വിവാഹ ഹാളിലെ ആക്രമണം: 2 പ്രതികൾ റിമാൻഡിൽ

കൊടുങ്ങല്ലൂർ
വിവാഹ ചടങ്ങിനിടെ നാലുപേരെ ആക്രമിച്ച കേസിലെ രണ്ട് പ്രതികൾ റിമാൻഡിൽ. എറിയാട് സ്വദേശികളായ പഴുവിൻ തുരുത്തി വീട്ടിൽ ഫഹദ് (30), കോത്തേഴത്ത് വീട്ടിൽ ഷിഹാബ് (30) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. എറിയാട് ചൈതന്യ നഗറിലുള്ള ഹാളിൽ ഈ മാസം നാലിന് രാത്രി എട്ടിനായിരുന്നു സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ നടക്കുമ്പോൾ ഹാളിലെ കസേരകൾ പ്രതികൾ തട്ടിത്തെറിപ്പിച്ചത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താലാണ് നാലുപേരെ ആക്രമിച്ചത്. എറിയാട് സ്വദേശികളായ ചൈതന്യ നഗറിലെ അണ്ടുരുത്തി വീട്ടിൽ റിജിൽ, തളിക്കൽ വീട്ടിൽ ദീപു, പേട്ടിക്കാട്ടിൽ വീട്ടിൽ വിഷ്ണു, രാമൻതറ വീട്ടിൽ വിശാഖൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒളിവിൽ പോയ രണ്ട് പ്രതികളും കോടതിയിൽ ഹാജരാകുകയായിരുന്നു. ഈ കേസിൽ നേരത്തേ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 comments