Deshabhimani

പുതുക്കാട് ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ഫ്ലവർ മിൽ കത്തിനശിച്ചു

പുതുക്കാട് റോയൽസ് ഫ്ലവർ മില്ലിലെ തീപിടിത്തം
വെബ് ഡെസ്ക്

Published on May 15, 2025, 12:43 AM | 1 min read

പുതുക്കാട്

താഴത്ത് രാജന്റെ ഉടമസ്ഥതയിൽ ബസാർ റോഡിലുള്ള റോയൽസ് മില്ലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ കത്തി നശിച്ചത്. രണ്ട് നിലകളിലുള്ള കെട്ടിടത്തിലെ യന്ത്രസാമഗ്രികളും മില്ലിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിന്റെ പുറകുവശത്തുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ വീട്ടുകാരാണ് തീപടരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫോഴ്‌സാണ് രാത്രി ഒന്നരയോടെ തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് ഫയർഫോഴ്സിലെ സീനിയർ ഫയർ ആൻഡ്‌ റെസ്ക്യു ഓഫീസർ ടി ജി ജയകുമാറിന്റെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്. പുതുക്കാട് പൊലീസും. നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കെ. കെ രാമചന്ദ്രൻ എം എൽ എ, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home