ആമസോൺ വനത്തെ പുനഃസൃഷ്ടിച്ച് പ്രജീഷ് ജനൻ

പ്രജീഷ് ജനൻ വീട്ടുവളപ്പിലെ തോട്ടത്തിൽ
സി എസ് സുനിൽ
Published on Jan 04, 2026, 12:11 AM | 1 min read
തൃപ്രയാർ
ആമസോൺ വനത്തെ നാട്ടിൻപുറത്ത് പുനഃസൃഷ്ടിക്കുകയാണ് പാലക്കൽ അടിലക്കുഴി വീട്ടിൽ പ്രജീഷ് ജനൻ. ആമസോ ൺ പഴച്ചെടികൾ സ്വന്തം വീട്ടുവളപ്പിൽ നട്ട് വ്യത്യസ്തനാവുകയാണ് ഇൗ പഞ്ചായത്ത് ജീവനക്കാരൻ. വേറിട്ട രുചിയും ഗുണവുമുള്ള 275 ഇനം വിദേശപ്പഴച്ചെടികൾ ഇവിടെയുണ്ട്. പൗറോമ സെക്രോപിഫോളിയ (ആമസോൺ ട്രീ ഗ്രെയ്‌പ് ) എന്നത് പൗറോമയുടെ ഒരു ഇനമാണ്, ഇത് ഉഷ്ണമേഖലയായ തെക്കേ അമേരിക്കയിൽ കണ്ടുവരുന്നതാണ്. വടക്കൻ ബൊളീവിയ, പടിഞ്ഞാറൻ ബ്രസീൽ, തെക്കുകിഴക്കൻ കൊളംബിയ, കിഴക്കൻ ഇക്വഡോർ, കിഴക്കൻ പെറു, തെക്കൻ വെനിസ്വേല എന്നിവിടങ്ങളിലും പടിഞ്ഞാറൻ ആമസോൺ തടത്തിലും ഇവ കാണപ്പെടുന്നുണ്ട്. ഓസ്ട്രേലിയയിൽനിന്നെത്തിച്ച ഡേവിഡ്‌സൺസ് പ്ലം, (ഡേവിഡ്സോണിയ പ്രൂറി യൻസ്) ഈയിടെ വിളഞ്ഞു 175 ഇനം മരമുന്തിരി ചെടികൾ ഉള്ള പ്രജീഷിന്റെ തോട്ടത്തിൽ ബ്രസീൽ, ഇക്വഡോർ, കൊളംബിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന 40 ഇനം പൗട്ടേരിയ, രണ്ട് കിലോ വരെ തൂക്കമുള്ള മാമി സപ്പോട്ട, പൗട്ടേരിയ ബ്യൂട്ടിയോ കാർപ്പ്, പോട്ടേറിയ ഗാർഡനേ റി മൈക്രോകാർപ്പ, ഗ്രാൻഡ് ഫ്ലോറ, പഞ്ചിഗാലക്സി, അസമി ഫ്ലോറ, സാൽസി ഫോളിയ തുടങ്ങിയവയുണ്ട്. എട്ടുകൊല്ലം മുമ്പ് ബ്രസീലിലെ ജംബോട്ടിക്കാബ തോട്ടത്തിന്റെ വീഡിയോ കണ്ടാണ് പ്രജീഷ് പഴച്ചെടി കൃഷിരംഗത്ത് ചുവടുറപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിദഗ്‌ധർ ഉൾപ്പെട്ട 'പ്ലീനിയ ഗ്രോവേഴ്സ്' എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് മുഖേന വിവിധ വിത്തും ചെടികളും വീട്ടിലെത്തിച്ചു. ഹാരി ലോറൻസി രചിച്ച 'ഫ്രൂട്ടാസ് നോ ബ്രസീൽ' എന്ന പുസ്തകവും വഴികാട്ടിയായി. ലോകത്തിൽ ഏറ്റവും കൂടുതൽ ഫലവർഗങ്ങളുടെയും വിത്തുകളുടെയും ചെടികളുടെയും ശേഖരമുള്ള ജർമൻകാരനായ സെല്ലാമി മുഹമ്മദ് അടക്കമുള്ള വിദേശികൾ നൽകുന്ന പിന്തുണയും മുതൽക്കൂട്ടായി. നാട്ടിക പഞ്ചായത്ത് സീനിയർ ക്ലാർക്കായി ജോലി ചെയ്യുകയാണ് പ്രജീഷ് ജനൻ. 31 സെന്റ് സ്ഥലത്ത് വലിയ പ്ലാസ്റ്റിക് പാത്രങ്ങളിലും സിമന്റ് റിങ്ങിലുമായി അധികം ഉയരം വരാത്ത വിധം വെട്ടിനിർത്തിയാണ് കൃഷി ചെയ്യുന്നത്. പിന്തുണയായി അമ്മ പ്രേമയും ഉണ്ട്.










0 comments