ബ്രസീലിനായി വലപ്പാടൊരു ഹോട്ടൽ

വലപ്പാട് ഹൈസ്‌കൂളിനു സമീപത്തെ സുനിലിന്റെ ബ്രസീൽ ഹോട്ടൽ
സി എസ് സുനിൽ
Published on Jun 10, 2026, 12:42 AM | 1 min read
വലപ്പാട്
ബ്രസീൽ ആരാധകർക്കായി വലപ്പാട് ഹൈസ്‌കൂളിനു സമീപം എന്നും ഒരിടമുണ്ട്. ബ്രസീലിന്റെ വിജയങ്ങളിൽ സന്തോഷിക്കുകയും തോൽവികളിൽ നിരാശരാകുകയും ചെയ്യുന്നവർക്ക് ഒത്തുചേരാനുള്ള ഇടമാണ് ബ്രസീൽ ഹോട്ടൽ. ബ്രസീലിന്റെ ആരാധകനായ സുനിൽ തന്റെ ഹോട്ടലിനും ഇഷ്ട ടീമിന്റെ പേര് നൽകുകയായിരുന്നു. തന്റെ ഇഷ്ടം പിന്നീട് നാടിന്റെയാകെ ആവേശമായി മാറി. പതിറ്റാണ്ടായി ലോകകപ്പ് ഫുട്ബോൾ പ്രേമികളുടെയും പ്രത്യേകിച്ച് ബ്രസീൽ ടീം ആരാധകരുടെയും ഇടമായി വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള ബ്രസീൽ ഹോട്ടൽ മാറി. ബ്രസീലിനോടുള്ള ആരാധന മൂത്ത ഞാറ്റുവെട്ടി സുനിൽ നാട്ടുകാർക്ക് ബ്രസീൽ സുനിയായി. കാലങ്ങളായി തന്റെ അച്ഛൻ നടത്തിവന്ന ഹോട്ടലിന് സുനിൽ ബ്രസീൽ എന്ന പേര് നൽകി. എന്നാൽ ആരാധന അതിൽ ഒതുങ്ങിയില്ല. ബ്രസീൽ പതാകയുടെ മഞ്ഞയും പച്ചയും നിറം കൂടി ഹോട്ടലിന് നൽകിയാണ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. ബ്രസീൽ മത്സര ദിവസങ്ങളിൽ ടീമിന്റെ ജെഴ്സിയണിഞ്ഞാണ് രാവിലെ മുതൽ സുനിൽ ഹോട്ടലിൽ ഉണ്ടാവുക. കൂടാതെ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ എല്ലാ ഫുട്ബോൾ ലോകകപ്പിനും ബിഗ് സ്ക്രീൻ ഗാലറിയിൽ ബ്രസീലിന്റെ മത്സരം നടക്കുമ്പോൾ പതാകയുടെ നിറത്തിൽ മഞ്ഞക്കപ്പയും പച്ച നിറത്തിലുള്ള കാന്താരിമുളക് ചമ്മന്തിയും നൽകും. കട്ടൻ ചായയും സൗജന്യമായി നൽകുക പതിവാണ്. ആദ്യകാല ബ്രസീൽ കളിക്കാരായ ദുംഗ, റൊമാരിയോ, റൊണാൾഡോ തുടങ്ങി നെയ്‌മർ വരെ എത്തി നിൽക്കുന്നു സുനിയുടെ ബ്രസീൽ പ്രേമം. ഫുട്ബോൾ കളിക്കാരൻ കൂടിയായ സുനിക്ക് ലോകകപ്പ് എത്തിയാൽ ആവേശത്തിന്റെ ദിവസങ്ങളാണ്.









0 comments