കാലില്‍ മുറിവേറ്റ കാട്ടനയ്‌ക്ക് ചികിത്സ നൽകി

കാലില്‍ മുറിവേറ്റ കാട്ടനയെ മയക്കുവെടി വച്ച് ചികിത്സ നൽകുന്നു
ചാലക്കുടി
കാലില്‍ മുറിവേറ്റ കാട്ടനയ്‌ക്ക് ചികിത്സ നൽകി വിട്ടയച്ചു. അതിരപ്പിള്ളി റേഞ്ചിലെ എരുമത്തടം ഭാഗത്താണ് കാട്ടാനയെ മയക്കുവെടി നല്കി ചികിത്സിച്ചത്. ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എരുമത്തടം ഭാഗത്ത് കാലില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 മുതല്‍ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ദൗത്യസംഘം ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്കാന്‍ വിദഗ്ധര്‍ നിര്‍ദേശം നല്കി. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ അനുമതി നല്കി. വെള്ളി രാവിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ എരുമത്തടം ഭാഗത്ത് ആനയെ കണ്ടെത്തി. ആദ്യവെടിയില്‍ തന്നെ മയങ്ങിയ ആനയെ പിടികൂടി 11.30ഓടെ ചികിത്സ നല്കി വിട്ടയക്കുകയും ചെയ്തു. പിന്നിലെ ഇടതുകാലിലാണ് വ്രണം രൂപപ്പെട്ടത്. ദൗത്യസംഘത്തില്‍ വാഴച്ചാല്‍ ഡിഎഫ്ഒ ഐ എസ് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, ഷോളയാര്‍ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വെറ്ററിനറി ഓഫീസര്‍മാരായ ഡോ. ഡേവിഡ് അബ്രഹാം, ഡോ. ഒ വി മിഥുന്‍, ഡോ. ബിനോയ് സി ബാബു എന്നിവരും നാൽപ്പതോളം വനപാലകരുമുണ്ടായി. ആനയുടെ നില തൃപ്തികരമാണെന്ന് ദൗത്യസംഘം അറിയിച്ചു. ആനയെ നിരീക്ഷിക്കാനും സംഘത്തെ നിയോഗിച്ചിട്ടുണ്ട്.









0 comments