുമരത്തിന് സമീപം ആനമുക്കില്‍ ഒതുക്കിയിട്ടത്. വാഹനം നന്നാക്കുന്നതിനായി സഞ്ചാരികള്‍ മെക്കാനിക്കിനെ അന്വേഷിച്ച് പോയി. എന്നാല്‍ മെക്കാനിക്കിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ പുളിയിലപ്പാറയില്‍ തങ്ങി. ശനി രാവിലെ തിരിച്ചെത്തിയപ്പോഴാണ് കാട്ടാന വാഹനം തകര്‍ത്ത നിലിയില്‍ കണ്ടത്. റോഡിന്റെ വലതു ഭാഗത്ത് പാര്‍ക്ക് ചെയ്ത വാഹനത്തെ കാട്ടാനക്കൂട്ടം ഇടതുഭാഗത്തേക്ക് നീക്കിയിട്ട നിലയിലായിരുന്നു. വാഹനം പൂര്‍ണമായും നശിച്ച നിലയിലാണ്. കാട്ടാനക്കൂട്ടമിറങ്ങുന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതാണ് വിനയായി മാറിയത്. സംഭവ സ്ഥലത്തിന് തൊട്ടടുത്ത് വനംവകുപ്പിന്റെ ഓഫീസുണ്ടായിട്ടും വാഹനത്തിലുണ്ടായിരുന്നവര്‍ ഇവിടെ വിവരമറിയിക്കാന്‍ വിട്ടുപോയതാണ് വാഹനം കാട്ടാനക്കൂട്ടം നശിപ്പിക്കാന്‍ കാരണം. വനംവകുപ്പില്‍ വിവരമറിയിച്ചിരുന്നെങ്കില്‍ വനംവകുപ്പ് ജീപ്പില്‍ വാഹനംകെട്ടിവലിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാമായിരുന്നു. നേരത്തെയും സമാനരീതിയില്‍ മൂന്നുവാഹനങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.









0 comments