മഴ ശക്തം ; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

തൃശൂർ
വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ കൂടുതൽ ഡാമുകൾ തുറക്കുന്നു. നിലവിൽ ചിമ്മിനി, വാഴാനി, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. വെള്ളിയാഴ്‌ച പീച്ചി ഡാമിൽ വൈദ്യുതി ഉൽപ്പാദന നിലയം റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടും. ഷോളയാർ ഡാമിന്റെ സംഭരണശേഷി 2663 അടിയാണ്. നിലവിൽ 2618.10 അടി വെള്ളമുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ 423.98 മീറ്റർ ജലനിരപ്പിൽ 420.30 മീറ്റർ ജലമാണുള്ളത്. ഡാമിൽ നിന്ന് ഏഴ് ക്രെസ്‌റ്റ് ഗേറ്റ് തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. വാഴാനി ഡാമിൽ 62.48 മീറ്ററാണ് പരമാവധി ശേഷി. നിലവിൽ 54.75 മീറ്ററാണ്. പീച്ചിയിൽ 79.25 മീറ്ററാണ് ശേഷി. നിലവിൽ 72.95 മീറ്റർ ജലമുണ്ട്. ശക്തമായ മഴയെത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിലാണ് വെള്ളം തുറന്നുവിടുന്നത്. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പ് 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ചിമ്മിനി ഡാമിൽ 76.40 മീറ്ററാണ് പരമാവധി ജലനിരപ്പ്. 68.67 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 12.72 ഘന മീറ്റർ ജലം ഡാമിന്റെ രണ്ട് സ്ലൂയിസ് വാൽവുകളിലൂടെ തുറന്ന് വിടുന്നുണ്ട്. കെഎസ്ഇബി, ഇറിഗേഷൻ വാൽവുകളിലൂടെ 6.36 ഘനമീറ്റർ വീതം ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2.5 മെഗാ വാട്ട് ജലവൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്.
0 comments