വാ, വായിക്കാം പദ്ധതി; പുസ്തക വിതരണം

പുഴയ്ക്കൽ
വായനാശീലം വളര്‍ത്തിയെടുക്കാന്‍ ജില്ലയില്‍ ‘വാ, വായിക്കാം'പദ്ധതി തുടങ്ങി. കോലഴി പഞ്ചായത്തിലെ 176–--ാം നമ്പര്‍ ആട്ടോര്‍ അങ്കണവാടിയിൽ പദ്ധതിയിലേക്കുള്ള പുസ്തകങ്ങള്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിതരണം ചെയ്തു. പുസ്തകങ്ങളോടൊപ്പം കുട്ടികള്‍ക്ക് മധുരവും ക്രയോണ്‍സും നല്‍കിയാണ് കലക്ടര്‍ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അങ്കണവാടികളെ കേന്ദ്രീകരിച്ച് ത്രീ-ജി (ത്രീ ജനറേഷന്‍) അങ്കണവാടി എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതിയാണ് ‘വാ വായിക്കാം’. കുട്ടികള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്കുമായി ഓരോ അങ്കണവാടികളിലും ഓരോ വായനശാല എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ നിന്നും 30 അങ്കണവാടികളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ സുനിത വിജയഭാരത്, ഉഷ രവിന്ദ്രന്‍, അങ്കണവാടി വർക്കർമാരായ വിജയകുമാരി, സുബി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു എന്നിവർ സംസാരിച്ചു.
0 comments