ഇനി ടൂറിസ്‌റ്റുകളെക്കൊണ്ടും പറയിപ്പിക്കരുത്
മൂന്നാറിലെ മാലിന്യം നീക്കൂ, പ്ലീസ്

മൂന്നാർ ടൗണിൽ മെയിൻ ബസാറിൽ കെട്ടിക്കിടക്കുന്ന മാലിന്യം
മൂന്നാർ
വിനോദസഞ്ചാര കേന്ദ്രം കൂടിയായ മൂന്നാറിൽ മാലിന്യം നീക്കം അവതാളത്തിൽ. ടൗണിന്റെ മുക്കിലും മൂലയിലും മാലിന്യം കുന്നുകൂടി കിടക്കുന്നു. ഇവ നീക്കം ചെയ്യുന്നതിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് വ്യാപാരികൾക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്. മിക്ക സ്ഥാപങ്ങളുടെയും മുമ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുണ്ട്. നേരത്തെ സ്ഥാപനങ്ങിളിലെത്തി മാലിന്യങ്ങൾ പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ള തൊഴിലാളികൾ ശേഖരിച്ചു വന്നിരുന്നു. എന്നാലിപ്പോൾ സ്ഥാപന നടത്തിപ്പുകാരുടെ മാലിന്യം പഞ്ചായത്ത് വാഹനം നിർത്തിയിടുന്ന സ്ഥലത്ത് എത്തിക്കണം. മൂന്നാർ ടൗൺ മെയിൽ ബസാറിലും ജിഎച്ച് റോഡ്, മാട്ടുപ്പെട്ടി കവല, കൂടാതെ പഴയ മൂന്നാർ ഹെഡ് വർക്ക്സ് ഡാം മുതൽ മൂന്നാർ ടൗൺ വരെ റോഡരികിലുമാണ് മാലിന്യം കൂടി കിടക്കുന്നത്. ഒരു മാസം മുമ്പ് നടന്ന കാർത്തിക ഉത്സവത്തിന് തമിഴ് നാട്ടിൽനിന്നും വ്യാപാരത്തിനായി കൊണ്ടുവന്ന കരിമ്പിന്റെ അവശിഷ്ടം ഇതേവരെയും നീക്കം ചെയ്‌തിട്ടില്ല. എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നല്ല നിലയിൽ നടന്നു വന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ താളം തെറ്റിയിരിക്കുന്നത്. ഭരണസമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയുമാണ് ഇതിനു കാരണം. വിദേശിയരും സ്വദേശിയരുമടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന മൂന്നാറിലെത്തുന്നത്. മാലിന്യം നീക്കം ചെയ്യാത്ത മൂന്നാർ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Related News

0 comments