ഉദ്‌ഘാടനം ഇന്ന്
ലഹരിക്കെതിരെ ശിൽപ്പവുമായി പൊലീസ്

തൃശൂർ
ലഹരിക്കെതിരെ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ശിൽപ്പം . വെള്ളി രാവിലെ 10ന് മേയർ എം കെ വർഗീസ് ഉദ്‌ഘാടനം ചെയ്യും. പൊലീസിന്റെ നേതൃത്വത്തിലാണ് ശിൽപ്പം നിർമിച്ചത്. വിദ്യാർഥിക്ക് ലഹരി ഭീകരനിൽ നിന്ന് സംരക്ഷണ കവചം നൽകുന്ന പൊലീസെന്ന ആശയത്തിലാണ് ശിൽപ്പം. ലഹരിക്കെതിരെയുള്ള രാജ്യത്തെ ഏറ്റവും വലിയ ശിൽപ്പമാണിത്. 40 അടി നീളവും 18 അടി ഉയരമുണ്ട്. 90 ശതമാനവും വാഹനങ്ങളുടെ സ്‌പെയർ പാർട്സ് കൊണ്ടാണ് നിർമാണം. ശിൽപ്പം നിർമിക്കാൻ ഏകദേശം മൂന്നര ടൺ ഇരുമ്പാണ് ഉപയോഗിച്ചത്. തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകനാണ് 2023 ജൂണിൽ ഷാഡോ പൊലീസ് എസ്‌ഐയായിരുന്ന എൻ ജി സുവ്രത കുമാറിനോട് തൃശൂരിൽ ശിൽപ്പം വേണമെന്ന ആശയം പങ്കിട്ടത്. ശിൽപ്പം ഡിസൈൻ ചെയ്ത് കമീഷണറെ കാണിച്ച് അംഗീകാരവും വാങ്ങി. മേയർ എം കെ വർഗീസിനെ സമീപിച്ചതിനെ തുടർന്ന് വടക്കേ ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലം അനുവദിച്ചു. ഡാവിഞ്ചി സുരേഷാണ് ശിൽപ്പി. ഐസിഎൽ ഫിൻകോർപ്പാണ് ശിൽപ്പത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. 2024 ജൂണിൽ നിർമാണം ആരംഭിച്ചു. 18 ലക്ഷം രൂപ ശിൽപ്പത്തിന് ചെലവായി.
0 comments