ഓണക്കാലത്ത് മികച്ച ഭക്ഷണ വിപണി ഒരുക്കും

തൃശൂർ
സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് സംസ്ഥാനത്തെമ്പാടും മികച്ച ഭക്ഷണ വിപണികൾ ആരംഭിക്കാൻ തൃശൂരിൽ ചേർന്ന സംയോജിത കൃഷി ക്യാമ്പയിൻ ശിൽപ്പശാല തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പച്ചക്കറി കൃഷി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് പ്രാദേശിക കേന്ദ്രങ്ങളിൽ ചുരുങ്ങിയത് രണ്ടുകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് കൂട്ടായ കൃഷി ആരംഭിക്കും. പരമാവധി വീടുകളിൽ ഏതെങ്കിലും ഒരിനം പച്ചക്കറിയെങ്കിലും ഉൽപ്പാദിപ്പിക്കാനുള്ള പിന്തുണ ക്യാമ്പയിന്റെ ഭാഗമായി നൽകും. മാതൃകാപരമായി ഓണക്കാല കൃഷി ഏറ്റെടുക്കുന്ന ഗ്രൂപ്പുകളേയും വ്യക്തികളെയും ആദരിക്കാനും തീരുമാനിച്ചു. അടുത്ത ഒരുവർഷക്കാലം സംയോജിത കൃഷി ക്യാമ്പയിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തന പദ്ധതിക്കും രൂപം നൽകി. ശിൽപ്പശാല മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആലപ്പുഴ ജില്ലാ സെക്രട്ടറി ഹരിശങ്കർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ, കേരള കാർഷിക സർവകലാശാല മുൻ പ്രൊഫസർ ഡോ. സി ഭാസ്കരൻ, സംസ്ഥാന സാങ്കേതിക സമിതി കൺവീനർ ഡോ. കെ എസ് ഹിരോഷ് കുമാർ, സംസ്ഥാന സാങ്കേതിക സമിതി അംഗങ്ങളായ കെ ശിവകുമാർ, പി വി ജിൻരാജ്, അനിരുദ്ധൻ, ദിനേശൻ, റോമിയോ സെബാസ്റ്റ്യൻ, ആശാ വർഗീസ്, കെ സി വിക്രമൻ, എം ബാലാജി, സുനിൽ മുഹമ്മദ്, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. കാർഷിക കേരളം ജനകീയ ഇടപെടൽ എന്ന മുദ്രാവാക്യത്തോടെ 2014 ൽ ആരംഭിച്ച ജനകീയ ജൈവ കൃഷി ക്യാമ്പയിനാണ് സംയോജിത കൃഷി ക്യാമ്പയിൻ ആയി വികസിപ്പിച്ചത്.
0 comments