Deshabhimani

ജനസാഗരം സാക്ഷ്യം; തുടരും

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ തെക്കേ ഗോപുര നടയിൽ നടന്ന എൽഡിഎഫ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ 
ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on May 15, 2025, 12:47 AM | 1 min read

തൃശൂർ

പൂരത്തിന്‌ ശേഷം ജനമൊഴിഞ്ഞ തേക്കിൻകാട്‌ മൈതാനത്തിൽ വീണ്ടും ജനസാഗരം സൃഷ്ടിച്ച്‌ എൽഡിഎഫ്‌ റാലി. നവകേരള സൃഷ്ടിയിലേക്ക്‌ കുതിക്കുന്ന രണ്ടാം എൽഡിഎഫ്‌ സർക്കാരിനോടുള്ള തൃശൂരിന്റെ ഐക്യദാർഢ്യമായി ബഹുജനറാലി മാറി. കേന്ദ്ര സർക്കാർ കേരളത്തിനെ സാമ്പത്തികമായി ഞെരുക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ക്ഷേമ–- വികസന പദ്ധതികൾ തങ്ങൾക്കേകിയ ആശ്വാസത്തിന്റെ അക്ഷരാർഥത്തിലുള്ള ജനസാക്ഷ്യമായിരുന്നു റാലി. തൊഴിലാളികൾ, കുട്ടികൾ, വിദ്യാർഥികൾ, സ്‌ത്രീകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ റാലിയിലേക്ക്‌ ഒഴുകിയെത്തി. മുഖ്യമന്ത്രി ചടങ്ങിനെത്തിയതോടെ ജനം ആരവമുയർത്തി. പ്രതിസന്ധികളെ അതിജീവിച്ച്‌ രാജ്യത്തിന്‌ മാതൃകയായ ഇടത്‌ബദൽ സൃഷ്ടിയുമായി മുന്നേറുന്ന സർക്കാരിനെതിരെ നടക്കുന്ന പ്രതിപക്ഷ–- മാധ്യമ നുണ പ്രചാരണത്തിനെതിരായ പ്രതിരോധമായും റാലി മാറി. കേന്ദ്രീകൃത റാലി ഒഴിവാക്കിയെങ്കിലും സർക്കാരിനുള്ള പിന്തുണയായി ചെറു സംഘങ്ങളായി ചെങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കി തേക്കിൻകാട്‌ മൈതാനിയിലേക്ക്‌ ഒഴുകിയെത്തിയപ്പോൾ മനുഷ്യക്കടലായി മാറി. കാവടിയും വാദ്യമേളങ്ങളും അകമ്പടിയായി. പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്‌- അധ്യക്ഷനായി. മന്ത്രി കെ രാജൻ, ജനതാദൾ (എസ്‌) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ തെറ്റയിൽ, കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്‌ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സ്വാഗതവും കോൺഗ്രസ്‌(എസ്‌) ജില്ലാ പ്രസിഡന്റ്‌ സി ആർ വത്സൻ നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, മന്ത്രി ആർ ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, എം എം വർഗീസ്‌, യുജിൻ മൊറേലി (ആർജെഡി), ഷബീൽ ഐദ്റൂസി തങ്ങൾ (നാഷണൽ ലീഗ്‌), സി എൽ ജോയി (എൻസിപി), ഷൈജു ബഷീർ (കേരള കോൺഗ്രസ്‌–- ബി), പോൾ എം ചാക്കോ (കേരള കോൺഗ്രസ്‌ സ്‌കറിയ), മുഹമ്മദ്‌ ചാമക്കാല (ഐഎൻഎൽ), ടി ഗോപിനാഥൻ (ജനാധിപത്യ കേരള കോൺഗ്രസ്‌ ) തുടങ്ങി ജില്ലയിലെ എൽഡിഎഫ്‌ നേതാക്കളും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home